ന്യൂഡല്‍ഹി: നഴ്‌സിങ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആസ്പത്രി അധികൃതര്‍ക്ക് നോട്ടീസയച്ചു.
ക്ലാസ് കോ-ഓഡിനേറ്റര്‍ സുഭാഷിണിയും വൈസ് പ്രിന്‍സിപ്പല്‍ നിര്‍മല സിങ്ങും ചേര്‍ന്ന് ആതിര എന്ന മൂന്നാം വര്‍ഷ ബി.എസ്‌സി നേഴ്‌സിങ് വിദ്യാര്‍ഥിനിയെ ശാരീരികമായി പീഡിപ്പിച്ചതായി നോട്ടീസില്‍ പറയുന്നു. വിദ്യാര്‍ഥിനിയെ നഗ്‌നയായി ഹോസ്റ്റലിലൂടെ നടത്തുമെന്ന് നിര്‍മല സിങ് ഭീഷണിപ്പെടുത്തിയതായും നോട്ടീസിലുണ്ട്.
സംഭവം പുറത്തറിഞ്ഞതോടെ ഇരുനൂറോളം വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ആസ്പത്രി അധികൃതര്‍ ഉത്തരവിട്ടിരുന്നു. അന്വേഷണറിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലാണുള്ളത്. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിലൂടെ തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പ്രൊഫഷണല്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്‍റ് മേരി ടീനു സെബാസ്റ്റ്യന്‍ പറഞ്ഞു.