Saturday, October 29, 2011

വല്ലാര്‍പാടത്ത്‌ 13 ടണ്‍ രക്‌തചന്ദനം പിടിച്ചു; പരിശോധകരെ തടഞ്ഞു

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലൂടെ വിദേശത്തേക്കു കള്ളക്കടത്തിനു കൊണ്ടുവന്ന ഒരു കണ്ടെയ്‌നര്‍ രക്‌തചന്ദനം ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) കസ്‌റ്റംസും ചേര്‍ന്നു പിടികൂടി. ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയുടെ സഹോദരന്‍ ടിസണ്‍ തച്ചങ്കരിയുടെ ഉടമസ്‌ഥതയിലുള്ള ഏഷ്യന്‍ ടെര്‍മിനല്‍സില്‍നിന്നു വല്ലാര്‍പാടത്തെത്തിച്ച കണ്ടെയ്‌നറിലാണു കോടികള്‍ വിലമതിക്കുന്ന രക്‌തചന്ദനം കണ്ടെത്തിയത്‌. രാജ്യാന്തരവിപണിയില്‍ ഒന്നേകാല്‍ കോടിയോളം രൂപ വിലമതിക്കുന്ന 13.25 ടണ്‍ രക്‌തചന്ദനമാണു പിടികൂടിയത്‌.

കള്ളക്കടത്തു വിവരമറിഞ്ഞെത്തിയ ഡി.ആര്‍.ഐ, കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ തുറമുഖത്തേക്കു കടക്കാന്‍ അനുവദിക്കാതെ സുരക്ഷാജീവനക്കാര്‍ തടഞ്ഞതു പരിശോധന മണിക്കൂറുകളോളം വൈകിച്ചു. സംശയമുള്ള കണ്ടെയ്‌നര്‍ പരിശോധിക്കാതെ മടങ്ങില്ലെന്നു ഡി.ആര്‍.ഐ. അധികൃതര്‍ ഉറച്ച നിലപാടെടുത്തതോടെ തുറമുഖ അധികൃതര്‍ക്കു വഴങ്ങേണ്ടിവന്നു. കണ്ടെയ്‌നറില്‍

അട്ടിയിട്ട നിലയിലായിരുന്നു രക്‌തചന്ദനത്തടികള്‍. കണ്ടെയ്‌നര്‍ വല്ലാര്‍പാടത്തെത്തിച്ച ലോറിയുടെ ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി ഷാബു, സഹായി ഉണ്ണിക്കൃഷ്‌ണന്‍ എന്നിവരെ ഡി.ആര്‍.ഐ. കസ്‌റ്റഡിയിലെടുത്തു. നിരവധി തവണ രക്‌തചന്ദനക്കേസുകളില്‍ പ്രതിയായ പാലക്കാട്‌ സ്വദേശി അനിലാണു കള്ളക്കടത്തിനു പിന്നിലെന്നാണു പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച വിവരം. ഇയാള്‍ ഒളിവിലാണ്‌. കസ്‌റ്റഡിയിലായ ഡ്രൈവറെയും സഹായിയെയും വിശദമായി ചോദ്യം ചെയ്യുന്നു. ഈമാസം രണ്ടു കണ്ടെയ്‌നര്‍ രക്‌തചന്ദനം ഇതേ തുറമുഖംവഴി വിദേശത്തേക്കു കടത്തിയെന്ന്‌ ഡി.ആര്‍.ഐക്കു വിവരം ലഭിച്ചു.

ആന്ധ്രാപ്രദേശിലെ കടപ്പയില്‍നിന്നാണു രക്‌തചന്ദനം കൊണ്ടുവന്നതെന്നാണു വിവരം. ഉള്ളിച്ചാക്കുകള്‍കൊണ്ടു മൂടിയാണു രക്‌തചന്ദനം കൊച്ചി വെല്ലിംഗ്‌ടണ്‍ ഐലന്‍ഡിലെ ഗോഡൗണിലെത്തിച്ചത്‌. റബര്‍ മാറ്റ്‌ നിറച്ച കണ്ടെയ്‌നറാണു കസ്‌റ്റംസ്‌ പരിശോധനയ്‌ക്കു വിധേയമാക്കിയത്‌. കസ്‌റ്റംസ്‌ മുദ്ര പൊട്ടിക്കാതെ പുറകിലെ വാതില്‍ അപ്പാടെ പൊളിച്ചുനീക്കിയാണു രക്‌തചന്ദനത്തടികള്‍ കണ്ടെയ്‌നറില്‍ നിറച്ചതെന്നാണു സംശയം.

തുടര്‍ന്ന്‌, വാതില്‍ യഥാസ്‌ഥാനത്തു പുനഃസ്‌ഥാപിച്ചു കണ്ടെയ്‌നര്‍ വല്ലാര്‍പാടം തുറമുഖത്തെത്തിക്കുകയായിരുന്നു. ഹോങ്കോംഗ്‌, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളിലേക്കാണു രക്‌തചന്ദനം കടത്തിയതെന്നാണു ഡി.ആര്‍.ഐക്കു ലഭിച്ച വിവരം.

കൊച്ചി തുറമുഖം വഴി രക്‌തചന്ദനക്കള്ളക്കടത്ത്‌ ഊര്‍ജിതമായെന്ന വിവരത്തേത്തുടര്‍ന്ന്‌ ഡി.ആര്‍.ഐ. നിരീക്ഷണം ശക്‌തമാക്കിയിരുന്നു. പാലക്കാട്‌ സ്വദേശി അനിലാണു കള്ളക്കടത്തിനു പിന്നിലെന്നും ടിസണ്‍ തച്ചങ്കരിയുടെ ഗോഡൗണ്‍വഴിയാണു കള്ളക്കടത്തു സാധനങ്ങള്‍ കടന്നുപോകുന്നതെന്നും ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി.

പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വല്ലാര്‍പാടം തുറമുഖത്തു കടക്കാന്‍ ഡി.ആര്‍.ഐ, കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അനുവദിക്കില്ലെന്നായിരുന്നു തുറമുഖത്തെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നിലപാട്‌. കള്ളക്കടത്തിനു തുറമുഖ അധികൃതരുടെ ഒത്താശയുണ്ടെന്ന സംശയത്തിലാണു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍.

പരിശോധന തടസപ്പെടുത്തിയതിനെതിരേ ഡി.ആര്‍.ഐ. അധികൃതര്‍ കൊച്ചി സിറ്റി പോലീസിനു പരാതി നല്‍കി. ഇതേത്തുടര്‍ന്ന്‌, വല്ലാര്‍പാടം തുറമുഖത്തെ സുരക്ഷാ ഉപദേശകന്‍ വി.ജി. ശശിധരന്‍, സുരക്ഷാ സൂപ്പര്‍വൈസര്‍ എം.എ. തോമസ്‌ എന്നിവര്‍ക്കെതിരേ മുളവുകാട്‌ പോലീസ്‌ കേസെടുത്തു. ഡി.ആര്‍.ഐ. ഉദ്യോഗസ്‌ഥര്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച്‌ സി.ഐ.എസ്‌.എഫ്‌. ഉദ്യോഗസ്‌ഥരും പരാതി നല്‍കി.

സംഭവത്തില്‍ പങ്കില്ലെന്നുകാട്ടി തലയൂരാനുള്ള തത്രപ്പാടിലാണു തുറമുഖ അധികൃതരും ദുബായ്‌ പോര്‍ട്‌സ് വേള്‍ഡും. തുറമുഖത്തിനു പുറത്താണു ഡി.ആര്‍.ഐ. കള്ളക്കടത്തു പിടിച്ചതെന്ന തെറ്റായ വാദമാണു തുറമുഖ അധികൃതര്‍ നടത്തിയത്‌. ഡി.ആര്‍.ഐ. ഉദ്യോഗസ്‌ഥരെ തടഞ്ഞതു സി.ഐ.എസ്‌.എഫാണെന്നും തങ്ങള്‍ക്കു പങ്കില്ലെന്നുമാണു ദുബായ്‌ പോര്‍ട്‌സ് വേള്‍ഡിന്റെ നിലപാട്‌