Saturday, October 29, 2011

അധ്യാപികയെ പീഡിപ്പിച്ച ഡി.വൈ.എഫ്‌.ഐ. നേതാവ്‌ പിടിയില്‍

തൃശൂര്‍: പരിചയക്കാരിയായ യുവതിയെ പ്രലോഭിപ്പിച്ച്‌ പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്‌.ഐ. നേതാവിനെ പേരാമംഗലം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മുളങ്കുന്നത്തുകാവ്‌ മെഡിക്കല്‍ കോളജ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഡി.വൈ.എഫ്‌.ഐ. തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം പുതൂര്‍ക്കര, പുല്ലഴി കോഴിക്കോടന്‍ വീട്ടില്‍ വിജീഷ്‌ വേണു (31)വാണ്‌ പിടിയിലായത്‌. സി.ഐ.ടി.യു. നേതാവിന്റെ മകളും അധ്യാപികയും സി.പി.എം. വനിതാ നേതാവുമായ ദളിത്‌ യുവതിയെയാണ്‌ ഇയാള്‍ വശീകരിച്ചും നിര്‍ബന്ധിച്ചും മൂന്നുവര്‍ഷമായി പീഡിപ്പിച്ചത്‌.

ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായ വിജീഷ്‌ വിവാഹമോചിതനാണ്‌. ഇയാള്‍ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്ന സമയത്താണ്‌ അധ്യാപികയുടെ പിതാവ്‌ ഐ.ജി: ബി. സന്ധ്യയ്‌ക്കു പരാതിനല്‍കിയത്‌. വിജീഷിനെതിരേ ബലാത്സംഗത്തിനും ദളിത്‌ പീഡനത്തിനും കേസെടുത്തിട്ടുണ്ട്‌. അമ്മ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനാല്‍ അവിടത്തെ ക്വാര്‍ട്ടേഴ്‌സിലാണ്‌ വിജീഷിന്റെ താമസം. ഇയാളും പരാതിക്കാരിയും പഠനകാലത്ത്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഇരുവരും അന്നുമുതലേ അടുപ്പത്തിലുമായിരുന്നു. വിജീഷ്‌ പിന്നീട്‌ ഡി.വൈ.എഫ്‌.ഐ. ഏരിയാ കമ്മിറ്റിയംഗവും ജില്ലാ കമ്മിറ്റിയംഗവുമായി. വിവാഹമോചിതനായ ശേഷം ഇയാള്‍ വീണ്ടും വനിതാനേതാവുമായി അടുപ്പം സ്‌ഥാപിക്കുകയായിരുന്നു. മുളങ്കുന്നത്തുകാവിലെ വീട്ടിലേക്കു നിര്‍ബന്ധിച്ചുകൊണ്ടുപോയി തന്നെ പലവട്ടം പീഡിപ്പിച്ചതായി യുവതി മൊഴിനല്‍കിയിട്ടുണ്ട്‌. വിവാഹം കഴിക്കാമെന്ന പ്രലോഭനവും നല്‍കിയത്രെ. ഇതിനിടെ വിജീഷ്‌ മറ്റൊരു യുവതിയുമായി വിവാഹം നിശ്‌ചയിച്ചു. നവംബര്‍ ആറിനാണ്‌ വിവാഹ തീയതി. ഇത്‌ പരാതിക്കു വഴിവയ്‌ക്കുകയായിരുന്നു.