Saturday, October 29, 2011

പൂവാലനെ വനിതാപൊലീസ് പ്രണയിച്ച് കുടുക്കി

ചാത്തന്നൂര്‍: ശല്യം ചെയ്ത പൂവാലനെ വനിതാ പൊലീസ് പ്രണയം നടിച്ച് കുടുക്കി. പകല്‍ക്കുറി കുറ്റിക്കാട്ട് ഗുരുകൃപയില്‍ പ്രസാദ് (37) ആണ് വനിതാ പൊലീസിന്റെ കെണിയില്‍ വീണത്.

പ്രസാദ് ചാത്തന്നൂരില്‍വച്ച് ഒരു യുവതിക്ക് തന്റെ ഫോണ്‍ നമ്പര്‍ എഴുതിനല്‍കിയിരുന്നു. യുവതിയ്ക്ക് തന്നെ ഇഷ്ടമാണെങ്കില്‍ വിളിക്കണം, വിളിക്കാതിരിക്കരുത് എന്നായിരുന്നു ഇയാള്‍ ഫോണ്‍ നമ്പറിനൊപ്പം എഴുതി ചേര്‍ത്തിരുന്നത്. എന്നാല്‍ യുവതി വിളിച്ചില്ല.

പിന്നീട് ഇയാള്‍ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യാന്‍ തുടങ്ങി. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിയ്ക്കുകയും അവര്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൂവാലനെ കുടുക്കാനായി എസ് ഐയുടെ നിര്‍ദ്ദേശ പ്രകാരം സ്‌റ്റേഷനിലെ ഒരു വനിതാപൊലീസ് പ്രസാദിന്റെ ഫോണിലേക്ക് കാമുകിയാണെന്ന് പറഞ്ഞ് വിളിച്ചു. ഈ കുരുക്കില്‍ പ്രസാദ് വീഴുകയായിരുന്നു. തുടര്‍ന്ന് തനിയ്ക്ക് കാമുകിയെ നേരില്‍ കാണണമെന്നായി പ്രസാദ്.

ചാത്തന്നൂരിലെ ഒരു ബേക്കറിയില്‍ എത്താമെന്ന് വനിതാ പൊലീസ് ഇയാള്‍ക്ക് ഉറപ്പുനല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക് കാമുകിയെ കാണാനായി എത്തിയ യുവാവ് പൊലീസിന്റെ വലയിലാവുകയായിരുന്നു. ഇയാള്‍ വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു.