വരാപ്പുഴ: വരാപ്പുഴ പീഡനക്കേസിലെ മുഖ്യപ്രതി ശോഭാ ജോണിനെയും ഇവരുടെ പ്രധാന സഹായികളായ ബെച്ചു റഹ്മാന്‍, കേപ്പ അനി എന്ന അനില്‍ എന്നിവരെയും ആലുവ മജിസ്‌ട്രേറ്റ്‌കോടതി ഒക്ടോബര്‍ 21വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു. വെള്ളിയാഴ്ച ഇവരെ കോടതിമുമ്പാകെ ഹാജരാക്കി.
വരാപ്പുഴ കേസില്‍ മൂന്നുപേരുടെയും പങ്ക് വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. റൂറല്‍ എസ്പി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. തന്ത്രിക്കേസിലെ മുഖ്യപ്രതികളിലൊരാളും ശോഭാ ജോണിന്റെ പ്രധാന സഹായിയുമായ ബെച്ചു റഹ്മാന്‍, പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലും ബാംഗ്ലൂരിലുമായി പലര്‍ക്കും എത്തിച്ചുകൊടുത്തെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. കോടതി റിമാന്‍ഡ്‌ചെയ്ത കേപ്പ അനിയെന്ന അനില്‍ ശോഭാ ജോണിന്റെ ഡ്രൈവര്‍കൂടിയാണ്. ഇയാളാണ് കാറില്‍ പെണ്‍കുട്ടിയെ ഏജന്റുമാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും പല സ്ഥലത്ത് എത്തിച്ചുകൊടുത്തിരുന്നത്.
വരാപ്പുഴ പീഡനക്കേസിലെ മുഖ്യപ്രതിയായ ശോഭാ ജോണിനെയും കൂട്ടാളികളെയും കഴിഞ്ഞ നാലിന് ബാംഗ്ലൂരിലെ റിച്ച്മണ്ട് റോഡിലുള്ള ലൈഫ്‌സ്റ്റൈല്‍ ഷോപ്പിങ് മാളില്‍വെച്ചാണ് പോലീസ് പിടികൂടിയത്.
എന്നാല്‍, ശോഭാ ജോണിനൊപ്പം പിടിയിലായ ബെച്ചു റഹ്മാന് വരാപ്പുഴ പീഡനക്കേസില്‍ ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നില്ല. തന്ത്രിക്കേസില്‍ ജാമ്യത്തിലിറങ്ങിയ ബെച്ചു കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ക്കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വരാപ്പുഴയില്‍ അനാശാസ്യം നടന്ന വീട് റെയ്ഡ്‌ചെയ്ത ദിവസം ശോഭാ ജോണ്‍ പറവൂരില്‍ ഉണ്ടായിരുന്നെങ്കിലും പോലീസിന് പിടികൊടുക്കാതെ കടന്നുകളയുകയായിരുന്നു. ഇവരുടെ കാക്കനാട്ടും തിരുവനന്തപുരത്തുമുള്ള വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബെച്ചു റഹ്മാന്റെ സഹായത്തോടെയാണ് ഇവര്‍ ബാംഗ്ലൂരിലെ ബെന്നാര്‍ഘട്ടയിലുള്ള ലോഡ്ജിലും അള്‍സൂര്‍ തടാകത്തിനടുത്തുള്ള ട്രിനിറ്റി അപ്പാര്‍ട്ടുമെന്റിലുമായി ഒളിവില്‍ താമസിച്ചിരുന്നതെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. ബാംഗ്ലൂരില്‍ ബെച്ചു റഹ്മാനോടൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഷോപ്പിങ് മാളില്‍നിന്ന് പിടിയിലായ ബെച്ചു റഹ്മാനൊപ്പം ഇയാളുടെ വീട്ടിലെത്തി ഭാര്യയെയും അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ഇവരെ അങ്കമാലിയിലുള്ള ബന്ധുക്കളെ ഏല്പിച്ചു.
പിടിയിലായ ബെച്ചു കോഫെപോസ (കള്ളനോട്ട്, വിസചട്ടലംഘനം) അനുസരിച്ച് രണ്ടുവര്‍ഷത്തോളം തടവില്‍ കഴിഞ്ഞിട്ടുണ്ട്. തന്ത്രിക്കേസില്‍ ശോഭാ ജോണിന്റെ മുഖ്യ സഹായിയായി പ്രവര്‍ത്തിച്ചതും ബെച്ചുവായിരുന്നു. വരാപ്പുഴ കേസില്‍ക്കൂടി ഇയാളുടെ പങ്ക് വ്യക്തമായതോടെ, പറവൂര്‍ പീഡനക്കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ശോഭാ ജോണ്‍ മാധ്യമങ്ങളോട് സംസാരിക്കാനിടയായ സംഭവത്തില്‍ കേസിന്റെ അന്വേഷണച്ചുമതല വഹിക്കുന്ന പറവൂര്‍ സി.ഐ. അബ്ദുള്‍ സലാമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു.