ബഹ്‌റൈനില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ മലയാളി യുവതിക്കെതിരെ പരാതി
മനാമ: ബഹ്‌റൈനില്‍ വീട്ടുജോലിക്കാരുടെ അനധികൃത റിക്രൂട്ട്‌മെന്റിന് കൂട്ടുനില്‍ക്കുന്നുവെന്ന് വിവിധകേന്ദ്രങ്ങളില്‍നിന്ന് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ എറണാകുളം സ്വദേശി ഷാഹിതയ്‌ക്കെതിരേ കേന്ദ്രത്തില്‍ പരാതി നല്‍കിയതായി എംബസി ഫസ്റ്റ് സെക്രട്ടറി അജയകുമാര്‍ സ്ഥിരീകരിച്ചു. മനാമയിലെ ഒരു റിക്രൂട്ടിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ നിരവധിപേരെ വീട്ടുജോലിക്കായി കൊണ്ടുവരികയും ഇവരെല്ലാം തന്നെ ശമ്പളം ലഭിക്കാതെയും മറ്റുതരത്തിലുള്ള പീഡനങ്ങളാലും അധികം താമസിയാതെ തിരിച്ചുപോകുകയും ചെയ്തു. എറണാകുളം ഭാഗത്തുനിന്നുള്ള വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളാണ് ഇവരുടെ ഇരകളിലേറെപ്പേരും. ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് നിയമം മറികടന്നാണ് ഇവര്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളതെന്നതിനാല്‍ ബഹ്‌റൈനിലല്ല, മറിച്ച് കേന്ദ്രസര്‍ക്കാറിലാണ് പരാതിപ്പെട്ടിട്ടുള്ളതെന്നും അജയകുമാര്‍ പറഞ്ഞു.
വഞ്ചിക്കപ്പെട്ട പലരും പരാതിപ്പെടാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ഇത്തരക്കാര്‍ രക്ഷപ്പെടുകയാണ്. അതിനാല്‍ പരാതിപ്പെടാന്‍ മടിക്കരുതെന്നും അജയകുമാര്‍ അഭ്യര്‍ഥിച്ചു.
വീട്ടുജോലിക്കാരുടേതടക്കമുള്ള റിക്രൂട്ട്‌മെന്റിന് കേന്ദ്രം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും നിരവധിപേര്‍ അനധികൃതമായി ബഹ്‌റൈനിലെത്തുന്നുണ്ടെന്നും വിപുലമായ ഒരു ബോധവത്കരണം മാത്രമാണിതിനു പോംവഴിയെന്നും ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു. നിയമം മറന്ന് എങ്ങനെയും വിദേശത്തുപോകണമെന്ന തോന്നലുണ്ടാകുമ്പോഴാണ് ചൂഷണമുണ്ടാകുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ അറ്റസ്റ്റു ചെയ്ത തൊഴില്‍ കരാറിന്റെ ഒറിജിനല്‍ കോപ്പി കൈപ്പറ്റിയതിനു ശേഷമേ ബഹ്‌റൈനിലേക്ക് ജോലിക്കു വരാവൂ. കൂടാതെ കരാറിന്റെ കോപ്പിയും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും വീട്ടില്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍ അഭ്യസ്തവിദ്യര്‍ പോലും ഇക്കാര്യം മറക്കുന്നു. പലരും തൊഴില്‍ കരാര്‍ ഇല്ലാതെ ജോലി ചെയ്യുന്നു.
തൊഴിലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ പാസ്‌പോര്‍ട്ട് ലഭിക്കാത്ത സാഹചര്യങ്ങളുണ്ടാകുയാണെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പിയെങ്കിലും ലഭിച്ചാലേ എംബസിക്ക് സഹായിക്കാനാകൂ. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ പാസ്‌പോര്‍ട്ടിന്റെ നമ്പര്‍ പോലും തങ്ങള്‍ക്കറിയില്ലെന്ന് തൊഴിലാളികള്‍ കൈമലര്‍ത്തുമ്പോള്‍ എംബസി ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിലാകാറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ എംബസി വെബ്‌സൈറ്റിലുണ്ടെന്നും ഇതു വായിച്ച് ബോധ്യപ്പെട്ടശേഷം മാത്രമേ നാട്ടില്‍നിന്നും പുറപ്പെടാവൂവെന്നും അംബാസഡര്‍ നിര്‍ദേശിച്ചു.