Sunday, October 2, 2011

ചലച്ചിത്രനടി ജ്യോതിര്‍മയി വിവാഹമോചിതയായി



പ്രമുഖ സിനിമാ താരം ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തും സംയുക്തമായി നല്‍കിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചു. പരസ്പരം ഒത്തുപോകാനാവാത്ത പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഏഴു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചനം തേടിയത്. കഴിഞ്ഞദിവസം നടന്ന കൗണ്‍സലിങില്‍ യോജിപ്പ് സാധ്യമാകില്ലെന്ന് വ്യക്തമായതോടെയാണ് ഇന്നലെ എറണാകുളം കുടുംബ കോടതി ജഡ്ജി ജോസഫ് തെക്കേക്കുരുവിനാല്‍ വിവാഹമോചനം അനുവദിച്ചത്.

2004 സെപ്റ്റംബര്‍ ആറിനാണ് ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. മീശ മാധവന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയാണ് ജ്യോതിര്‍മയി. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഈ ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട ജ്യോതിര്‍മയി പട്ടാളം, ഭവം, മൂന്നാമതൊരാള്‍, എന്റെ വീട് അപ്പുവിന്റെയും, അന്യര്‍ തുടങ്ങി ഇരുപതോളം മലയാളസിനിമകളിലും തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
വിവാഹശേഷമാണ് കൂടുതലായും ഗ്ലാമര്‍ റോളുകളിലേക്കും മറ്റും ജ്യോതിര്‍മയി 
ശ്രദ്ധകേന്ദ്രീകരിച്ചത്. സാഗര്‍ ഏലിയാസ് ജാക്കിയെന്ന സിനിമയിലെ ജ്യോതിര്‍മയിയുടെ ഗ്ലാമര്‍ നൃത്തം ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തമിഴ് സിനികളിലും ഏറെ ഗ്ലാമറസായാണ് ജ്യോതിര്‍മയി പ്രത്യക്ഷപ്പെട്ടത്. അന്നെല്ലാം ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ഇത്തരത്തിലുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ഭര്‍ത്താവിന് യാതൊരു പ്രശ്‌നവുമില്ലെന്നും ജ്യോതിര്‍മയി വ്യക്തമാക്കിയിരുന്നു.