Monday, October 3, 2011

വാളകം അക്രമം: യുവതിയെ ചോദ്യം ചെയ്യും

കൊല്ലം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു കടയ്ക്കല്‍ സ്വദേശിനിയായ യുവതിയെ പോലീസ് ചോദ്യം ചെയ്യും. അധ്യാപകനും യുവതിയും തമ്മില്‍ നിരന്തരം ഫോണ്‍ ചെയ്യാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്ന് അറിയുന്നു.

അധ്യാപകന്റെ മൊബൈല്‍ ഫോണിലേക്കും പുറത്തേക്കുമുള്ള കോളുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണു യുവതിയെ വിളിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചത്.

അധ്യാപകന്‍ സംഭവദിവസം കടയ്ക്കലിലും നിലമേലിലും പോയതായും ഭാര്യ ഉള്‍പ്പടെയുള്ളവര്‍ ഇവിടെവച്ചു വിളിച്ചിരുന്നതായും ഫോണ്‍കോളുകളുടെ പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്്. കടയ്ക്കലില്‍ താന്‍ പോയിട്ടില്ലെന്നാണു പോലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ അധ്യാപകന്‍ പറഞ്ഞത്. എന്നാല്‍, മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും കടയ്ക്കല്‍ സ്വദേശിയായ ജോത്സ്യന്‍ ശ്രീകുമാറിനേയും മകന്‍ സതീശനേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അധ്യാപകന്‍ കടയ്ക്കലില്‍ പോയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

അധ്യാപകന്‍ മൊഴിമാറ്റിപറയാന്‍ കാരണം ഈ വിവരം പുറത്തറിയാതിരിക്കാനാണെന്നാണ് നിഗമനം. അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം യുവതിയെ കണ്ടിട്ടുണേ്ടായെന്നു അറിയാനായി ഇവരെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം.

യുവതി ഇപ്പോള്‍ തന്നെ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇവരെക്കുറിച്ചു പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.യുവതിയുമായുള്ള അടുപ്പത്തില്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്ന ചിലരാണു സംഘടിതരായി ആക്രമിച്ചതെന്ന അഭ്യൂഹങ്ങളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം അധ്യാപകനെ അക്രമിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ സാധ്യതകളുണ്ട്. പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നുവെന്നു പറയുന്നെങ്കിലും പറയത്തക്ക പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണിത്.