|
|
|
|
ന്യൂഡല്‍ഹി: മലയാളത്തിന്റെ അബു ഇനി ഓസ്‌കര്‍ മത്സരത്തിന്. ലോകസിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരവേദിയില്‍ 'ആദാമിന്റെ മകന്‍ അബു'വാണ് ഇക്കുറി ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി.
മികച്ച ചിത്രത്തിനുള്ള അംഗീകാരവും സലിം കുമാറിനു മികച്ച നടനുള്ള അവാര്‍ഡും ഉള്‍പ്പെടെ നാലു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ആദാമിന്റെ മകന്‍ അബു. ഓസ്‌കറിലെ വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ അബുവിനെ മത്സരത്തിന് അയയ്‌ക്കുമെന്ന് ഇന്ത്യന്‍ പനോരമ ആന്‍ഡ് നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് ഡയറക്‌ടര്‍ ഭൂപേന്ദ്ര കൈന്തോള അറിയിച്ചു.
ഉറുമി അടക്കം 16 ചിത്രങ്ങളില്‍നിന്നാണ് ആദാമിന്റെ മകന്‍ അബുവിനെ തെരഞ്ഞെടുത്തതെന്നു ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഓസ്‌കര്‍ നോമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. ലെനിന്‍ പറഞ്ഞു.
സലിം അഹമ്മദ് സംവിധാനം ചെയ്‌ത ആദാമിന്റെ മകന്‍ അബു ഛായാഗ്രഹണത്തിനും പശ്‌ചാത്തല സംഗീതത്തിനും ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടുന്ന ചിത്രത്തിന് ഓസ്‌കര്‍ നോമിനേഷന്‍ നല്‍കണമെന്നു ജൂറി ചെയര്‍മാനായിരുന്ന ജെ.പി. ദത്ത കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അംബികാ സോണിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. |
|
|