Monday, September 26, 2011

തിരുവനന്തപുരത്ത്‌ സ്‌കൂള്‍ വാന്‍ മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു‍‍‍‍‍‍‍‍




തിരുവനന്തപുരം: തീരുവനന്തപുരത്ത്‌ കഠിനംകുളം ചാന്നാങ്കരയില്‍ സ്‌കൂള്‍ വാന്‍ പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു. കഴക്കൂട്ടം മിഷന്‍ ആശുപത്രിയിലെത്തിച്ച 10 വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ സന്തോഷ് എന്നിവരാണ് മരിച്ചത് . രണ്ട് കുട്ടികളുടെ നില ഗുരുതരമാണ് . കുട്ടികളെ കാണാതായെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തെരച്ചില്‍ തുടരുകയാണ് . 20 കുട്ടികളെ രക്ഷപെടുത്തി.

കഴക്കൂട്ടം പുതുക്കുറിച്ചി സെന്റ് ആന്‍ഡ്രൂസ് ജ്യോതി നിലയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ അപകടത്തില്‍പ്പെട്ടത്‌ . വാനില്‍ 23 കുട്ടികള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 22 കിലോ മീറ്റര്‍ അകലെയാണ്‌ അപകടം. 14 വയസില്‍ താഴെയുളള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ജലത്തില്‍ നിന്ന് ഉയര്‍ത്തിയെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെടുത്തിട്ടില്ല.

എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഇവരാണ്.സൂര്യഗായത്രി(10), കൃഷ്ണ(5),ദേവിക(10) - തീവ്രപരിചരണ വിഭാഗം. അഭിജിത്(9), സൂര്യ(4) -അത്യാഹിത വിഭാഗം. അഖില്‍(13), ആന്‍സി(10), ശീതള്‍(10), കൃഷ്ണപ്രിയ(12), ബ്ലസണ്‍(10) , ജൂബിന(14), സാന്ദ്ര(4).

നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്ക് ചെയ്ത വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാന്‍ ഒരു വള്ളത്തിലേക്ക് മറിഞ്ഞത് അപകട തീവ്രത കുറച്ചതായും റിപ്പോര്‍ട്ടുണ്ട് . സ്വകാര്യ വാനാണ് അപകടത്തില്‍പ്പെട്ടത്.

സാധാരണ 28 കുട്ടികളാണ് വാഹനത്തില്‍ വാഹനത്തില്‍ കയറാറുണ്ടായിരുന്നത് . എന്നാല്‍ ഇന്ന് രണ്ട് കുട്ടികള്‍ നേരത്തെ മടങ്ങിയിരുന്നു. 26 കുട്ടികളില്‍ മൂന്ന് പേര്‍ അപകടത്തിന് മുമ്പ് വാനില്‍ നിന്ന് തങ്ങളുടെ സ്റ്റോപ്പുകളില്‍ ഇറങ്ങിയിരുന്നു.