Wednesday, August 17, 2011

ഹസാരെ വഴങ്ങിയില്ല; തര്‍ക്കം തുടരുന്നു









അന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം സമരം വ്യാപകമാകുന്നതിനിടെ അദ്ദേഹത്തെ മോചിപ്പിച്ച് മുഖം രക്ഷിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം ബുധനാഴ്ച രാത്രി വൈകിയും വിജയിച്ചിട്ടില്ല. ഹസാരെ തിഹാര്‍ ജയിലില്‍ നിരാഹാരം തുടരുകയാണ്.

ഹസാരയെ മോചിപ്പിക്കാന്‍ ചൊവ്വാഴ്ച രാത്രി തന്നെ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നിരാഹാരസമരത്തിന് രേഖാമൂലം അനുമതി കിട്ടിയാലേ ജയിലില്‍ നിന്നിറങ്ങുകയുള്ളൂവെന്ന പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്നാക്കം പോയില്ല. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ബുധനാഴ്ച ഹസാരെസംഘം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, സമരകാലാവധിയെ ചൊല്ലിയുള്ള അനിശ്ചിതത്വം മാറിയിട്ടില്ല. മൂന്നുദിവസം മാത്രമേ സമരം നടത്താനാവൂ എന്ന വ്യവസ്ഥ പിന്‍വലിച്ച് മൂന്നാഴ്ച സമരം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചു. മരണം വരെ നിരാഹരം നടത്തുമെന്ന ഹസാരെയുടെ തീരുമാനം അംഗീകരിക്കുകയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കും അവരുടെ നിര്‍ദേശം വന്നാല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും എന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍, രാത്രി വൈകിയും ഇത് ഹസാരെ സംഘം അംഗീകരിച്ചിട്ടില്ല.


ഇതിനിടെ ബുധനാഴ്ച രാത്രി വൈകി പ്രധാനമന്ത്രി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തു. എ. കെ. ആന്റണി, പ്രണബ് മുഖര്‍ജി. പി. ചിദംബരം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹസാരെ സമരം രാജ്യം മുഴുവന്‍ തരംഗമായി മാറിയ സാഹചര്യം പരിശോധിക്കാനാണ് അടിയന്തരയോഗം ചേര്‍ന്നത്. ഹസാരെ ജയിലില്‍ തുടരുന്നത് രാഷ്ട്രീയമായി സര്‍ക്കാറിന് ദോഷംചെയ്യും എന്ന നിഗമനത്തെത്തുടര്‍ന്നാണ് സമരത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്യാന്‍ നേരത്തേ തീരുമാനിച്ചത്. നേരത്തേ പോലീസ് മുന്നോട്ടുവെച്ച മാനദണ്ഡങ്ങളില്‍ ഹസാരെ സംഘം അംഗീകരിക്കാതിരുന്ന ആറ് നിബന്ധനകളിലും സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തു . ഇതോടെ സമരത്തിന് വ്യവസ്ഥകള്‍വെച്ച സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് ഹസാരെ സംഘവും പിന്‍വാങ്ങി.

അയ്യായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാനാവാത്ത ജെ. പി. മൈതാനത്തിന് പകരം അരലക്ഷത്തോളം പേര്‍ക്ക് പങ്കെടുക്കാവുന്ന രാംലീല മൈതാനം സമരത്തിന് അനുവദിക്കാമെന്ന പോലീസിന്റെ വാഗ്ദാനം ഹസാരെ സംഘം സ്വീകരിച്ചു. ഇതോടെ പ്രശ്‌നം തീര്‍ന്നുവെന്ന് കരുതി രാംലീല മൈതാനം അനുവദിക്കാനുള്ള ഹസാരെ സംഘത്തിന്റെ അപേക്ഷ പുനഃപരിശോധിക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോട് പോലീസ് അപേക്ഷിക്കുക വരെ ചെയ്തു. എന്നാല്‍, നിരുപാധികമായി വിട്ടയയ്ക്കുകാണെങ്കില്‍ മാത്രമേ ജയിലില്‍ നിന്നിറങ്ങൂ എന്ന നിലപാടില്‍ 73 കാരനായ അന്ന ഹസാരെ ഉറച്ചുനില്‍ക്കുകയാണ്. നേരത്തേ ആവശ്യപ്പെട്ടിരുന്ന പോലെ ഒരു മാസം സമരം തുടര്‍ന്നാലും അത് നടത്താനുള്ള അനുമതി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് തിഹാര്‍ ജയിലിന് പുറത്ത് കിരണ്‍ബേദി മാധ്യമങ്ങളോടും അനുയായികളോടും പറഞ്ഞു. തിഹാര്‍ ജയിലില്‍ നടന്ന ചര്‍ച്ചയില്‍ ഹസാരെ സംഘത്തിലെ അംഗങ്ങളായ അരവിന്ദ് കെജ്‌രിവാളും പ്രശാന്ത് ഭൂഷണുമടക്കമുള്ളവര്‍ പങ്കെടുത്തു.




രാജ്യവ്യാപകമായി ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു നടക്കുന്ന പ്രകടനങ്ങളും ഹസാരെയുടെ ഗാന്ധിയന്‍ പോരാട്ടവീര്യവുമാണ് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാറിന് രൂക്ഷമായ വിമര്‍ശനമാണ് ബുധനാഴ്ച നേരിടേണ്ടി വന്നത്. ഇതിനിടെ അന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പേര്‍ ദേശീയ പതാകകളും ബാനറുകളുമായി പ്രകടനം നടത്തി. ജെ.പി. പാര്‍ക്കിന് മുന്നിലേയ്ക്ക് പ്രകടനമായി എത്തിയവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. രാത്രി വൈകിയും പാര്‍ലമെന്റ് റോഡിലടക്കം ജനങ്ങള്‍ മെഴുകുതിരിയുമായി ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും അഭിഭാഷകരും മുതല്‍ വഴിയാത്രക്കാരും തൊഴിലാളികളും അടക്കമുള്ളവര്‍ വരെ ഹസാരെയ്ക്ക് പിന്തുണയുമായി തെരുവിലിറങ്ങി.

ഇതിനിടെ ശ്രീശ്രീ രവിങ്കര്‍ തിഹാര്‍ ജയിലിലെത്തി അന്ന ഹസാരെയുമായി ചര്‍ച്ച നടത്തി. കിരണ്‍ബേദി, പ്രശാന്ത് ഭൂഷണ്‍, സ്വാമി അഗ്‌നിവേശ്, മേധാപട്കര്‍, മനീഷ് സിസോഡിയ എന്നിവരും ജയിലില്‍ ഹസാരെയുമായി ചര്‍ച്ച നടത്തി. തിഹാര്‍ ജയിലിന് പുറത്തെത്തി ഹസാരെയുടെ അനുയായികളെ കണ്ട യോഗഗുരു രാംദേവ് രാഷ്ട്രപതി പ്രതിഭാപാട്ടീലിനെ കണ്ടും ഈ പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തി.

'അന്ന, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം'





*പതിനായിരങ്ങളാണ് ജയിലില്‍ കഴിയുന്ന അന്ന ഹസാരെയോട് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച തലസ്ഥാനനഗരിയിലെ വീഥികളിലിറങ്ങിയത്. 'അന്ന ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യവുമായി അവര്‍ ഒഴുകി. ഹസാരെ തടവില്‍ കഴിയുന്ന തിഹാര്‍ ജയിലിനു മുന്നില്‍ ഒരു രാവു മുഴുവന്‍ ചിലര്‍ നിദ്രാവിഹീനരായി കഴിച്ചുകൂട്ടി. നേരം പുലര്‍ന്നപ്പോള്‍ അവിടേക്ക് ജനപ്രവാഹം തുടങ്ങി. വൈകീട്ട് ഇന്ത്യാഗേറ്റില്‍ നിന്നാരംഭിച്ച പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ധര്‍ണയും ഉപവാസവും പ്രതിഷേധറാലികളും നടന്നു.

അന്ന ഹസാരെ പാര്‍ലമെന്റിനെ വെല്ലുവിളിക്കുകയാണ്. തന്റെ നയം അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത വഴി ദുരുപദിഷ്ടമാണ്. തങ്ങളുടെ ശബ്ദമാണ് രാജ്യത്തെ 120 കോടി ജനങ്ങളുടെയും ശബ്ദമെന്നു കരുതുന്നവര്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.