സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്‍റുകള്‍ ഇക്കഴിഞ്ഞ ജൂലായ് 14ന് നടത്തിയ പ്രവേശന പരീക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശങ്ങള്‍ പാടേ ലംഘിച്ചുകൊണ്ട് നടത്തിയിട്ടുള്ള പ്രവേശന പരീക്ഷ സുതാര്യവും നീതിപൂര്‍വവുമല്ലെന്ന് വിധിയില്‍ കുറ്റപ്പെടുത്തി. പ്രവേശന പരീക്ഷയെ പിന്താങ്ങിയ സര്‍ക്കാര്‍ നടപടി നാണംകെട്ടതും അപലപനീയവുമാണെന്ന് അതിനിശിതമായ ഭാഷയില്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കുറ്റപ്പെടുത്തി.
പ്രവേശന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും വിമര്‍ശിച്ചിട്ടുണ്ട്. പതിനൊന്ന് സ്വാശ്രയ മാനേജ്‌മെന്‍റുകളിലെ 85 ശതമാനം സീറ്റുകളിലും പ്രവേശനത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണ്ടതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പ്രവേശന പരീക്ഷയുടെ സാധുതയെ ചോദ്യംചെയ്ത് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി അമിന നഹന നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഹര്‍ജിക്കാരിക്ക് കോടതിച്ചെലവായി 25,000 രൂപ സ്വാശ്രയ മാനേജ്‌മെന്‍റ് അസോസിയേഷന്‍ നല്‍കണം. കൂടാതെ ചട്ടങ്ങളും ക്രമീകരണങ്ങളും ലംഘിച്ചിട്ടുള്ള മാനേജ്‌മെന്‍റ് അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. തുക ഹൈക്കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്ക് നല്‍കണം.
ഒരു മാസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ അതിനുള്ള നിയമാനുസൃത നടപടി സ്വീകരിക്കാവുന്നതാണ്. ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകള്‍ ഒഴികെ മറ്റ് പതിനൊന്ന് കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തിനാണ് വിധി അനുസരിച്ച് സര്‍ക്കാര്‍ നടപടി ഉണ്ടാകേണ്ടത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധന അനുസരിച്ച് നിശ്ചിത തീയതിയില്‍ പ്രവേശന പരീക്ഷ നടത്താന്‍ മാനേജ്‌മെന്‍റുകള്‍ വീഴ്ച വരുത്തിയിരുന്നു.
പിന്നീട് സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ജൂലായ് 14ന് പരീക്ഷ നടത്തിയത്. ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയാണ് പ്രവേശന പരീക്ഷയുടെ ഓരോ ഘട്ടത്തിലും മേല്‍നോട്ടം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍മേല്‍നോട്ടം വഹിച്ചിട്ടില്ലെന്ന് കമ്മിറ്റി തന്നെ ഹൈക്കോടതിയില്‍ സമ്മതിച്ചത് ഒരു കുറ്റസമ്മതമായി ഹൈക്കോടതിയെ ആശ്ചര്യപ്പെടുത്തി. മുഹമ്മദ് കമ്മിറ്റിയെ അതിനിശിതമായി കോടതി വിമര്‍ശിച്ചത് ഈ സാഹചര്യത്തിലാണ്.
നിയമ വിരുദ്ധമായ രീതിയിലുള്ള സമീപനം കമ്മിറ്റി സ്വീകരിച്ചതിനാല്‍ പ്രവേശനം റദ്ദാക്കണമെന്നുള്ള ഹര്‍ജിക്കാരിയുടെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടത്തിന്റെ വാദങ്ങള്‍ കോടതി സ്വീകരിച്ചു. കാരക്കോണം മെഡി. കോളേജ്, കണ്ണൂര്‍, കെ.എം.സി.ടി. കോഴിക്കോട്, എം.ഇ.എസ്. പെരിന്തല്‍മണ്ണ, എസ്.എന്‍. പറവൂര്‍, അസീസി കൊല്ലം, ട്രാവന്‍കൂര്‍ കോളേജ് കൊല്ലം, ഗോകുലം തിരുവനന്തപുരം, കരുണ പാലക്കാട്, എസ്.യു.ടി. തിരുവനന്തപുരം, മലബാര്‍ കോഴിക്കോട്എന്നീ കോളേജുകളിലെ പ്രവേശനമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.
സ്വാശ്രയമെഡിക്കല്‍ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തില്‍
കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും അത് പന്താടപ്പെടുന്നുവെന്നും ഹൈക്കോടതിയുടെ ആശങ്കയോടെയുള്ള നിരീക്ഷണം. സ്വാശ്രയ മാനേജ്‌മെന്‍റുകള്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍േറയും ജസ്റ്റിസ് പി.എ. മുഹമ്മദ്കമ്മിറ്റിയുടേയും ഉത്തരവാദിത്വമില്ലാത്ത സമീപനത്തെയാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്.
നിയമവിരുദ്ധമായി നടത്തിയ പ്രവേശന പരീക്ഷ കണ്‍മുന്നില്‍ കണ്ടിട്ടും അത് തട്ടിയകറ്റി പ്രവേശനം നടത്താനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ സര്‍ക്കാര്‍നടപടിയാണ് ഹൈക്കോടതിയെ ആശ്ചര്യപ്പെടുത്തിയത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്‍റ് നടത്തുന്ന പ്രവേശനത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്. അതുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട് നാണംകെട്ടതായിപ്പോയെന്ന് വിധിയില്‍ കുറ്റപ്പെടുത്തിയത്. മാനേജ്‌മെന്‍റിന്റെ പ്രവേശന പരീക്ഷ റദ്ദാക്കുന്നത് ഗുണകരമായിരിക്കില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടിനോട് ഹൈക്കോടതി ശക്തിയായി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയാണ് പ്രവേശന പരീക്ഷയ്ക്ക് ഓരോ ഘട്ടത്തിലും മേല്‍നോട്ടം വഹിക്കേണ്ടത്. എന്നാല്‍, അത്തരത്തിലുള്ള ഭാരിച്ച ഉത്തരവാദിത്വം ഈ കമ്മിറ്റി നിര്‍വഹിച്ചതായി കാണുന്നില്ലെന്ന് ഹൈക്കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. പ്രവേശന പരീക്ഷ അതുകൊണ്ടുതന്നെ സുതാര്യമാകുന്നില്ല. നീതി നിഷേധിക്കുന്ന രീതിയിലുള്ളതാണ് പ്രവേശന പരീക്ഷ എന്ന ഹര്‍ജിക്കാരിയുടെ ആരോപണത്തിന് മുന്‍തൂക്കവും പ്രാമുഖ്യവും കിട്ടുന്ന രീതിയിലാണ് കമ്മിറ്റി പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി.
'തങ്ങളുടെ വീഴ്ചകള്‍ക്ക് കിരീടം ചാര്‍ത്തുന്ന രീതിയിലാണ് മുഹമ്മദ് കമ്മിറ്റി നടത്തിയിട്ടുള്ള കുറ്റസമ്മതം. പരീക്ഷയ്ക്ക് തങ്ങള്‍ മേല്‍നോട്ടം വഹിച്ചിട്ടില്ലെന്ന് കമ്മിറ്റി തന്നെ പറയുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണ്' - വിധിയില്‍ ഹൈക്കോടതി പറഞ്ഞു. 'സ്വാശ്രയ മാനേജ്‌മെന്‍റുകളുടെ ഒരു ചട്ടുകം മാത്രമായി കമ്മിറ്റി പ്രവര്‍ത്തിച്ചിരിക്കുന്നു'വെന്നും നിശിതമായ ഭാഷയില്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ചൂണ്ടിക്കാട്ടി.
പ്രവേശന പരീക്ഷയുടെ ഓരോ ഘട്ടത്തിലും കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി മാനേജ്‌മെന്‍റ് വാങ്ങേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍, പ്രസ്തുത മേല്‍നോട്ടത്തിന് നടപടികള്‍ കമ്മിറ്റി സ്വീകരിച്ചതായും കാണുന്നില്ല. അതിനാല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
സുതാര്യമല്ലാത്ത പ്രവേശന പരീക്ഷയാകട്ടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. അവരുടെ ഭാവി പന്താടപ്പെടുന്ന അനുഭവമാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ നടപടികള്‍ സൃഷ്ടിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ അനുമതിയോടെ മാനേജ്‌മെന്‍റ് നടത്തിയ പ്രവേശന പരീക്ഷയാണ് ഇപ്പോള്‍ ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്.
വിദ്യാര്‍ഥികളുടെ ഭാവി പന്താടപ്പെടുന്നു -കോടതി
തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്‍റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കിയതോടെ പതിനൊന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ വീണ്ടും താളംതെറ്റി. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോകുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് പുതിയ കോടതി വിധിവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
മറ്റ് മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശനവും അതനുസരിച്ച് നീളും. സ്വാശ്രയ പ്രവേശന നടപടികള്‍ കുഴഞ്ഞുമറിയുന്നത് സര്‍ക്കാരിന് രാഷ്ട്രീയമായും തിരിച്ചടിയാണ്. പുതിയ വിധിയനുസരിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയിട്ടുള്ള ധാരണതന്നെ അസാധുവാകുമെന്നതിനാല്‍ സാമൂഹ്യ നീതി നിലനിര്‍ത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം അപ്രസക്തമാവും.
മാനേജ്‌മെന്‍റുകള്‍ നിശ്ചയിക്കുന്ന ഫീസ്ഘടന പ്രകാരം പ്രവേശനം നേടാന്‍ സര്‍ക്കാര്‍ ലിസ്റ്റിലെ വിദ്യാര്‍ഥികള്‍ മടിച്ചാല്‍ കോളേജുകള്‍ക്ക് കുട്ടികളെ കിട്ടാതാവുമെന്ന ആശങ്കയുമുണ്ട്. അതേസമയം മെച്ചപ്പെട്ട കോളേജുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുമെന്ന നേട്ടം വിദ്യാര്‍ഥികള്‍ക്കുണ്ട്.
സപ്തംബര്‍ 30 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിനുള്ള പ്രാഥമിക അലോട്ട്‌മെന്‍റ് പോലും ആയിട്ടില്ല. അതേസമയം സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാല് കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും രണ്ട് അലോട്ട്‌മെന്‍റുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ആഗസ്ത് ഒന്നിന് സര്‍ക്കാര്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. കാരക്കോണം ഉള്‍പ്പെടെ പതിനൊന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലായി അഞ്ഞൂറോളം മാനേജ്‌മെന്‍റ് സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തിയത്. തലവരിപ്പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് കാരക്കോണം സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതനുസരിച്ച് പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ അവര്‍ കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ കോടതി അത് നിഷേധിച്ചിട്ടുള്ളതിനാല്‍ പുതിയ വിധി അവര്‍ക്കും ബാധകമാണ്.
കോടതി അനുമതിയോടെയാണ് സ്വാശ്രയ കോളേജുകള്‍് പ്രവേശന പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷ സുതാര്യമായിരുന്നില്ലെന്നും മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലല്ല പരീക്ഷ നടത്തിയതെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. ഈ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ മുഴുവന്‍ സീറ്റും സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. കൂടുതല്‍ തീരുമാനങ്ങള്‍ക്കായി വ്യാഴാഴ്ച അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്. ഫീസ് സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്‍റുകളും തമ്മില്‍ നേരത്തെ ഏറെക്കുറെ ധാരണ ആയിരുന്നതാണ്. എന്നാല്‍ കരാര്‍ ഒപ്പിട്ടുവെന്നകാര്യം ഇരുകൂട്ടരും പിന്നീട് നിഷേധിച്ചിരുന്നു. കോടതിവിധി വന്നതോടെ ഈ ധാരണയാണ് അപ്രസക്തമായിരിക്കുന്നത്.