Wednesday, August 17, 2011

കന്യാസ്ത്രീയുടെ മൃതദേഹം ജലസംഭരണിയില്‍ കണ്ടെത്തി




കടുത്തുരുത്തി: പൂങ്കുളം ഫാത്തിമമാതാ പള്ളിയിലെ ഹോളി സ്​പിരിറ്റ് കോണ്‍വെന്റില്‍ അന്തേവാസിയായ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ആന്‍സിയെ (42) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴരയോടെ കോണ്‍വെന്റ് വളപ്പിലെ ജലസംഭരണിയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫാത്തിമമാതാ പള്ളിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയായുള്ള പാലപ്പൂര് ഹോളി ക്രോസ് എല്‍.പി സ്‌കൂളിലെ അദ്ധ്യാപികയാണ് സിസ്റ്റര്‍ മേരി ആന്‍സി. കോട്ടയം കല്ലറ മാന്‍വട്ടം പുല്‍പ്രയില്‍ ഫിലിപ്പിന്റെയും പരേതയായ ത്രേസ്യയുടെയും മൂത്ത മകളാണ് ഇവര്‍. കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത് രാവിലെ അല്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.വിശദമായ അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.

കോണ്‍വെന്റിലെ രണ്ടു കോണ്‍ക്രീറ്റ് മേല്‍മൂടികളുള്ള ജലസംഭരണിയുടെ ഇടതുവശത്തെ മൂടി നീക്കിവെച്ച നിലയിലാണ് കണ്ടത്. 12 അടിയോളം താഴ്ചയുള്ള ടാങ്കില്‍ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. ടാങ്കില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെരുപ്പുകള്‍ രണ്ടും ടാങ്കില്‍ ഒരു വശത്തായി കിടക്കുകയായിരുന്നു.

സിസ്റ്റര്‍ ആന്‍സി ആത്മഹത്യ ചെയ്യില്ലെന്ന് അവരുടെ അച്ഛന്‍ ഫിലിപ്പ് പറഞ്ഞു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ തിരുവല്ല മലങ്കര സഭാ ആസ്ഥാനത്തു നിന്ന് ഒരു കന്യാസ്ത്രീയാണ് മകളുടെ മരണവിവരം ഫോണില്‍ വിളിച്ചറിയിച്ചത്. അര മണിക്കൂറിനു ശേഷം കോവളം എസ്.ഐയും വിവരം വിളിച്ചറിയിച്ചു. ഉടനെ തന്നെ ബന്ധുക്കള്‍ കോവളത്തേക്കു തിരിച്ചുവെന്ന് ഫിലിപ്പ് പറഞ്ഞു.

ഫിലിപ്പിന് ആറു മക്കളാണുള്ളത്. അമ്മ ത്രേസ്യയുടെ എട്ടാം ചരമവാര്‍ഷികത്തിന് മാന്‍വെട്ടത്തെ വീട്ടില്‍ സിസ്റ്റര്‍ എത്തിയിരുന്നു. സന്തോഷത്തോടെയാണ് അവര്‍ യാത്ര പറഞ്ഞതെന്ന് നിറകണ്ണുകളോടെ ഫിലിപ്പ് പറഞ്ഞു. അവസാനമായി കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ വീട്ടിലേക്കു വിളിച്ചത്. മേരി, ജെസ്സി, സോളി, സോഫിയ, ജോസ്‌മോന്‍ എന്നിവരാണ് സിസ്റ്റര്‍ മേരി ആന്‍സിയുടെ സഹോദരങ്ങള്‍.

രണ്ടാഴ്ചയായി ത്വഗ്രോഗ സംബന്ധമായ ചികിത്സയിലായിരുന്നു സിസ്റ്റര്‍ ആന്‍സിയെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. സമീപത്തു തന്നെയുള്ള ചന്ദ്രാ മെഡിക്കല്‍ സെന്ററില്‍ ഇതിനായുള്ള ചികിത്സ നടത്തി വരികയായിരുന്നു. കടുത്ത പ്രമേഹ രോഗിയായ ഇവര്‍ ഏതാനും ദിവസങ്ങളായി ആകെ അസ്വസ്ഥയായിരുന്നതായും പറയപ്പെടുന്നു. രാത്രി ഉറക്കമില്ലെന്ന് സിസ്റ്റര്‍ പറയുമായിരുന്നെന്ന് അന്തേവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച ഇവര്‍ സ്‌കൂളിലും പോയില്ല.

ചൊവ്വാഴ്ച അത്താഴത്തിനു ശേഷം കോണ്‍വെന്റിലെ സ്വന്തം മുറിയിലേക്ക് ഉറങ്ങാനായി പോയി. ബുധനാഴ്ച രാവിലെ ആറരയോടെ മറ്റു കന്യാസ്ത്രീകളെല്ലാവരും പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്കു പോയപ്പോള്‍ സിസ്റ്റര്‍ ആന്‍സിയെ വിളിച്ചില്ല. കുറച്ചുദിവസമായി ഉറക്കമില്ലെന്നു പറഞ്ഞിരുന്ന അവര്‍ ഉറങ്ങുന്നെങ്കില്‍ ഉറങ്ങിക്കോട്ടെ എന്നു കരുതി വിളിച്ചില്ലെന്നാണ് വിശദീകരണം. പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയെത്തി ഏഴര മണിയോടെ പ്രാതലിനായി തയ്യാറെടുത്തപ്പോള്‍ സിസ്റ്ററെ വിളിക്കാനായി മുറിയിലേക്കു ചെന്നു. അപ്പോള്‍ തുറന്നു കിടന്ന മുറിയില്‍ സിസ്റ്റര്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് അന്വേഷിച്ചു നടന്നപ്പോഴാണ് ജലസംഭരണിയുടെ മേല്‍മൂടി നീക്കിവെച്ചതായി കണ്ടത്. ചെന്നുനോക്കിയ കന്യാസ്ത്രീകള്‍ നിലവിളിച്ചു. ഉടനെ പോലീസില്‍ വിവരമറിയിച്ചു. മൃതദേഹം ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആസ്​പത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.