Thursday, August 25, 2011

അണ്ണ ഹസാരെയുടെ പ്രക്ഷോഭം വിജയത്തിലേക്ക്


അണ്ണ ഹസാരെയുടെ നിരാഹാരം അവസാനിപ്പിക്കാനായി നടന്ന നിരന്തരചര്‍ച്ചകള്‍ക്കും സമവായ ശ്രമങ്ങള്‍ക്കുമൊടുവില്‍ ജനലോക്പാല്‍ ബില്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. സര്‍ക്കാറിന്റെ പരിഗണനയിലുള്ള നാലു ലോക്പാല്‍ ബില്ലുകളും വെള്ളിയാഴ്ച ചര്‍ച്ച ചെയ്യാനാണ് ധാരണ. ഈ ബില്ലുകളിലെ പ്രസക്തനിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത ശേഷം ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന പ്രമേയം പാര്‍ലമെന്റില്‍ വോട്ടിനിടും. വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിനുശേഷം പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സലാണ് ബില്‍ ചര്‍ച്ച ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.


പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടാവുകയും പ്രമേയം പാസാവുകയുമാണെങ്കില്‍ എഴുപത്തിനാലുകാരനായ അണ്ണ ഹസാരെയുടെ 11 ദിവസം നീണ്ട നിരാഹാരം വെള്ളിയാഴ്ച പിന്‍വലിച്ചേക്കും. ഇതിനിടെ ജനലോക്പാല്‍ ബില്ലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഹസാരെയ്ക്ക് ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കത്തയച്ചു. ശനിയാഴ്ചയും പാര്‍ലമെന്റ് സമ്മേളിക്കും.
സര്‍ക്കാര്‍ തങ്ങളുന്നയിച്ച ആവശ്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ പാര്‍ലമെന്റിലെ ചര്‍ച്ച സ്വീകാര്യമാണെന്ന് ഹസാരെ സംഘം വ്യക്തമാക്കി.

തര്‍ക്കവിഷയമായ മൂന്ന് വ്യവസ്ഥകളെ പാര്‍ലമെന്റ് എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനാണ് പ്രക്ഷോഭകര്‍ കാത്തിരിക്കുന്നത്. താഴെത്തട്ടുവരെയുള്ള ഉദ്യോഗസ്ഥരെ ലോക്പാലിന്റെ പരിധിയില്‍ പെടുത്തുക, പൊതുജനങ്ങള്‍ ഇടപെടുന്ന ഓരോ സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശ വ്യവസ്ഥ സംബന്ധിച്ച പത്രിക പ്രദര്‍ശിപ്പിക്കുക, എല്ലാസംസ്ഥാനങ്ങളിലും ലോകായുക്ത രൂപവത്കരിച്ച് ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നിവയാണ് ഈ വ്യവസ്ഥകള്‍. ഇവ സംബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി.

ഹസാരെ സംഘവുമായി ചര്‍ച്ച നടത്തുന്ന ധനമന്ത്രി പ്രണബ് മുഖര്‍ജി, സോണിയാഗാന്ധിയുടെ അഭാവത്തില്‍ എ.ഐ.സി.സി.യുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രിസഭാംഗമായ എ.കെ. ആന്റണി, ആഭ്യന്തര മന്ത്രി പി. ചിദംബരം, നിയമകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലുണ്ടായ ധാരണ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് ഹസാരെ സംഘത്തെ നേരിട്ടറിയിച്ചു.

സമരം അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്റ് ഏകസ്വരത്തില്‍ വ്യാഴാഴ്ച രാവിലെ അണ്ണ ഹസാരെയോട് അഭ്യര്‍ഥിച്ചിരുന്നു. സുശക്തമായ ബില്‍ കൊണ്ടു വരുമെന്നും പാര്‍ലമെന്റ് വ്യക്തമാക്കി. ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഹസാരെയോടുള്ള ബഹുമാനവും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും രേഖപ്പെടുത്തി. പ്രതിപക്ഷം ഇതിന് അനുകൂലമായ നിലപാട് കൈക്കൊള്ളുകയും ചെയ്തതോടെയാണ് ഹസാരെ സംഘവും സര്‍ക്കാറുമായുണ്ടായ സംഘര്‍ഷം അയഞ്ഞത്.

വ്യാഴാഴ്ച ഉച്ചയോടെ പ്രധാനമന്ത്രിയുടെ ദൂതുമായി രാംലീല മൈതാനത്ത് എത്തിയ വിലാസ്‌റാവു ദേശ്മുഖ് ഹസാരെയുമായി സമവായ ചര്‍ച്ച നടത്തി. എന്നാല്‍, വ്യക്തമായ ധാരണകളായശേഷം മാത്രമേ നിരാഹാരത്തില്‍ നിന്ന് പിന്മാറൂ എന്ന് ഹസാരെ ഉറപ്പിച്ചു പറഞ്ഞു. ശരീരത്തില്‍ പ്രാണന്‍ അവശേഷിക്കുന്നിടത്തോളം കാലം പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് അനുയായികളോട് ഹസാരെ പ്രഖ്യാപിക്കുകയും ചെയ്തു. ജനലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ കക്ഷികളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ബി.ജെ.പി. പരസ്യമായി ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

വ്യാഴാഴ്ച രാത്രി വൈകി കോണ്‍ഗ്രസ്സിന്റെ യുവനേതാക്കള്‍ വിലാസ് റാവു ദേശ്മുഖിനെ കണ്ട് ചര്‍ച്ചകള്‍ നടത്തി. മിലിന്ദ് ദേവ്‌റ, സച്ചിന്‍ പൈലറ്റ്, സന്ദീപ് ദീക്ഷിത്, ജിതിന്‍ പ്രസാദ എന്നിവരാണ് ജനലോക്പാല്‍ ബില്ലിന്റെ വ്യവസ്ഥകളെക്കുറിച്ചും സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രമേയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തത്.

തുടര്‍ന്ന് വിലാസ്‌റാവു ദേശ് മുഖ്, സല്‍മാന്‍ ഖുര്‍ഷിദ്, അംബികാ സോണി, സന്ദിപ് എന്നിവര്‍ പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അണ്ണ ഹസാരെയ്‌ക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളുടെ പേരില്‍ വ്യാഴാഴ്ച മാപ്പുപറഞ്ഞത് പാര്‍ട്ടിയുടെ നിലപാടുകള്‍ മാറുന്നതിന്റെ സൂചനയായാണ് കരുതപ്പെടുന്നത്. ചികിത്സയില്‍ കഴിയുന്ന സോണിയാഗാന്ധിയുമായും മുതിര്‍ന്ന നേതാക്കള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്