Thursday, August 25, 2011
ഹസാരെ നിരാഹാരം അവസാനിപ്പിച്ചേക്കും
ന്യൂഡല്‍ഹി: നിരാഹാരം അവസാനിപ്പിക്കണമെന്ന സര്‍വരാഷ്ട്രീയ പാര്‍ട്ടികളുടെയും അഭ്യര്‍ത്ഥനയടങ്ങിയ കത്തുമായി അണ്ണാ ഹസാരയെ കണ്ട സര്‍ക്കാര്‍ ദൂതന്‍ കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖിന് തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മറുപടി കത്തുനല്‍കി കാത്തിരിക്കുകയാണ് ഹസാരെ. പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചു കഴിഞ്ഞാല്‍ അടിയന്തരയോഗം കൂടി നിരാഹാരം പിന്‍വലിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹസാരെയുടെ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിമാരുടെ യോഗം വൈകീട്ട് ആറുമണിക്ക് ചേരും. ജന്‍ലോക്പാല്‍ ബില്‍ എങ്ങനെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും? ബില്ല് മാറ്റമില്ലാതെ അവതരിപ്പിക്കുമോ? എന്ന് കത്തില്‍ ചോദിച്ചിട്ടുണ്ട്. താഴേക്കിടയില്‍ നിന്ന് മേലെ വരെയുള്ള സര്‍ക്കാരുദ്യോഗസ്ഥരെ ലോക്പാലിന്റെ പരിധിയില്‍പ്പെടുത്തണം. എല്ലാ സംസ്ഥാനങ്ങളിലെയും ലോകായുക്തകള്‍ക്ക് ലോക്പാലിന്റെ അധികാരം നല്‍കണം. പൗരാവകാശരേഖ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും കത്തിലുന്നയിച്ചിട്ടുണ്ട്.
ഇതേസമയം, അഴിമതി ഇല്ലാതാക്കാന്‍ കൂട്ടായശ്രമം ആവശ്യമാണെന്നും, അതിന് അണ്ണാ ഹസാരെ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഗൗരവമായെടുക്കുമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. അഴിമതിക്കെതിരെ ഫലപ്രദമായ നിയമം കൊണ്ടുവരും. അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലോക്പാല്‍ ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അഴിമതി. ഹസാരെയുടെ ആവശ്യം സര്‍ക്കാരിന് ബോധ്യമായിക്കഴിഞ്ഞു. അണ്ണാ ഹസാരെ ഇനി നിരാഹാര സമരത്തില്‍നിന്ന് പിന്മാറണം. അഴിമതിക്കെതിരായ ജനവികാരത്തിന്റെ പ്രതീകമായി ഹസാരെ മാറി. അദ്ദേഹത്തിന്റെ ആദര്‍ശ ധീരതയെ ബഹുമാനിക്കുന്നു.
ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. അഴിമതിയുടെ നായകനാണ് താനെന്ന് ജോഷി ആരോപിച്ചു. തനിക്കെതിരെ പ്രതിപക്ഷം വ്യക്തിഹത്യ നടത്തുകയാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.