ലണ്ടന്‍: ബ്രിട്ടണില്‍ കലാപം നടക്കുന്നതിനിടെ വെസ്റ്റ് കെന്‍സിങ്ടണില്‍നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചയാളെ 'ഫെയ്‌സ്ബുക്ക്' വഴി കണ്ടെത്തി. യു.എസ്. അന്വേഷണ സംഘടനയായ എഫ്.ബി.ഐ. യുടെയും നാസയുടെയും മുന്‍ ഉദ്യോഗസ്ഥനും കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധനുമായ ഗ്രേഗ് മാര്‍ട്ടിന്റെ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പാണ് ഫ്ലാറ്റില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്.
ലാപ്‌ടോപ്പില്‍ കള്ളനെ കണ്ടുപിടിക്കാനുള്ള പ്രോഗ്രാം നേരത്തേ തയ്യാറാക്കിവെച്ചിരുന്നു. ഇതുവഴിയാണ് ലാപ്‌ടോപ്പ് മോഷ്ടിച്ച പതിനെട്ടുകാരന്‍ സൊഹെയ്ല്‍ ഖാലിഫറിനെ പിടികൂടിയത്.
ലാപ്‌ടോപ്പ് മോഷ്ടിച്ച് രണ്ടുദിവസത്തിനുശേഷം അതേ ലാപ്‌ടോപ്പിലെ പ്രോഗ്രാമില്‍നിന്ന് തനിക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി. പിന്നീട് പ്രോഗ്രാമിന്റെ സഹായത്തോടെ രണ്ടുമണിക്കൂര്‍ നിരീക്ഷിച്ചപ്പോള്‍ മത സംബന്ധിയായ വീഡിയോയും മെഴ്‌സിഡസിന്‍റ എ ക്ലാസ് ബെല്‍സുമൊക്കെ ഇയാള്‍ തിരഞ്ഞതായി കണ്ടെത്തി.
അതിനുശേഷം ഫെയ്‌സ്ബുക്കിലെത്തിയതോടെയാണ് മോഷ്ടാവിന്റെ പേരുവിവരങ്ങള്‍ ലഭിച്ചതെന്ന് മാര്‍ട്ടിന്‍ ബ്ലോഗില്‍ എഴുതി. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസിനു നല്‍കിയതോടെയാണ് അറസ്റ്റ് നടന്നത്.