Tuesday, August 16, 2011

കുരിയാര്‍കുറ്റി-കാരാപ്പാറ കേസില്‍ ടി.എം.ജേക്കബ്ബിനെ കുറ്റവിമുക്തനാക്കി



കുരിയാര്‍കുറ്റി-കാരാപ്പാറ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മന്ത്രി ടി. എം. ജേക്കബ്ബിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ജേക്കബ്ബടക്കമുള്ള എട്ടു പേരെ കേസില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച തള്ളിയത്.
ജേക്കബ്ബിനും മറ്റു പ്രതികള്‍ക്കുമെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറാണ് ജേക്കബ്ബിനെയും മറ്റും ഒഴിവാക്കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ജേക്കബ്ബിനു പുറമെ, മുന്‍ ചീഫ് എന്‍ജിനീയര്‍ വി. പി. അറുമുഖം, എം. ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന എം. എന്‍. രാഘവന്‍, കരാറുകാരന്‍ ടി. ബി. കെ. ഹാജി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ പി. കെ. രാമന്‍, ആര്‍. ജയപാലന്‍ നായര്‍, എം. ജി. രാമനാഥന്‍ എന്നിവരാണ് കേസിലെപ്രതികള്‍.

കുരിയാര്‍കുറ്റി-കാരാപ്പാറ പദ്ധതിയുടെ പാലക്കാട് കൊഴിഞ്ഞാമ്പാറ മൂലത്തറ വലതുകര കനാലിന്റെ പ്രധാന കനാല്‍ നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് 2007ല്‍ ജേക്കബ്ബടക്കമുള്ള അഞ്ചു പ്രതികള്‍ നല്‍കിയ അപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ ആകെയുള്ള 11 പ്രതികളില്‍ മറ്റുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. തുടര്‍ന്ന് റിവിഷന്‍ പെറ്റീഷനിലാണ് ജേക്കബ്ബടക്കം ബാക്കിയുള്ള അഞ്ചു പേരെക്കൂടി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്.

പദ്ധതിയുമായി ബന്ധപ്പെട്ട മണ്‍വേല നടന്നത് കൂടുതലാണെന്നും ഇതു വെച്ചു നോക്കുമ്പോള്‍ അധികത്തുക നല്‍കിയിട്ടില്ലെന്നും തുടരന്വേഷണത്തില്‍ തെളിഞ്ഞതായി ജേക്കബ്ബിനു വേണ്ടി ഹാജരായ കെ. കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വെച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയായ ജേക്കബ്ബ് കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കുറ്റവിമുക്തനാക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അഴിമതിക്കേസില്‍ എന്തു കൊണ്ടു വിചാരണ നേരിട്ടുകൂടെന്ന് ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര ചോദിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ജേക്കബ്ബിനെതിരെയുള്ള തെളിവുകള്‍ എന്തെല്ലാമാണെന്നും അവര്‍ ചോദിച്ചു. വ്യാജ രേഖ ചമക്കലും ക്രിമിനല്‍ ഗൂഢാലോചനയുമാണ് ജേക്കബ്ബിനെതിരെയുള്ള കുറ്റാരോപണങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഇതിനുള്ള തെളിവുകള്‍ വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ് റിപ്പോര്‍ട്ടുകളല്ലാതെ മറ്റ് തെളിവുകള്‍ എന്തൊക്കെയെന്ന് കോടതി ചോദിച്ചു. തെളിവുകള്‍ ഹാജരാക്കിയാല്‍ ഹൈക്കോടതി വിധി റദ്ദാക്കാമെന്നും ഒരു ഘട്ടത്തില്‍ ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര പറഞ്ഞു.

കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തുക നല്‍കിയതുവഴി സര്‍ക്കാറിന് 58 ലക്ഷത്തോളം രൂപ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കേസെടുത്തത്. ജേക്കബ്ബടക്കമുള്ള പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കു പുറമെ, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളുമാണ് ചുമത്തിയത്. കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ക്കു പുറമെ, പ്രതികള്‍ നല്‍കിയ അധിക രേഖകളും ഹൈക്കോടതി പരിഗണിച്ചുവെന്നും ഇത് സുപ്രീം കോടതിയുടെ പഴയ വിധികള്‍ക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്.

പദ്ധതിയുടെ നിര്‍മാണക്കരാര്‍ കൊടുത്തത് ടെന്‍ഡര്‍ വിളിക്കാതെയാണെന്നാണ് പ്രധാന പരാതി. ഇതുമായി ബന്ധപ്പെട്ട് നാല് അന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. കനാല്‍ നിര്‍മാണത്തിലെ മണ്‍വേലയ്ക്ക് കരാറുകാരന്‍ 57,10,225 രൂപ അധികമായി കൈപ്പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദ്യ റിപ്പോര്‍ട്ട് ഉടലെടുക്കുന്നത്. വിജിലന്‍സ് കേസെടുത്തതിനെ തുടര്‍ന്ന് പണി മുടങ്ങി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി പണി തുടരാന്‍ നിര്‍ദേശിച്ചു. കരാറുകാരന് പണവും നല്‍കി. ഇതിനായി മണ്‍വേലയുടെ കണക്കെടുത്തപ്പോള്‍ വിജിലന്‍സിന്റെ ആദ്യത്തെ കണ്ടെത്തലുകളെക്കാള്‍ കൂടുതല്‍ തുക സര്‍ക്കാറിനു നല്‍കേണ്ടി വന്നു. ഇതായിരുന്നു രണ്ടാമത്തെ പരിശോധനാ റിപ്പോര്‍ട്ടിനു വഴിവെച്ചത്. പുനഃപ്പരിശോധനക്കുള്ള സര്‍ക്കാര്‍ ഉത്തരവ് വിജിലന്‍സ് കോടതി അംഗീകരിച്ചില്ല. എന്നാല്‍, ഹൈക്കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കി. ആരോപണങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു മൂന്നാമത്തെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് വകുപ്പ് അംഗീകരിച്ചില്ല. വിജിലന്‍സ് വകുപ്പിലെ തന്നെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെക്കാണ്ടു നടത്തിയ അന്വേഷണത്തില്‍, കൂടുതല്‍ തുക കരാറുകാരന് നല്‍കിയ ആദ്യത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും പ്രോസിക്യൂഷന്‍ തുടരണമെന്നും നിര്‍ദേശിച്ചു. നാലാമത്തെ ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.