Tuesday, August 23, 2011

ഇടുക്കിയില്‍ 27 ദിവസത്തിനിടെ പതിമൂന്നിലേറെ പീഡന കേസുകള്‍ ഇരകളിലേറെയും വിദ്യാര്‍ഥിനികള്‍



ബാലികാ പീഡനം, തട്ടിക്കൊണ്ടുപോയി പീഡനം, വിവാഹ വാഗ്‌ദാനം നല്‍കി പീഡനം, വിദ്യാര്‍ഥിനികളെ വശീകരിച്ചുകൊണ്ടുപോയി പീഡനം, ബസിനുള്ളില്‍ പീഡനശ്രമം, ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ പീഡനശ്രമം, ലബോറട്ടറിയില്‍ പീഡനശ്രമം...കേരളത്തില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടു ചെയ്‌ത ലൈംഗീക പീഡനങ്ങളുടെയും പീഡനശ്രമങ്ങളുടെയും പട്ടികയല്ലിത്‌. കഴിഞ്ഞ ജൂലൈ അഞ്ചു മുതല്‍ ചൊവ്വാഴ്‌ചവരെ മലയോര ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്‌ത കേസുകളാണിത്‌. ലോറേഞ്ചെന്നോ ഹൈറേഞ്ചെന്നോ വ്യത്യാസമില്ലാതെ, ബാലികയെന്നോ വിദ്യാര്‍ഥിയെന്നോ വീട്ടമ്മയെന്നോ നോക്കാതെയുള്ള പീഡനകേസുകളിലെ പ്രതികളായവരില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍വരെ ഉള്‍പ്പെടുന്നു. കള്ളക്കടത്തിനും നികുതി വെട്ടിപ്പിനും കൈയേറ്റത്തിനും ഓഹരിത്തട്ടിപ്പിനും കുപ്രസിദ്ധിയാര്‍ജിച്ച ജില്ലയുടെ പേര്‌ ഗിന്നസ്‌ ബുക്കില്‍ കയറ്റാന്‍ 'തീവ്രശ്രമം' നടത്തുന്ന ഒരുഡസനിലേറെവരുന്ന 'സ്‌പെഷ്യലിസ്‌റ്റു'കളുടെ നീണ്ട പട്ടികയാണ്‌ കഴിഞ്ഞ ഒരുമാസത്തിനിടെ പുറത്തുവന്നത്‌. ജില്ലയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ടു ചെയ്‌ത ഈ കേസുകള്‍ക്കു പുറമെ വിവാദമായ കോതമംഗലം പെണ്‍വാണിഭക്കേസ്‌ അടക്കമുള്ളവയിലും ജില്ലയുടെ പ്രതിനിധികള്‍ക്ക്‌ 'സ്‌ഥാനം' നേടാനായി.

ലൈംഗീക പീഡനം, പീഡനശ്രമം, വിദ്യാര്‍ഥികള്‍ക്ക്‌ അശ്ലീല വീഡിയോ വില്‍പ്പന തുടങ്ങിയവയില്‍പ്പെട്ട 13 ലേറെ കേസുകളാണ്‌ കഴിഞ്ഞ 27 ദിവസത്തിനുള്ളില്‍ ഉണ്ടായത്‌. ഇവയില്‍ അഞ്ചിലേറെ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌ വിദ്യാര്‍ഥിനികളാണെന്നത്‌ ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. വീട്ടമ്മമാര്‍ ഉള്‍പ്പെട്ട കേസുകള്‍ ഉണ്ടെങ്കിലും മിക്കവയും പീഡനശ്രമങ്ങളാണ്‌. എന്നാല്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ലൈംഗീക പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ തെളിഞ്ഞു. സമീപജില്ലകളില്‍ നിന്നുപോലും പെണ്‍കുട്ടികളെ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച്‌ ചൂഷണം ചെയ്യുന്നുണ്ട്‌. ഇത്തരത്തിലെത്തിയ ഒരുസംഘം കഴിഞ്ഞ ദിവസം വാളറയില്‍ പിടിയിലായിരുന്നു. വിവാദ പെണ്‍വാണിഭ കേസുകളില്‍പ്പെട്ട പെണ്‍കുട്ടികളെ മൂന്നാര്‍, തേക്കടി, തൊടുപുഴ തുടങ്ങിയ ജില്ലയുടെ വിവിധ മേഖലകളില്‍ എത്തിച്ച്‌ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്‌.

കുമളിയിലും നെടുങ്കണ്ടത്തും കളിക്കൂട്ടുകാരായ കുട്ടികളുടെ ഇരകളായി ബാലികമാര്‍ ക്രൂരമായി കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള കേസുകള്‍ സാക്ഷരകേരളത്തെ ഞെട്ടിച്ചശേഷമാണ്‌ ഇടുക്കിയില്‍ നിന്ന്‌ ദിവസേന പീഡനകഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്‌. സൈബര്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്ന ചുരുക്കംചില കേസുകള്‍ മാത്രമാണ്‌ ഇക്കൂട്ടത്തിലുള്ളത്‌. ആദിവാസി മേഖലകളിലുള്ളവരുടെ അജ്‌ഞത മുതലാക്കി നടക്കുന്ന ലൈംഗീക അതിക്രമങ്ങളില്‍ അധികവും പുറംലോകം അറിയാതെ പോകുന്ന സാഹചര്യത്തിലാണ്‌ ഇവയെക്കുറിച്ച്‌ ഏകദേശ ധാരണയുള്ളവരും വിദ്യാര്‍ഥിനികളും ചൂഷണം ചെയ്യപ്പെടുന്നത്‌. മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്‌ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലൈംഗീക അതിക്രമം വര്‍ധിക്കാന്‍ കാരണമെന്നാണ്‌ വിലയിരുത്തല്‍.

ജില്ലയില്‍ ജൂലൈ ആറുമുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത പീഡന കേസുകളുടെ വിവരം ചുവടെ:


'നീല'യില്‍ പൊലിഞ്ഞ ബാലിക...ജൂലൈ ആറ്‌ (ബുധന്‍)

നെടുങ്കണ്ടത്ത്‌ ബാലികയെ ഏലത്തോട്ടത്തിലെ കുളത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ്‌ അന്വേഷണത്തില്‍ സമീപവാസിയായ അഞ്ചാം ക്ലാസുകാരന്‍ അറസ്‌റ്റില്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ബാലന്റെ മൊഴി. മാതാപിതാക്കളുടെ നീലച്ചിത്ര കാഴ്‌ചയായിരുന്നു ബാലനെ വഴിതെറ്റിച്ചത്‌.

'പീഡന' വാഗ്‌ദാനം...ജൂലൈ ഒന്‍പത്‌ (ശനി)

ബൈസണ്‍വാലി സ്വദേശിയായ സ്‌ത്രീയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റാന്നി സ്വദേശി പള്ളിനടയില്‍ ജോമോന്‍(35) പോലീസ്‌ പിടിയില്‍.

'ന്യൂ ജനറേഷന്‍'...ജൂലൈ 11 (തിങ്കള്‍)

കാറിലെത്തി സോഫ്‌ട്വെയര്‍ എഞ്ചിനീയറായ യുവതിയോട്‌ അപമര്യാദയായി പെരുമാറിയ കരിമണ്ണൂര്‍ കുറുമ്പാലമറ്റം സ്വദേശി ശ്രീനി ഗോപാല്‍ (26) അറസ്‌റ്റില്‍. വൈകിട്ട്‌ എട്ടോടെ മുതലക്കോടം മേഴ്‌സി ലൈനില്‍ ഇറങ്ങി വീട്ടിലേക്ക്‌ നടന്നുപോകുകയായിരുന്നു യുവതി. ഈസമയം കാറിലെത്തിയ ശ്രീനി കൈയില്‍ പിടിക്കുകയും കുതറി മാറിയ യുവതി പാടത്തേക്കു വീഴുകയുമായിരുന്നു.

12 ാം തീയതി 12കാരി...ജൂലൈ 12 (ചൊവ്വ)

പന്ത്രണ്ടുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ ഇളംദേശം മാളിയേക്കല്‍ സലി(33)മിനെ കാഞ്ഞാര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

യാത്രാ'സുഖം'...ജൂലൈ 18 (തിങ്കള്‍)

കുമളിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍ ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത മദ്യപന്‍ പിടിയില്‍. കുമളി- ആനവിലാസം റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസില്‍ യാത്രചെയ്യവെ തിരക്കിനിടെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആനവിലാസം കൊടവനപ്പാട്ട്‌ ബാബു(45)വിനെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌.


ഒന്നാം പാഠം ഹോം സ്‌റ്റേയില്‍...ജൂലൈ 21 (വ്യാഴം)



രാജകുമാരി സ്വദേശിനികളായ രണ്ട്‌ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മൂന്നാറിലെ ഹോം സ്‌റ്റേയിലെത്തിച്ച്‌ പീഡിപ്പിച്ച വാഴക്കുളം ഇടപറമ്പില്‍ അജോയ്‌(32) അറസ്‌റ്റില്‍. പതിനെട്ടിനാണ്‌ രാജകുമാരി മഞ്ഞക്കുഴിയിലെ അയല്‍വാസികളായ എട്ട്‌, ഒന്‍പത്‌ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ കയറ്റി മൂന്നാറിലെത്തിച്ച്‌ പീഡിപ്പിച്ചത്‌. രണ്ടുകുട്ടികളുടെ പിതാവായ ഇയാള്‍ പീഡിപ്പിച്ചശേഷം പിറ്റേന്ന്‌ ഇവരെ രാജാക്കാട്‌ ടൗണില്‍ ഇറക്കിവിട്ടശേഷം മുങ്ങുകയായിരുന്നു.

മുച്ചക്ര വാഹനത്തിനുള്ളില്‍...ജൂലൈ 24 (ഞായര്‍)

അര്‍ധരാത്രിയില്‍ കട്ടപ്പന ടൗണില്‍ ബസിറങ്ങിയ വീട്ടമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ കട്ടപ്പനക്കാരായ രണ്ട്‌ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറസ്‌റ്റില്‍. നെടുങ്കണ്ടം സ്വദേശിനിയായ 42 കാരിയാണ്‌ പീഡനശ്രമത്തില്‍ നിന്നു രക്ഷപെട്ടത്‌. പോലീസുകാര്‍ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ട ഇവരുമായി ഡ്രൈവറും സുഹൃത്തും ഒറ്റപ്പെട്ട സ്‌ഥലത്തേക്ക്‌ പോയി. ഇതിനിടെ വാഹനത്തില്‍ നിന്നു ചാടി സമീപത്തെ പാറമടയില്‍ ഒളിച്ചിരുന്നാണ്‌ രക്ഷപെട്ടത്‌.

ഒരു ലബോറട്ടറി പീഡനശ്രമം...ജൂലൈ 25 (തിങ്കള്‍)

നെടുങ്കണ്ടം ടൗണിലെ സ്വകാര്യ സ്‌ഥാപനത്തില്‍ എക്‌സറേ എടുക്കാനെത്തിയ വീട്ടമ്മയോട്‌ ലബോറട്ടറി പാര്‍ട്ട്‌ണര്‍ അപമര്യാദയായി പെരുമാറി. കേസില്‍ മല്ലപ്പള്ളി വായ്‌പൂര്‌ ഷാജാമഹല്‍ ഷാനവാസി(25)നെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നടുവേദനയെത്തുടര്‍ന്ന്‌ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമാണ്‌ എക്‌സ്റേ എടുക്കാനായി വീട്ടമ്മ സ്വകാര്യ ലാബില്‍ ഭര്‍ത്താവിനൊപ്പം എത്തിയത്‌. എക്‌സ്റേ റൂമില്‍ കയറ്റിയശേഷം പീഡനശ്രമം ഉണ്ടായതോടെ പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു.

'നീല'യുടെ വിത്തുപാകല്‍......ജൂലൈ 25 (തിങ്കള്‍)

മാങ്കുളത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മൊബൈലില്‍ അശ്ലീല വീഡിയോ ചിത്രം പകര്‍ത്തി നല്‍കി വന്നിരുന്ന മൊബൈല്‍ ഷോപ്പുടമകള്‍ പിടിയില്‍. മൊബൈല്‍ വേള്‍ഡ്‌, മൊബൈല്‍ ഗ്യാലക്‌സി എന്നീ സ്‌ഥാപനങ്ങള്‍ നടത്തുന്ന പറുത്തറ തരുണ്‍ (19), അഞ്ചാനിക്കല്‍ ബിനു (26) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കടകളില്‍ നിന്ന്‌ കമ്പ്യൂട്ടറുകളും നിരവധി അശ്ലീല സിഡികളും പോലീസ്‌ പിടിച്ചെടുക്കുകയും ചെയ്‌തു.

വ്യാപാര സ്‌ഥാപനത്തിലും...ജൂലൈ 27 (ബുധന്‍)

നെടുങ്കണ്ടത്ത്‌ കടയില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയോട്‌ അപമര്യാദയായി പെരുമാറിയെന്നും വസ്‌ത്രം വലിച്ച്‌ കീറിയെന്നും കേസ്‌. അയല്‍വാസിയായ മൈലാടുംപാറ തോമസിനെതിരെ (ബിജു-35) പോലീസ്‌ കേസെടുത്തു.

'തട്ടലോ' തലോടലോ?...ജൂലൈ 30 (ശനി)

കരിങ്കുന്നം സ്വദേശിയായ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. ചാറ്റുപാറയില്‍ വാടകയ്‌ക്ക് താമസിക്കുന്ന തോപ്രാംകുടി സ്വദേശിയായ ദീപു(24)വിനെയാണ്‌ കരിങ്കുന്നം പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

കോതമംഗലത്ത്‌ ഹോസ്‌റ്റലില്‍ നിന്ന്‌ പഠനം നടത്തുന്ന കരിങ്കുന്നം സ്വദേശിനിയായ പെണ്‍കുട്ടി 29 ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ വീട്ടിലേക്കെന്നു പറഞ്ഞ്‌ പുറപ്പെട്ടത്‌. ഒന്‍പതരയോടെ നാട്ടിലെത്തി. തുടര്‍ന്നാണ്‌ 'തട്ടിക്കൊണ്ടു പോകല്‍' അരങ്ങേറിയത്‌. ഇരുവരും പെണ്‍കുട്ടിയുടെ വല്യച്ചന്‍ റബര്‍ വെട്ടുന്ന പുറപ്പുഴ കുമ്മാച്ചിറയിലുള്ള പുരയിടത്തിലുള്ള ചെറിയ വീട്ടില്‍ രാത്രി കഴിച്ചുകൂട്ടി. 30 ന്‌ രാവിലെ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ ഇടപെട്ട്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്‌ പിതാവ്‌ പോലീസില്‍ പരാതി നല്‍കി.

അതിര്‍ത്തി കടന്ന മിസ്‌ഡ് കോള്‍...ജൂലൈ 31 (ഞായര്‍)

മൂന്നാര്‍ കാണിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ വിദ്യാര്‍ഥിനികളായ സഹോദരിമാരെ കൂട്ടിയെത്തിയ മലപ്പുറം പേരയന്നൂര്‍ കല്ലുമുറിക്കല്‍ വീട്ടില്‍ മുഹമ്മദ്‌ ഷെഫീഖ്‌ (22), മലപ്പുറം പേരയന്നൂര്‍ കോടലോടിപ്പറമ്പില്‍ സുഹൈര്‍ (21) എന്നിവരെ അടിമാലി പോലീസ്‌ പിടികൂടി. തൃശൂര്‍ ചാഴൂര്‍ സ്വദേശിനികളായ സഹോദരിമാരാരായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്‌.

ഗള്‍ഫിലായിരുന്ന മുഹമ്മദ്‌ രണ്ടുമാസം മുമ്പ്‌ 'മിസ്‌ഡ്കോള്‍' വഴിയാണ്‌ പ്ലസ്‌ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്‌. ഒടുവില്‍ ഒരുമാസം മുമ്പ്‌ നാട്ടിലെത്തിയ ഇയാള്‍ തൃശൂരിലെത്തി പെണ്‍കുട്ടിയെ പലതവണ കാണുകയും പിന്നീട്‌ പെണ്‍കുട്ടിയെയും അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ സഹോദരിയെയും കൂട്ടി മൂന്നാറിന്‌ ഉല്ലാസയാത്ര പുറപ്പെടുകയുമായിരുന്നു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണത്രേ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്‌. 30 ന്‌ വൈകിട്ട്‌ പുറപ്പെട്ട സംഘം മൂന്നാറിലെത്തിയശേഷം ഞായറാഴ്‌ച രാവിലെ പത്തരയോടെ തിരികെ വാളറയ്‌ക്കു സമീപമെത്തിയപ്പോള്‍ സംശയം തോന്നിയ നാട്ടുകാരാണ്‌ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്‍പ്പിച്ചത്‌. പ്ലസ്‌ടുക്കാരിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.

വയര്‍ വീര്‍പ്പിച്ച 'വാഗ്‌ദാനം'...ഓഗസ്‌റ്റ് 2 (ചൊവ്വ)

വിവാഹ വാഗ്‌ദാനം നല്‍കി തോട്ടം തൊഴിലാളിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍. പൂപ്പാറയ്‌ക്കു സമീപം കോരമ്പാറയില്‍ വാടകയ്‌ക്കു താമസിക്കുന്ന ജയന്‍ സാമുവേലാ (27)ണു പിടിയിലായത്‌. പൂപ്പാറ സ്വദേശിയായ 22 കാരിയുടെ പരാതിയെത്തുടര്‍ന്നാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌. ഏലത്തോട്ടം തൊഴിലാളിയായിരുന്ന യുവതിയെ 2009 മുതല്‍ പ്രതി വീട്ടിലും ആളൊഴിഞ്ഞ സമീപ പ്രദേശങ്ങളിലും പീഡിപ്പിച്ചിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കിയിരുന്നെങ്കിലും എട്ടുമാസം ഗര്‍ഭിണിയായിട്ടും ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ്‌ യുവതി പോലീസില്‍ പരാതി നല്‍കിയത്‌.