Tuesday, August 23, 2011

സമരം അവസാനിപ്പിക്കണമെന്ന് ഹസാരെയോട് പ്രധാനമന്ത്രി



ന്യൂഡല്‍ഹി: നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അണ്ണ ഹസാരെയ്്ക്ക് കത്തയച്ചു. ഹസാരെയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളായ പ്രണബ് മുഖര്‍ജി, എ.കെ.ആന്റണി, പി.ചിദംബരം എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി അണ്ണ ഹസാരെയ്ക്ക് കത്തയച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം ചേരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇതിനിടെ ജനലോക്പാല്‍ ബില്‍ വിഷയത്തില്‍ ഹസാരെ സംഘവുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തുകയാണ്. ഹസാരെ സംഘവും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്. കോണ്‍ഗ്രസ് എം.പി സന്ദീപ് ദീക്ഷിതിന്റെ വസതിയിലാണ് ഹസാരെ സംഘവും സര്‍ക്കാരും തമ്മില്‍ ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തിയത്.

തുടര്‍ചര്‍ച്ചകളില്‍ സര്‍ക്കാര്‍ മധ്യസ്ഥനായി ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ നിയോഗിച്ചുവെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍ മാധ്യമ പ്രവര്‍ത്തകരോട് വൈകീട്ട് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ വീണ്ടും ശക്തമായി ഉന്നയിക്കുമെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അണ്ണ ഹസാരെയുമായി സംസാരിച്ചശേഷം വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഹസാരെയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ സംഘം


ന്യൂഡല്‍ഹി: അണ്ണാ ഹസാരയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ സംഘം അറിയിച്ചു. ജീവന്‍ രക്ഷിക്കാനായി ചൊവ്വാഴ്ച രാത്രി മുതല്‍ അദ്ദേഹത്തിന് ഡ്രിപ് നല്‍കണമെന്നാണ് ഡോ. നരേഷ് ത്രിഹാന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അഭിപ്രായപ്പെട്ടത്. എന്നാല്‍ ആസ്പത്രിയിലേക്ക് മാറണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു.