Tuesday, August 23, 2011
2 ജി: പ്രധാനമന്ത്രിക്കും ചിദംബരത്തിനും എതിരെ കനിമൊഴി
ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ച നടപടിയെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും അന്നത്തെ ധനമന്ത്രി പി.ചിദംബരത്തിനും അറിവുണ്ടായിരുന്നുവെന്ന് ഡി.എം.കെ എം.പി കനിമൊഴി കോടതിയില്‍ മൊഴിനല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മന്ത്രി പി.ചിദംബരവും മുന്‍ ടെലികോം മന്ത്രി എ രാജയും സ്‌പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തിന്റെ മിനിട്‌സ് കനിമൊഴിയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശുശീല്‍ കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കനിമൊഴിയെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യാതെ അനുവദിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കേസ്. എന്നാല്‍ സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടില്ല എന്നിതിന് പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രിയും ഇപ്പോഴത്തെ ടെലികോം മന്ത്രിയും സാക്ഷികളാണെന്ന് അഭിഭാഷകന്‍ വാദിച്ചു. 2 ജി സ്‌പെക്ട്രം അനുവദിച്ചതുവഴി സര്‍ക്കാരിന് 1.76 ലക്ഷം കോടി നഷ്ടം ഉണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ടിന് തെളിവുകളുടെ പിന്‍ബലമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.