Monday, August 22, 2011
കാണാതായ യുവതി വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍
മാനന്തവാടി: പടിഞ്ഞാറത്തറയില്‍നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ അപ്പപ്പാറ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അനിതാ നിവാസില്‍ വിശ്വനാഥന്‍നായരുടെ മകള്‍ അനിതയാണ് (20) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ മഞ്ഞൂറ കളത്തില്‍ നാസറിനെയും (36), തെങ്ങുമുണ്ട ഇരട്ട ഗഫൂറി (32)നെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ യുവതിയുമൊത്ത് അപ്പപ്പാറ വനത്തിലെത്തുകയും കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളയുകയുമായിരുന്നുവെന്ന് കരുതുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അനിതയുടെ വീട്ടില്‍ കിണര്‍പണിക്ക് വന്ന നാസറുമായി ഇവര്‍ ഒരുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ആഗസ്ത് 13ന് വീട്ടില്‍നിന്ന് മാനന്തവാടിയിലെ പാരലല്‍കോളേജിലേക്ക് പോയ അനിത തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കി.
നാസറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ ഇയാള്‍ അപ്രത്യക്ഷനായി. ഞായറാഴ്ച പുലര്‍ച്ചെ നാസര്‍ വീട്ടിലെത്തിയ വിവരമറിഞ്ഞ് വൈത്തിരി സി.ഐ. എം.പി. പ്രേംദാസും സംഘവും വീട്ടിലെത്തി ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കാട്ടിക്കൊടുത്തത്. ശാരീരികബന്ധത്തിലേര്‍പ്പെട്ടശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാസര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. അനിതയുടെ വസ്ത്രങ്ങള്‍ തൊട്ടടുത്തുനിന്ന് കണ്ടെടുത്തു. മാനന്തവാടിയില്‍നിന്ന് ബസ്മാര്‍ഗമാണ് ഇവര്‍അപ്പപ്പാറയിലെത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. സി.ഐ. ടി.എന്‍. സജീവ്, പടിഞ്ഞാറത്തറ എസ്.ഐ. ഖാലിദ് എന്നിവര്‍ അപ്പപ്പാറ ഫോറസ്റ്റ്‌സ്റ്റേഷനടുത്ത് വനത്തിലെത്തി തുടരന്വേഷണം നടത്തി.