Sunday, August 21, 2011

തീവണ്ടി യാത്രക്കാരന്‍ മാറിയെടുത്ത ബാഗില്‍ 8.5 കിലോഗ്രാം കഞ്ചാവ്

യാത്രക്കാരന്‍ തീവണ്ടിയില്‍നിന്ന് മാറിയെടുത്ത ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കേരളഎക്‌സ്​പ്രസ്സില്‍ ഒറ്റപ്പാലത്തിറങ്ങിയ മുള്ളൂര്‍ക്കര സ്വദേശി രാമദാസിനാണ് 8.5 കിലോഗ്രാം കഞ്ചാവടങ്ങിയ ബാഗ് ലഭിച്ചത്. ശനിയാഴ്ചരാവിലെ എട്ടോടെയാണ് സംഭവം. ഷൊറണൂര്‍ റെയില്‍വേ സി.ഐ. എന്‍.സി.സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ്‌സംഘം സ്ഥലത്തെത്തി ബാഗ് കസ്റ്റഡിയിലെടുത്തു. വിപണിയില്‍ ഒരുലക്ഷത്തോളം വിലവരും.

ചെന്നൈയില്‍നിന്ന് ഷൊറണൂരിലേക്ക് യാത്രചെയ്യവേ കോയമ്പത്തൂരില്‍നിന്നാണ് രാമദാസ് തീവണ്ടിയിലെ ജനറല്‍കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്. സീറ്റിനടിയില്‍ കറുത്തനിറമുള്ള ബാഗ് വെച്ചു. ഷൊറണൂരിലും ഒറ്റപ്പാലത്തും ട്രെയിനിന് സ്റ്റോപ്പില്ലെങ്കിലും ഒറ്റപ്പാലത്ത് വണ്ടി നിര്‍ത്തി. ഈ സമയം തിരക്കിട്ട് ബാഗുമെടുത്ത് ഇറങ്ങിയപ്പോള്‍ മാറിയതാണെന്ന് കരുതുന്നു. പ്ലാറ്റ്‌ഫോമില്‍വെച്ചുതന്നെ ബാഗ് മാറിയെന്ന് തിരിച്ചറിഞ്ഞ് സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചു. സ്റ്റേഷന്‍മാസ്റ്റര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടനെ പോലീസിലും റെയില്‍വേ കണ്‍ട്രോള്‍റൂമിലും വിവരമറിയിച്ചു.
കഞ്ചാവ് തെലുങ്ക്ഭാഷാപത്രംകൊണ്ട് പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. മൊഴിയെടുത്തശേഷം യാത്രക്കാരനെ വിട്ടയച്ചു. എറണാകുളം മുതല്‍ കോട്ടയം വരെ സ്റ്റേഷനുകളില്‍ തീവണ്ടിയിലെ കമ്പാര്‍ട്ട്‌മെന്റുകള്‍ പരിശോധിച്ചെങ്കിലും സംശയിച്ചിരുന്ന സഹയാത്രക്കാരനെയോ നഷ്ടപ്പെട്ട ബാഗോ കണ്ടെത്താനായില്ല. വസ്ത്രങ്ങളും 1500 രൂപയും ഐഡന്റിറ്റികാര്‍ഡും ബാഗിലുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ റിട്ട. ഉദ്യോഗസ്ഥനായ രാമദാസ് ചെന്നൈ അമ്പത്തൂരില്‍ സഹോദരിയുടെ വീട്ടില്‍പോയി മടങ്ങുകയായിരുന്നു. കോയമ്പത്തൂര്‍വരെ മറ്റൊരു തീവണ്ടിയിലാണ് വന്നത്. റെയില്‍വേപോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഞ്ചാവ് കോടതിയില്‍ ഹാജരാക്കും