Friday, August 19, 2011
ഹസാരെ ജയിലില്‍ നിന്ന് പുറത്തിറങ്ങി
ന്യൂഡല്‍ഹി: സുശക്തമായ ലോക്പാല്‍ ബില്ലാവശ്യപ്പെട്ടുകൊണ്ടുള്ള നിരാഹാര സമരത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കാന്‍ അന്നാ ഹസാരെ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഹസാരയെ കാത്ത് പൊതുജനപ്രതിനിധികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ജനങ്ങളാണ് ജയിലിന് പുറത്ത് തമ്പടിച്ചിരുന്നത്. രാവിലെ 11.40 ഓടെ തിഹാര്‍ ജയിലില്‍ നിന്നും പുറത്തുവന്ന ഹസാരയെ കരഘോഷത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്.
എങ്ങും അന്നാ എന്ന മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. സ്വാമി അഗ്നിവേശ് ഉള്‍പ്പടെയുള്ളവര്‍ ജയിലിന് പുറത്ത് ഹസാരയെ സ്വീകരിച്ചു. 'രാജ്യത്ത് അഴിമതി പൂര്‍ണമായി തുടച്ചുനീക്കുന്നത് വരെ ഈ സമരം തുടരുക തന്നെ ചെയ്യുമെന്ന് ജയിലിന് പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി 64 വര്‍ഷം ആയെങ്കിലും യഥാര്‍ഥ സ്വാതന്ത്ര്യമായില്ല. അനുയായികളാണ് എന്റെ ശക്തി. രണ്ടാം സ്വാതന്ത്ര്യസമരത്തിനാണ് ആഗസ്ത് 16ന് തുടക്കം കുറിച്ചിരിക്കുന്നത്-ഹസാരെ പറഞ്ഞു. തുറന്ന വാഹനത്തിലാണ് തിഹാര്‍ ജയില്‍പരിസരത്ത് നിന്ന് ഹസാരെ മായാപുരിയിലേക്ക് പുറപ്പെട്ടത്.
അന്ന ഹസാരെയുടെ നിരാഹാരസമരം വെള്ളിയാഴ്ച ഉച്ച മുതല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും.
സര്‍ക്കാര്‍ പ്രതിനിധികളും അന്ന ഹസാരെയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് രണ്ടുദിവസമായി കേന്ദ്രത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രശ്‌നത്തിന് പരിഹാരം കണ്ടത്. സമരത്തിനായി രാംലീല മൈതാനം സജ്ജമാക്കാനുള്ളതിനാലാണ് ഒരു രാത്രി കൂടി തിഹാര്‍ ജയിലില്‍ കഴിഞ്ഞശേഷം മതി അങ്ങോട്ടു മാറുന്നതെന്ന് ഹസാരെ സംഘം തീരുമാനിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അനുയായികളോടൊപ്പം പ്രകടനമായി രാംലീല മൈതാനത്ത് എത്തുന്ന ഹസാരെ പ്രത്യേകം ഒരുക്കിയ പന്തലില്‍ നിരാഹാരസമരം തുടരും. സമരത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയതോടെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു.
ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്. സര്‍ക്കാര്‍ അനുവദിച്ച സപ്തംബര്‍ രണ്ട് വരെ സമരം തുടരുകയാണെങ്കില്‍ അത് 19 ദിവസത്തെ നിരാഹാരമായി മാറും. ദിവസേന സര്‍ക്കാര്‍ ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യപരിശോധന നടത്തേണ്ടതുണ്ടെന്ന സര്‍ക്കാര്‍ നിബന്ധനയും ഹസാരെയും അനുയായികളും അംഗീകരിച്ചിട്ടുണ്ട്.
നിരാഹാരത്തിനിടെ നരേഷ് തെഹ്രാന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ വൈദ്യസഹായം ആവശ്യമാണെന്ന് പ്രഖ്യാപിച്ചാല്‍ ഹസാരെയെ ആസ്പത്രിയിലേക്ക് മാറ്റുമെന്ന് കിരണ്‍ ബേദി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവുമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഹസാരെ സംഘത്തിന് മുന്നില്‍ മുട്ടുകുത്തിയെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണ്. ഒരു മധ്യപാത തുറക്കാനാണ് ചര്‍ച്ച നടക്കുന്നത്. അത് സാധിച്ചു എന്നതാണ് പ്രധാനം - അവര്‍ കൂട്ടിച്ചേര്‍ത്തു.
മൈതാനത്തും സമരത്തിലും പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുരേഖയില്‍ ഹസാരെയ്‌ക്കൊപ്പം ശാന്തിഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് ഒപ്പിട്ടത്.
ഹസാരെ സംഘത്തിന് സത്യാഗ്രഹത്തിന് അനുമതി നല്‍കിയ കാര്യം സര്‍ക്കാര്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്ങാണ് സപ്തംബര്‍ രണ്ടുവരെ പ്രതിഷേധ സമരം നടത്താന്‍ അനുമതി നല്‍കിയ കാര്യം അറിയിച്ചത്. ഒത്തുതീര്‍പ്പ് ആരുടെയെങ്കിലും വിജയമാണെന്ന് പറയുന്നത് തെറ്റാണെന്ന് അദ്ദേഹവും പറഞ്ഞു.