Friday, August 19, 2011

വി.എസ്.വിഭാഗവും ഐസക്കും പുതിയ ചേരിയില്‍

സമ്മേളനങ്ങള്‍ക്കു തയ്യാറെടുപ്പാരംഭിച്ചതോടെ സി.പി.എം നേതൃത്വത്തില്‍ പുതിയ ധ്രുവീകരണം. ഔദ്യോഗിക പക്ഷത്തുള്ള ഡോ.തോമസ് ഐസക്കും ജി.സുധാകരനും വിരുദ്ധ ചേരികളില്‍ നിലയുറപ്പിച്ചു. തോമസ് ഐസക്ക്, വി.എസ്.പക്ഷവുമായി കൈകോര്‍ത്തതാണ് പുതിയ സംഭവവികാസം.

ആലപ്പുഴ ജില്ലയിലെ ഏരിയാ കമ്മിറ്റികള്‍ വിഭജിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ചേരിമാറ്റം പ്രകടമായി. തോമസ് ഐസക്ക് മറ്റു ജില്ലകളിലും ഈ പരീക്ഷണത്തിനു തയ്യാറെടുപ്പ് തുടങ്ങിയതായിട്ടാണ് സുധാകര പക്ഷത്തിന്റെ നിരീക്ഷണം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സുധാകര അനുകൂലികളുടെ രഹസ്യയോഗം ഐസക്കിനെതിരെ പാര്‍ട്ടിഫോറത്തില്‍ തുറന്നടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി വെള്ളിയാഴ്ച ആലപ്പുഴയിലെത്തുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് സുധാകരപക്ഷം പരാതി നേരില്‍ പറയും.

പുനര്‍വിഭജനം പൂര്‍ത്തിയായ ജില്ലയിലെ മുഴുവന്‍ ഏരിയാ കമ്മിറ്റികളിലും വി.എസ്. ഗ്രൂപ്പുമായി ചേര്‍ന്ന് തോമസ്‌ഐസക്ക് മേല്‍ക്കൈ നേടിയത് സുധാകരപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

തോമസ് ഐസക്കിന്റെ തട്ടകമായ മാരാരിക്കുളം ഏരിയാ കമ്മിറ്റിയില്‍ സുധാകര പക്ഷത്തിനായിരുന്നു ഭൂരിപക്ഷം. ഇത് വിഭജിച്ച് രൂപവത്കരിച്ച പാതിരപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ സുധാകര അനുകൂലികളെ ഒഴിവാക്കുകയും നടപടിയെടുത്ത് പുറത്തു നിര്‍ത്തിയിരുന്ന വി.എസ്.അനുകൂലികളെ ഉള്‍പ്പെടുത്തുകയും ചെയ്തു. പിണറായിയുടെ കോലം കത്തിച്ചതിനും പാര്‍ട്ടി ഓഫീസ് പൂട്ടിയതിനും വി.എസ്.അനുകൂല പ്രകടനത്തിനും നടപടി നേരിട്ടവരെ തിരികെ കൊണ്ടുവരാന്‍ തോമസ്‌ഐസക്ക് മുന്‍കൈ എടുത്തുവെന്നാണ് ഔദ്യോഗികപക്ഷത്തെ എതിര്‍ചേരിയുടെ ആക്ഷേപം.

വി.എസ് ഗ്രൂപ്പുകാരായ സി.കെ.സദാശിവന്‍ എം.എല്‍.എ., സി.എസ്.സുജാത എന്നിവരെല്ലാം തോമസ് ഐസക്കിന്റെ പുതിയ ചേരിക്കൊപ്പം നില്‍ക്കുമ്പോള്‍ ആലപ്പുഴയില്‍ ജി.സുധാകരനൊപ്പം പി.കെ.ചന്ദ്രാനന്ദന്‍, ആര്‍.നാസര്‍, ജി.വേണുഗോപാല്‍, എം.സുരേന്ദ്രന്‍, എ.രാഘവന്‍ എന്നിവരാണുള്ളത്. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷമുള്ള സുധാകരന് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി പിന്തുണ നല്‍കുന്നുണ്ട്. തോമസ് ഐസക്കിന്റെ തന്ത്രങ്ങളോട് പാര്‍ട്ടി സെക്രട്ടറിയുടെ സമീപനമെന്തെന്നാണ് എതിര്‍പക്ഷം ഉറ്റുനോക്കുന്നത്.