Thursday, August 18, 2011

സ്വര്‍ണ വില പുതിയ ഉയരത്തില്‍



 സ്വര്‍ണ വില പവന് 240 രൂപ കുതിച്ചുയര്‍ന്ന് 19840 രൂപയിലെത്തി പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഗ്രാമിന് 30 രൂപയുടെ വര്‍ധനവോടെ 2480 രൂപയാണ് ഇന്നത്തെ വില. 19760 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്.

തുടര്‍ച്ചയായ രണ്ടു ദിവസം കുറഞ്ഞിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില തിരിച്ചു കയറുകയായിരുന്നു. ആഗോള വിപണിയിലും വില പുതിയ റെക്കോഡ് സൃഷ്ടിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണം പുതിയ ഉയരം കുറിച്ചത്. ട്രോയ് ഔണ്‍സിന്(31.1ഗ്രാം) എട്ട് ഡോളര്‍ വര്‍ധനയോടെ 1790.40 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. നിയവിരുദ്ധമായ ഖനനം തടയുന്നതിനായി വെനസ്വേല സ്വര്‍ണ ഖനികള്‍ ദേശസാത്ക്കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ സ്വര്‍ണത്തിന്റെ ലഭ്യത കുറയുമോയെന്ന ആശങ്കകള്‍ സജീവമായതാണ് സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ത്തിയത്.