കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സെന്നിന് എതിരായ കുറ്റവിചാരണാ നടപടി രാജ്യസഭയില്‍ തുടങ്ങി.
രാജ്യസഭയില്‍ ആദ്യമായാണ് ഒരു ഒരു ജഡ്ജിക്കെതിരായ കുറ്റവിചാരണ നടക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് നടപടികള്‍ രാജ്യസഭയില്‍ ആരംഭിച്ചത്. സഭാധ്യക്ഷന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിചാരണയുടെ നടപടിക്രമങ്ങള്‍ വിശദീകരിച്ചശേഷം ജസ്റ്റിസ് സെന്നിനെ തന്റെ ഭാഗം വിശദീകരിക്കുന്നതിനായി സഭയിലേക്ക് വിളിച്ചു. സഭയുടെ പ്രവേശനകവാടത്തിനരികെ അധ്യക്ഷ പീഠത്തിന് അഭിമുഖമായി സജ്ജീകരിച്ച പ്രതിക്കൂട്ടില്‍ ഹാജരായാണ് ജസ്റ്റിസ് സെന്‍ തന്റെ ഭാഗം ന്യായീകരിച്ചത്.
കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം സി.പി.എം. അംഗം സീതാറാം യെച്ചൂരിയാണ് അവതരിപ്പിച്ചത്. ഹൈക്കോടതി നിയമിച്ച റിസീവര്‍ എന്ന നിലയില്‍ ലഭ്യമായ പണം ദുര്‍വിനിയോഗം ചെയ്തു എന്നും ഇത് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നുമാണ് ജസ്റ്റിസ് സെന്നിന്റെ പെരുമാറ്റദൂഷ്യത്തിന് ഉപോദ്ബലകമായി പ്രമേയത്തില്‍ ചുമത്തിയ കാരണങ്ങള്‍.
ജസ്റ്റിസ് സെന്നിന് എതിരായി കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് സീതാറാം യെച്ചൂരി പ്രമേയം ഒരു ജഡ്ജിക്ക് എതിരായി മാത്രമുള്ളതാണെന്നും ജുഡീഷ്യറി എന്ന സ്ഥാപനത്തിന് എതിരായുള്ളതല്ലെന്നും വ്യക്തമാക്കി. രാജ്യത്തെ ജുഡീഷ്യറിയുടെ ഉന്നത മൂല്യങ്ങളും നിക്ഷ്പക്ഷതയും വിശ്വാസ്യതയും നിലനില്‍ക്കണമെന്ന ജനങ്ങളുടെ ഇച്ഛയാണ് ഈ പ്രമേയത്തില്‍ പ്രതിഫലിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.
പ്രമേയാവതരണത്തിനുശേഷം ജസ്റ്റിസ് സൗമിത്രാസെന്നിനെ തന്റെ ഭാഗം ന്യായീകരിക്കാന്‍ സഭാധ്യക്ഷന്‍ വിളിച്ചു.
താന്‍ തെറ്റുകാരനല്ലെന്ന് വാദിച്ച ജസ്റ്റിസ് സെന്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ താന്‍ ജഡ്ജിയായിരുന്ന കാലത്തുള്ളതല്ലെന്നും അഭിഭാഷകനായിരിക്കെ റിസീവറായി നിയമിക്കപ്പെട്ടിരുന്ന കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നും ന്യായീകരിച്ചു. തന്റെ സത്യസന്ധതയും വിശ്വാസ്യതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ആരോപണങ്ങളില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ഡിവിഷന്‍ബെഞ്ച് തന്നെ കുറ്റവിമുക്തനാക്കിയിരുന്നതായും അദ്ദേഹം വാദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അതിലും ഉന്നതമായ നീതിപീഠം റദ്ദാക്കാത്ത കാലത്തോളം ജുഡീഷ്യറിയിലെ ആഭ്യന്തരമായ നടപടിക്രമങ്ങളിലൂടെ തന്നെ കുറ്റക്കാരനായി കണ്ടെത്തിയ നടപടി അംഗീകരിക്കാനാവില്ല എന്നതില്‍ ഊന്നിനിന്നായിരുന്നു ജസ്റ്റിസ് സെന്നിന്റെ വാദങ്ങളത്രയും. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അനുകൂലമായിട്ടും അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് ജസ്റ്റിസ് സെന്‍ കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും തനിക്കെതിരെ മുന്‍വിധിയോടെയുള്ള സമീപനമാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ സ്വീകരിച്ചതെന്ന് സമര്‍ഥിക്കാനും തന്റെ ന്യായവാദങ്ങളിലുടനീളം ജസ്റ്റിസ് സെന്‍ ശ്രമിച്ചു.
താനല്ല ജുഡീഷ്യറിക്ക് ദുഷ്‌പ്പേര് ഉണ്ടാക്കിയതെന്നും തന്നെ വേട്ടയാടുന്ന ഉന്നതരാണെന്നും ജുഡീഷ്യറിയുടെ കളങ്കം മായ്ക്കാന്‍ കണ്ടെത്തിയ ബലിയാടാണ് താനെന്നും ജസ്റ്റിസ് സെന്‍ വാദിച്ചു. അലഹാബാദ് ഹൈക്കോടതിയുമായി ബന്ധപ്പെട്ട പി.എഫ്. കുംഭകോണത്തിലും ജഡ്ജിയുടെ വസതിക്ക് മുന്നില്‍ പണമടങ്ങിയ സൂട്ട്‌കേസ് കണ്ടത്തിയ സംഭവത്തിലും അന്വേഷണത്തിന് അനുവദിക്കാതിരുന്നവര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ പണം ഒരുപക്ഷേ, വകമാറ്റിയിരിക്കാം പക്ഷേ, ഒരിക്കലും സാമ്പത്തിക ക്രമക്കേട് കാട്ടിയിട്ടില്ല - ജസ്റ്റിസ് സെന്‍ വാദിച്ചു.
കുറ്റവിചാരണാ പ്രമേയത്തെ അനുകുലിച്ച പ്രതിപക്ഷനേതാവ് അരുണ്‍ജെയ്റ്റ്‌ലി ജസ്റ്റിസ് സെന്നിന്റെ വാദങ്ങളെ ശക്തിയായി എതിര്‍ത്തു. എതിര്‍ഭാഗം അഭിഭാഷകരുമായുള്ള ഉഭയകക്ഷി സമ്മതപ്രകാരം കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു നേടിയെടുത്ത ഉത്തരവ് ഒരു തരത്തിലും ജസ്റ്റിസ് സെന്നിന് എതിരായ കണ്ടെത്തലുകളുടെ ഗൗരവം കുറയ്ക്കുന്നില്ല. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജസ്റ്റിസ് സെന്‍ മറച്ചുവെച്ചെന്നും അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. കുറ്റവിചാരണാ നടപടികള്‍ രാജ്യസഭയില്‍ വ്യാഴാഴ്ചയും തുടരും.
നടപടിക്രമങ്ങള്‍ക്കുശേഷം പ്രമേയം സഭ വോട്ടിനിടും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യസഭ പാസാക്കിയാല്‍ പ്രമേയം ലോക്‌സഭയുടെ പരിഗണനയ്ക്ക് പോകും. ലോക്‌സഭയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാല്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയും രാഷ്ട്രപതി ജഡ്ജിയെ പദവിയില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്യും.