Saturday, July 30, 2011

പറവൂര്‍ പെണ്‍വാണിഭ കേസ്: ആസ്‌പത്രി മുന്‍ ഉടമ കീഴടങ്ങി

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്​പത്രിയുടെ മുന്‍ ഡയറക്ടറും വ്യവസായിയുമായ അബ്ദുള്‍ ജലീല്‍(58) ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങി. വിദേശത്തായിരുന്ന ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് ശനിയാഴ്ച ഉച്ചയോടെ കീഴടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ഇതേവരെ 73 പേര്‍ അറസ്റ്റിലായി .

എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു കുട്ടിയെ ജലീല്‍ ഉപദ്രവിച്ചത്. സുബൈദ എന്ന ഇടനിലക്കാരി വഴിയാണ് കുട്ടിയെ ഇയാള്‍ക്ക് കിട്ടിയത്. കേസില്‍ പ്രതിസ്ഥാനത്തായതോടെ ജലീല്‍ ആസ്​പത്രി ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു. സൗദി അറേബ്യയിലായിരുന്നു ഇദ്ദേഹം.

കേസില്‍ പിടികൂടാനുള്ള ഒരു ഡോക്ടര്‍ ഇപ്പോഴും വിദേശത്താണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. പച്ചാളത്തെ ഫ്‌ളാറ്റില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്.

ഇതിനിടെ കേസില്‍ അറസ്റ്റിലാകാനുള്ള തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനെ തേടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ നാട്ടുകാരും സഹായത്തിന് എത്തുന്നുണ്ട്.