Saturday, July 30, 2011

മുല്ലപ്പെരിയാര്‍: ജലനിരപ്പിന് താഴെയും ഭൂചലനക്ഷതങ്ങള്‍ക്ക് സാധ്യത




 മുല്ലപ്പെരിയാര്‍ മേഖലയില്‍ ഭൂചലനങ്ങള്‍ അനവധിയുണ്ടായിട്ടുണ്ടെങ്കിലും അവ അണക്കെട്ടിലുണ്ടാക്കിയിട്ടുള്ള ക്ഷതങ്ങള്‍ എന്തെല്ലാമെന്നോ വ്യാപ്തി എത്രയാണെന്നോ പഠിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനം അണക്കെട്ടിന്റെ പുറമെ കാണുന്ന ഭാഗത്തുണ്ടാക്കിയ വിള്ളലുകളേക്കാള്‍ ഗുരുതരമായ ക്ഷതങ്ങള്‍ വെള്ളത്തിന് താഴെയുള്ള ഭാഗത്ത് സൃഷ്ടിച്ചിട്ടുണ്ടാകുമെന്നാണ് ആശങ്ക.

ഭൂചലനം കൊണ്ടുള്ള ഗുരുതരമായ ക്ഷതങ്ങള്‍ പുറത്തുനിന്ന് നോക്കിയാല്‍ കാണാനാവില്ല. ജലനിരപ്പിന് താഴെയുള്ള ഭാഗത്താകും അത്. ഭൂചലനംകൊണ്ട് ജലസംഭരണിയിലെ വെള്ളത്തില്‍ അസാധാരണമായ മര്‍ദ്ദം ഉണ്ടാകും. ഭൂചലനത്താലുണ്ടാകുന്ന മര്‍ദ്ദത്തില്‍ വെള്ളം വലിയ ഗോളംപോലെ അണക്കെട്ടില്‍ ചെന്നിടിക്കും; തിരിച്ചുപോകും. വീണ്ടും ചെന്നിടിക്കും. ക്രമേണ അതിന്റെ ശക്തി കുറയും. എന്നാല്‍, ഉപരിതലത്തില്‍ ഒന്നും അറിയാനുണ്ടാവില്ല.

ജലമര്‍ദ്ദം കൊണ്ട് പ്രതിവര്‍ഷം 30 ടണ്‍ ചുണ്ണാമ്പ് അണക്കെട്ടില്‍നിന്ന് ചോര്‍ന്നുപോകുന്നുണ്ടെന്ന് തമിഴ്‌നാടുതന്നെ സമ്മതിച്ചിട്ടുള്ളതാണ്. അങ്ങനെയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 1500 ടണ്‍ ചുണ്ണാമ്പെങ്കിലും അണക്കെട്ടില്‍നിന്ന് നഷ്ടപ്പെട്ടിരിക്കണം. ആ സ്ഥാനത്ത് പിന്നീട് ഉപയോഗിച്ചതാകട്ടെ, 540 ടണ്‍ സിമന്റ് മാത്രം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ചുണ്ണാമ്പ് ചേര്‍ത്ത സുര്‍ക്കിയാണ് ഉപയോഗിച്ചിരിക്കുന്നത്.

നിരന്തരമായ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടില്‍ ചോര്‍ച്ച വര്‍ദ്ധിച്ചതായി നേരത്തേതന്നെ കണ്ടെത്തിയിരുന്നതാണ്. ഭൂമിക്കടിയിലുള്ള ഭ്രംശപാളികളുടെ ഉരസല്‍ കാരണം ദ്രവരൂപത്തിലുള്ള മിശ്രിതമായ സോയിസൈറ്റ് ഉണ്ടാകുന്നതായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ ഉണ്ട്. തുടര്‍ന്നുള്ള ഭൂചലനത്തിന്റെ സാധ്യതയാണ് സോയിസൈറ്റിന്റെ സാന്നിധ്യം കാണിക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് മുല്ലപ്പെരിയാറില്‍ സാധ്യതയുണ്ടെന്നാണ് റൂര്‍ക്കി ഐ.ഐ.ടി.യുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അത്ര ശക്തിയുള്ള ചലനത്തെ അണക്കെട്ട് ഒരു കാരണവശാലും അതിജീവിക്കില്ല. നേരത്തെ ഈ മേഖലയിലുണ്ടായിട്ടുള്ള ഭൂചലനങ്ങള്‍ ചെറുതും അണക്കെട്ടിന് അകലെയുമായിരുന്നു. 'എര്‍ത്ത്‌ക്വേക്ക് കമ്മറ്റി ഓഫ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ ലാര്‍ജ് ഡാംസ്' (ഐകോള്‍ഡ്) നിര്‍ദ്ദേശിച്ചിട്ടുള്ളത് ആധുനികവിദ്യയുടെ സഹായത്തോടെയല്ലാതെ, പരമ്പരാഗത രീതിയില്‍ നിര്‍മിച്ചിട്ടുള്ള വലിയ അണക്കെട്ടുകള്‍ പരിശോധിക്കണമെന്നും ഭൂചലനസാധ്യതകളുടെ അടിസ്ഥാനത്തില്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്നുമാണ്. വിദഗ്ദ്ധ പരിശോധനയെന്നല്ല, കാര്യമായ ഒരന്വേഷണവും മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ല.