Saturday, July 2, 2011

പി ശശിക്ക് പുറത്തേക്കുള്ള വഴിതുറക്കുന്നു



തിരുവനന്തപുരം: പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണ വിധേയനായ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ സി.പി.എമ്മില്‍നിന്ന് പുറത്താക്കും. സംസ്ഥാന സമിതിയിലാണ് തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സമിതി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സാധാരണ നടത്താറുള്ള വാര്‍ത്താസമ്മേളനം ഇത്തവണയുണ്ടായില്ല. പകരം ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കുകയാണ് ചെയ്തത്. ഇതില്‍ ശശി വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.

പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട്ട് വെച്ച് നടത്താന്‍ തീരുമാനിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം ഫിബ്രവരി ആദ്യ വാരത്തോടെ തിരുവനന്തപുരത്ത് വെച്ച് നടത്തും. ഈ വര്‍ഷം സപ്തംബര്‍ 15ഓടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിന് ശേഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ലോക്കല്‍ സമ്മേളനവും നടക്കും.

ശശിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ പോര പുറത്താക്കല്‍ തന്നെവേണമെന്ന് സംസ്ഥാന സമിതിയില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നു.

ആരോപണത്തെത്തുടര്‍ന്ന് ശശി നേരത്തെ സംസ്ഥാന സമിതിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്ന പി.ശശിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. 2011 മാര്‍ച്ചിലാണ് പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.

സി.പി.എമ്മിലെ വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം അടിയുറച്ചുനിന്ന പി.ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി അപര്യാപ്തമെന്ന് ആരോപിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്തുവന്നിരുന്നു. ശശി നടത്തിയ പാര്‍ട്ടി വിരുദ്ധ നടപടിയുമായി താരതമ്യം ചെയ്യുമ്പോള്‍ തരംതാഴ്ത്തല്‍ മതിയായ ശിക്ഷയല്ലെന്ന് വാദിച്ച വി.എസ്.അച്യുതാനന്ദന്‍ ഈ കാര്യത്തില്‍ വേണ്ടത്ര ശക്തമായ നടപടി ഉണ്ടായിട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ശശി പ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ കേന്ദ്ര കമ്മിറ്റിയെ വി.എസ്.സമീപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട സി.പി.എം.കേന്ദ്രനേതൃത്വം കൂടുതല്‍ കടുത്ത നടപടി വേണമെന്ന നിര്‍ദേശം വെയ്ക്കുകയായിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാണ് ശശിയ്‌ക്കെതിരെ തരംതാഴ്ത്തല്‍ നടപടി പോരെന്നും കൂടുതല്‍ ശക്തമായ നടപടി വേണമെന്നും നിര്‍ദേശിച്ചത്.