
പ്രശസ്ത നടി ശ്വേതാ മേനോന്‍ വിവാഹിതയായി. തൃശ്ശൂര്‍ സ്വദേശി ശ്രീവത്സന്‍ മേനോനാണ് വരന്‍. ശ്വേതയുടെ അച്ഛന്‍ നാരായണന്‍കുട്ടി മേനോന്റെ തറവാടായ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തു കരേക്കാട്ട് ഇന്ദിരാസദനത്തിനു സമീപത്തെ നെയ്തലപ്പുറത്ത് ശാസ്താ ക്ഷേത്രത്തില്‍ ഇന്നു രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്ന് നടി ഗീതു മോഹന്‍ദാസ് മാത്രമാണ് എത്തിയത്.
വിവാഹ ശേഷം തറവാട്ടില്‍ ചെറിയ വിവാഹ സദ്യയൊരുക്കിയിരുന്നു. സുഹൃത്തുക്കള്‍ക്കും സിനിമാമേഖലയില്‍ നിന്നുള്ളവര്‍ക്കുമായി പിന്നീട് വിരുന്നൊരുക്കും. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ശ്രീവത്സന്‍ മേനോനും ശ്വേതയും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സന്‍ മേനോന്‍ വള്ളത്തോളിന്റെ കൊച്ചുമകനാണ്.