Friday, April 29, 2011

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം




ജനീവ: വിഷവര്‍ഷത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളനിരോധനം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനമായി. ഇളവുകളോടെയാണ് നിരോധനം. എതിര്‍പ്പുകളില്ലാതെയാണ് കീടനാശിനി നിരോധിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന സ്വതന്ത്ര പ്രതിനിധി.

നിരോധനത്തെ ഇന്ത്യ എതിര്‍ത്തിരുന്നുവെങ്കിലും മറ്റുരാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ നിലപാടില്‍ അയവുവരുത്തി. ഇന്ത്യ ആവശ്യപ്പെട്ട ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബദല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നിരോധനത്തെ എതിര്‍ത്ത വികസ്വര രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നതിനും യോഗത്തില്‍ ധാരണയായി.

എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടു തുടങ്ങിയ പ്ലീനറിസമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളോടെ വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമരൂപം നല്‍കിയ ശേഷമാണ് അംഗീകാരം നല്‍കിയത്.സ്റ്റോക്‌ഹോം ഉടമ്പടിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി കഴിഞ്ഞവര്‍ഷം എന്‍ഡോസള്‍ഫാനെ മാരക കീടനാശിനികളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനമാനിച്ചതിന്റെയും അതിന് ആഗോളവ്യാപകമായി നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകളോടെ നിരോധനം കൊണ്ടുവരുന്നതെന്ന് കരടുരേഖയില്‍ പറഞ്ഞിരുന്നു.

ഇളവുകളനുസരിച്ച് പരുത്തി, കാപ്പി, തേയില, മാവ് എന്നിവയുള്‍പ്പെടെയുള്ള 16 വിളകളെ ബാധിക്കുന്ന ഏതാനും കീടങ്ങളെ നേരിടാന്‍ ഉപാധികളോടെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാനാവും. അതിനു പുറമെ നെല്ല്, ഗോതമ്പ്, തക്കാളി, ഉരുളക്കിഴങ്ങ്, മുളക്, കടുക് എന്നിവയുള്‍പ്പെടെ 18 വിളകളെ ബാധിക്കുന്ന മറ്റു ചില കീടങ്ങളെ നേരിടാനും ഇളവനുവദിക്കണമെന്ന ആവശ്യത്തിന്‍മേലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഇതില്‍ പതിനഞ്ചു കീടങ്ങളുടെ കാര്യത്തില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുള്ളത് ഇന്ത്യയാണ്. ചൈനയും ഉഗാണ്ടയുമാണ് ഇളവിനായി ആവശ്യമുന്നയിച്ച മറ്റു രാജ്യങ്ങള്‍.