Wednesday, April 27, 2011

നിരോധനം വേണമെന്ന് എഫ്.എ.ഒ.യും എന്‍ഡോസള്‍ഫാന്‍: ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം മുറുകുന്നു



ജനീവ: സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ശക്തമായി. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലുണ്ടാകുന്ന പ്രായോഗികപ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതു സംബന്ധിച്ചാണ് ഭൂരിപക്ഷം രാജ്യങ്ങളും സമ്മേളനത്തിന്റെ മൂന്നാംദിവസം ചര്‍ച്ച ചെയ്തത്. ഉപാധികളോടെയുള്ള നിരോധനം എന്ന നിര്‍ദേശത്തോട് ചൈനയും അനുകൂലമായി പ്രതികരിച്ചതോടെ എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കുന്ന ഇന്ത്യ തീര്‍ത്തും ഒറ്റപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ഈ കീടനാശിനിയുടെ സഹായം കൂടാതെ തന്നെ കൃഷി സാധ്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ,കാര്‍ഷിക സംഘടന(എഫ്.എ.ഒ.) പ്രസ്താവന പുറപ്പെടുവിച്ചത് ഇന്ത്യന്‍ നിലപാടിനു പുതിയ തിരിച്ചടിയായി. 

ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. ചില വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ കൂടിയേ തീരൂ എന്ന വാദമുയര്‍ന്നാല്‍ എന്ത് ചെയ്യണം, ബദല്‍ കീടനാശിനിക്കുള്ള സാങ്കേതിക സഹായത്തിനായി ആവശ്യമുയരുകയാണെങ്കില്‍ വഴിയെന്ത് എന്നീ വിഷയങ്ങളാണ് സമ്പര്‍ക്ക ഗ്രൂപ്പ് പ്രധാനമായും പരിഗണിക്കുന്നത്. നിരോധനത്തിന് എതിരെ ഏഷ്യ പസഫിക് റീജ്യണ്‍ സമ്മേളനത്തില്‍ ഇന്ത്യ അവതരിപ്പിച്ച കരടിനെതിരെ ശക്തമായി രംഗത്തുവന്നത് ഖത്തറായിരുന്നു.

കൃഷിക്ക് എന്‍ഡോസള്‍ഫാന്‍ കൂടിയേ തീരൂ എന്ന ഇന്ത്യയുടെ നിലപാടിനു വിരുദ്ധമാണ് എഫ്.എ.ഒ. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പ്രസ്താവന. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ അനുബന്ധ പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച എഫ്.എ.ഒ. ഈ കീടനാശിനിയുടെ പൂര്‍ണ നിരോധനം പ്രായോഗികമാണെന്ന് അഭിപ്രായപ്പെടുന്നു. ഒറ്റയടിക്കു നിരോധിക്കുന്നതിനു പകരം ഘട്ടംഘട്ടമായി എന്‍ഡോസള്‍ഫാന്‍ പിന്‍വലിക്കുകയാണെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ കര്‍ഷകര്‍ക്ക് സമയം ലഭിക്കുമെന്നും ഇതിനുള്ള സാങ്കേതികോപദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും ഭക്ഷ്യ,കാര്‍ഷിക സംഘടന വ്യക്തമാക്കിയതായി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള സ്വതന്ത്ര നിരീക്ഷകനായി പങ്കെടുക്കുന്ന സി. ജയകുമാര്‍ പറഞ്ഞു.

സമ്മേളനം നാലാം ദിവസത്തിലേക്ക് കടക്കവേ പ്രധാനമായും മൂന്ന് അഭിപ്രായഗതികളാണ് പ്രതിനിധികള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ സമ്മേളനത്തില്‍ നിരോധന തീരുമാനമുണ്ടാവുന്നത് നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് ആദ്യവിഭാഗത്തില്‍ പെടുന്ന ഇന്ത്യ തുടരുന്നത്. ഉപാധികളോടെ നിരോധനമാവാം എന്ന രണ്ടാമത്തെ നിര്‍ദേശത്തിന് പിന്തുണ ഏറിവരികയാണ്. ആദ്യം നിരോധനത്തെ എതിര്‍ത്ത ചൈന ഇപ്പോള്‍ ഈ നിലപാടിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ചില വിളകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്നാണ് ചൈനയുടെ ആവശ്യം.

സമ്പൂര്‍ണ നിരോധനത്തിനായി വാദിക്കുന്ന മൂന്നാമത് ഗ്രൂപ്പില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അമേരിക്കയും ഉള്‍പ്പെടുന്നു. നിരോധനമേ വേണ്ടെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത് ഇന്ത്യ മാത്രമാണെന്ന് സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുക്കുന്ന ഡോ. മുഹമ്മദ് അഷീല്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന് ബദല്‍ ഉണ്ടെന്ന് പറയുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് വിഷയം വോട്ടിനിടണമെന്ന് ആവശ്യപ്പെടുന്നു. നിരോധനം മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നാണ് ക്യൂബ വ്യക്തമാക്കിയത്.