ആലുവ: തീവണ്ടിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ കോഴിക്കോട് എന്‍.ഐ.ടി.യിലെ ഗവേഷണവിദ്യാര്‍ഥിനി ഒ.കെ. ഇന്ദുവിന്റെ മൃതദേഹം പെരിയാറില്‍ നിന്ന് കണ്ടെടുത്തു. ആലുവ ചെങ്ങമനാട് കണ്ടന്‍തുരുത്തില്‍ വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ മത്സ്യത്തൊഴിലാളികളാണ് പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. പുഴയുടെ അരികില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതനുസരിച്ച് പുഴയില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന പോലീസ്‌സംഘം സ്ഥലത്തെത്തി. യുവതിയുടെ മൃതദേഹം വലയില്‍ കുരുക്കി ബോട്ടിന് പിന്നില്‍ കെട്ടി തൊട്ടടുത്തുള്ള ചുങ്കം കടവിലേക്ക് മാറ്റി. രാത്രി 8 മണിയോടെ ഇന്ദുവിന്റെ പിതൃസഹോദരന്മാരായ ഗോപിനാഥന്‍നായര്‍, മുരളീധരന്‍നായര്‍, അമ്മാവന്‍ രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ദുവിനെ തീവണ്ടിയില്‍ നിന്നു കാണാതാകുമ്പോള്‍ ധരിച്ചിരുന്ന പച്ചനിറത്തിലുള്ള ചുരിദാറും വൈറ്റ്‌മെറ്റല്‍ കൊണ്ടുള്ള പാദസരവും ആഭരണങ്ങളും തന്നെയാണ് മൃതദേഹത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മൃതദേഹം പോലീസ് ബന്ധുക്കളെത്തുന്നതിനുമുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു.
ഞായറാഴ്ച രാത്രി തിരുവനന്തപുരം - മംഗലാപുരം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇന്ദുവിനെ കാണാതായത്.
കായംകുളത്തിനും കുറ്റിപ്പുറത്തിനും ഇടയില്‍ എവിടെയോ വെച്ചാണ് ഇന്ദുവിനെ കാണാതായതെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സഹപ്രവര്‍ത്തകനായ സുഭാഷില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ആലുവ റെയില്‍വേ പാലത്തിനുകീഴെ പെരിയാറില്‍ തിരച്ചില്‍ നടത്താന്‍ റെയില്‍വേപോലീസിന് നിര്‍ദേശം കൊടുത്തു. ഇതിനിടെ ബുധനാഴ്ച യുവതിയുടെ മൃതദേഹം ആലുവ
തുരുത്ത് ഭാഗത്ത് പെരിയാറില്‍ കണ്ടതായി ഒരാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് വിപുലമായ തിരച്ചില്‍ രണ്ടുദിവസമായി തുടരുകയായിരുന്നു.
മൃതദേഹം ചുങ്കം കടവില്‍ പോലീസ് സംരക്ഷണത്തില്‍ സൂക്ഷിച്ചശേഷം വെള്ളിയാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.