Wednesday, April 27, 2011

പൃഥ്വിരാജേ, എന്തിനെടേ ഈ കള്ളങ്ങള്‍ പറഞ്ഞത്?


prithviraj_supriya_menon_wedding_marriage_reception (1)


പൃഥ്വിരാജ് എല്ലാവരെയും പറ്റിച്ച് ഏപ്രില്‍ 25ന് പാലക്കാട്ട് വച്ച് വിവാഹംകഴിച്ചത് വലിയ സംഭവമായി ആരെങ്കിലും കാണുന്നുണ്ടോ? പൃഥ്വിരാജ് കല്യാണം കഴിച്ചാലെന്ത്? ഇല്ലെങ്കിലെന്ത്? ഇനി വിവാഹം ഒരാള്‍ക്ക് പരസ്യമാക്കാന്‍ താല്‍പര്യമില്ലെങ്കില്‍, ഓ കെ... കുറ്റം പറയാനാകില്ല. വിവരാവകാശത്തിന്റെ പരിധിയിലെങ്ങും പൃഥ്വിരാജോ അമ്മ മല്ലികയോ പെടാത്തതിനാല്‍ വിവാഹത്തീയതി മുന്‍കൂട്ടി അറിയാനും നമ്മള്‍ മലയാളിക്ക് കഴിയില്ല.

ഒരു നടന്‍ എന്ന നിലയില്‍, നാട്ടുകാരുടെ പണം കൊണ്ട് ജീവിക്കുന്ന ആള്‍ എന്ന നിലയില്‍, ഈ നാട്ടുകാരോട് ചില മര്യാദ കാണിക്കണം എന്നും പൃഥ്വിരാജിനോട് പറയാന്‍ നമുക്ക് കഴിയില്ല. കാരണം പൃഥ്വിരാജിന്റെ ഒട്ടുമുക്കാല്‍ പടങ്ങളും നാട്ടുകാര്‍ തീയേറ്ററില്‍ കയറാതിരുന്നതിനാല്‍ എട്ടുനിലയില്‍ പൊട്ടിയവയാണ്. കീശനിറയെ കാശുള്ള നിര്‍മ്മാതാക്കളുടെ പണം കൊണ്ട് ജീവിക്കുന്ന ആളാണ് പൃഥ്വിരാജ്. അതിനാല്‍ ഇക്കാര്യത്തിലും നാട്ടുകാര്‍ക്ക് ചോദ്യം ചെയ്യാന്‍ സ്‌കോപ്പില്ല.
എങ്കിലും പൃഥ്വിരാജേ, സ്വന്തം കല്യാണത്തിന്റെ കാര്യത്തില്‍ ഇത്രയധികം കള്ളം പറഞ്ഞ ഒരാള്‍ ഈ കേരളത്തില്‍ എന്നല്ല ഈ ഭൂലോകത്തുണ്ടോ എന്ന് സംശയമാണ്. മമ്മൂട്ടിയോ മോഹന്‍ലാലോ ഒരു കള്ളം പറഞ്ഞാല്‍ നമുക്ക് മനസിലാക്കാം, പിന്നെ എന്തിനെടെ ഈ വേഷം കെട്ടെടുത്തത്?
ഒരു മാന്യന്റെ മുഖമുള്ള നിങ്ങള്‍ക്കെങ്ങനെ ഇങ്ങനെ പച്ചക്കള്ളങ്ങള്‍ പറയാനാകുന്നു. സിനിമാഭിനയം മുതല്‍ സിനിമകാണല്‍ വരെയുള്ള കാര്യങ്ങളില്‍ വളരെ ആധികാരികമായി, നാല് ഇംഗ്ലീഷ് പുസ്തകങ്ങള്‍  ക്വോട്ട് ചെയ്ത് പറയുന്ന ശ്രീമാന്‍ പൃഥ്വീ, നിങ്ങള്‍ സ്വന്തം കല്യാണക്കാര്യത്തില്‍ കാണിച്ചത് തൊട്ടിത്തരം, വളരെ ഷെയിം. 
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നുവെന്ന് അവകാശപ്പെടുന്ന വനിത എന്ന ദ്വൈവാരികയില്‍ 2011 ഏപ്രില്‍ 15-30 ലക്കത്തിലെ രണ്ട് പുസ്തകങ്ങളില്‍ ഒന്നിലെ കവര്‍ സ്റ്റോറിയായി എത്ര കള്ളങ്ങളാണ് പൃഥ്വി സ്വന്തം പെണ്ണിനെക്കുറിച്ച് പറഞ്ഞു കൂട്ടിയത്? വിശ്വനാഥന്‍ എന്ന വനിതയുടെ ലേഖകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എത്രകൂളായാണ് നുണകള്‍ പറഞ്ഞുകൂട്ടിയത്? 

ഇന്റര്‍വ്യൂവിലെ ചില സാമ്പിളുകള്‍:
ചോദ്യം: ഒരു ഇംഗ്ലീഷ് ചാനലിലെ മലയാളി റിപ്പോര്‍ട്ടറുമായി പ്രണയത്തില്‍ ആണെന്നുകേള്‍ക്കുന്നു?
ഉത്തരം: ഒരു ഇംഗ്ലീഷ് പത്രത്തിലാണ് ആദ്യം ഇങ്ങനെയൊരു വാര്‍ത്ത വന്നത്. അല്‍പമെങ്കിലും പത്രധര്‍മ്മമുള്ള ആരെങ്കിലുമാണ് അത് എഴുതിയതെന്ന് ഞാന്‍ കരുതുന്നില്ല. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചു, പെണ്‍കുട്ടിയുടേത് സാങ്കല്‍പിക പേരായിരിക്കുമെന്ന്. പിന്നീട് അറിഞ്ഞു അങ്ങനെയൊരാളുണ്ടെന്ന്. അത് ശരിക്കുമെന്നെ ഞടുക്കി.
ചോദ്യം: ആ പെണ്‍കുട്ടിയെ വിളിച്ചായിരുന്നോ?
ഉത്തരം: ഞാന്‍ കണ്ടിട്ടോ, കേട്ടിട്ടോ പോലുമില്ലാത്തയാളാണ്. പിന്നെയെങ്ങനെയാണ് ഫോണ്‍ വിളിക്കുന്നത്. ആ പെണ്‍കുട്ടി എവിടെയാണെങ്കിലും ഞാന്‍ പറയുന്നു, 'ഈ വാര്‍ത്ത വന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അത് ഞാന്‍ കാരണം ഉണ്ടായതല്ല.' ഇങ്ങനെ എഴുതുന്നവര്‍ ഒരുകാര്യം ആലോചിക്കേണ്ടേ. ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് എഴുതുന്നത്. അവരുടെ ജോലിസ്ഥലത്ത്, വീട്ടില്‍ ഇത് ഏതൊക്കെ തരത്തില്‍ ബാധിക്കാം.  ചിലപ്പോള്‍ അവരുടെ ജീവിതത്തെ തന്നെ ബാധിച്ചെന്ന് വരും. അല്‍പമെങ്കിലും മര്യാദയുണ്ടെങ്കില്‍ പേരുകള്‍ എഴുതുമ്പോള്‍ അത് സത്യമാണോയെന്ന് അന്നന്വേഷിക്കണം...
ഇത് ഇന്റര്‍വ്യൂവിലെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ്. പൃഥ്വിരാജിനെക്കുറിച്ച് ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ശരിതന്നെയാണെന്ന് ഏപ്രില്‍ 25ന് പാലക്കാട് വച്ച് നടന്ന വിവാഹം തെളിയിച്ചു. പിന്നെ എന്തിനായിരുന്നു ഈ നാടകം?
പൃഥ്വിരാജ് കള്ളം പറഞ്ഞത് പോകട്ടെ, എന്തിനാണ് അമ്മ മല്ലികയും നുണ പറഞ്ഞത്. ഏപ്രില്‍ 25ലെ മാതൃഭൂമി പത്രത്തില്‍ പൃഥ്വിരാജിന്റെ വിവാഹത്തെ കുറിച്ച് മല്ലികയുടേതായി വന്ന വാര്‍ത്തയില്‍ പറയുന്നത് മെയ് ഒന്നിനായിരിക്കും വിവാഹം, വധു ഡല്‍ഹിയിലാണ് എന്നൊക്കെ. ഈ വാര്‍ത്ത അച്ചടിച്ച പത്രമിറങ്ങിയ അന്നുതന്നെ ഈ അമ്മയുടെ മോന്റെ കല്യാണമാണ്. എന്നിട്ടാണ് ഒരുളുപ്പുമില്ലാതെ മെയ് ഒന്നിനാണ് വിവാഹമെന്ന് തട്ടിവിട്ടത്.
ഇതെന്താണ് തെളിയിക്കുന്നത്? കുടുംബത്തോടെ ഇവര്‍ നുണയന്മാരാണെന്നോ. സെലിബ്രിറ്റികളായാല്‍ കുറെയൊക്കെ മര്യാദ വേണം. ഇവര്‍ സ്വന്തം കാര്യത്തെക്കുറിച്ച് ഇത്രയേറെ നുണകള്‍ പറയുമ്പോള്‍ മറ്റുള്ളവരെക്കുറിച്ച് പറയുമ്പോള്‍ എന്തായിരിക്കും സ്ഥിതി?