Saturday, March 19, 2011

ആത്മവിശ്വാസം ആര്‍ജിക്കാന്‍ ജയം തേടി ഇന്ത്യ



 അഞ്ചു കളികള്‍കൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റ് പലവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. ജയവും തോല്‍വിയും ടൈയും അനുഭവിച്ചു. ബാറ്റിങ് ചിലപ്പോള്‍ ആളിക്കത്തുകയും പലപ്പോഴും കരിന്തിരി കത്തുകയും ചെയ്തു. ബൗളിങ്ങില്‍ ഇടയ്ക്കുമാത്രം ചില സ്ഫുലിംഗങ്ങള്‍ കണ്ടു. ഭൂരിഭാഗം സമയത്തും അവിടെ അടുപ്പ് കെട്ടുകിടക്കുകയാണ്. ഫീല്‍ഡര്‍മാരുടെ ശരീരഭാഷയ്ക്ക് മാറ്റമൊന്നുമില്ല. മൊത്തത്തില്‍ നോക്കിയാല്‍ നല്ല ലക്ഷണമല്ല. എങ്കിലും മാച്ച്‌വിന്നര്‍മാര്‍ നിറഞ്ഞ ടീമിന് ഏതുസമയത്തും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട്. ഞായറാഴ്ച ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തോടെ പത്താം ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിന് തിരശ്ശീല വീഴും. ബംഗ്ലാദേശിന്റെ തോല്‍വിയോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ ഇന്ത്യയ്ക്ക് സമ്മര്‍ദങ്ങളില്ലാതെ കളിക്കാം. വന്‍തോല്‍വി പിണയാതിരുന്നാല്‍ ക്വാര്‍ട്ടര്‍ ഉറപ്പ് എന്ന നിലയില്‍ വിന്‍ഡീസിന് അല്പം കരുതണം.

ഉണക്കച്ചുള്ളികളെ ഒടിച്ചിടുകയും പച്ചമരങ്ങളെ വെട്ടി വായ്ത്തല മടങ്ങുകയും ചെയ്ത രണ്ടു ടീമുകളാണ് മുഖാമുഖം. ഹോളണ്ട്, അയര്‍ലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ചൂളിപ്പോയി. വിന്‍ഡീസ് തോല്‍പ്പിച്ച അതേ ടീമുകള്‍ക്കെതിരെയായിരുന്നു ഇന്ത്യയുടെ ജയങ്ങളും. ജയിക്കാന്‍ വിയര്‍പ്പ് ചോരയാക്കി മാറ്റുകയും ചെയ്തു. ഇംഗ്ലണ്ടിനോട് സമാസമത്തിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തലകുത്തി വീണു. ഈ ചരിത്രപശ്ചാത്തലത്തിലാണ് ഇരുടീമുകളും ചിദംബരം സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. 

ഇരുടീമുകളിലെയും കൂറ്റനടിക്കാരായിരിക്കും മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. സച്ചിനും പഠാനും ഉള്‍പ്പെടുന്ന ഇന്ത്യന്‍സംഘവും ക്രിസ് ഗെയ്‌ലും കിരണ്‍ പൊള്ളാര്‍ഡും ഉള്‍പ്പെടുന്ന വിന്‍ഡീസ് സംഘവും പിച്ചും സാഹചര്യങ്ങളും നോക്കാതെ ഏതു പന്തും പ്രഹരിക്കുന്നവരാണ്. ഇവരുടെ ആളിക്കത്തലിലൂടെസ്‌കോറുയര്‍ത്തുകയും ശേഷം ബൗളര്‍മാര്‍ക്ക് വിട്ടുകൊടുക്കുകയുമായിരിക്കും ടീമുകളുടെ സമീപനം. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ 100-ാം അന്താരാഷ്ട്ര സെഞ്ച്വറി കണ്ടെത്തുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. ടെസ്റ്റിലും ഏകദിനത്തിലുമായി സച്ചിന്‍ 99 സെഞ്ച്വറി നേടിക്കഴിഞ്ഞു. 47 റണ്‍സ്‌കൂടി നേടിയാല്‍ ഏകദിനത്തില്‍ സച്ചിന് 18,000 റണ്‍സ് തികയ്ക്കാനാവും.