Sunday, March 20, 2011

യുദ്ധത്തിന് തയ്യാറെന്ന് ഗദ്ദാഫി



 ലിബിയയില്‍ ആക്രമണം നടത്തുന്ന വിദേശ സൈന്യത്തിനെതിരെ യുദ്ധത്തിന് തയ്യാറാണെന്ന് പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫി. ലിബിയന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത സന്ദേശത്തിലാണ് ഗദ്ദാഫി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്ത് നടക്കുന്ന കലാപത്തിന് താന്‍ കീഴടങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിബിയയിലെ ആയുധ ശേഖരം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ട്. ജനങ്ങളുടെ കയ്യില്‍ തോക്കുകളും മോര്‍ട്ടാറുകളും അടക്കമുള്ള ആയുധങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിബിയയ്‌ക്കെതിരെ പാശ്ചാത്യ സൈന്യം നടത്തുന്ന ആക്രമണം ശക്തമായതിന് പിന്നാലെയാണ് ഗദ്ദാഫിയുടെ സന്ദേശം ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്. അമേരിക്കയും ബ്രിട്ടനും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തുന്ന വ്യോമാക്രമണം ഖേദകരമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. ലിബിയയിലെ സാധാരണ ജനങ്ങളുടെ സ്ഥിതി ആശങ്കാ ജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കപ്പല്‍ ട്രിപ്പോളിയില്‍ ആയുധധാരികള്‍ തടഞ്ഞു വച്ചിരിക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യക്കാരെക്കൂടാതെ എട്ട് ഇറ്റലിക്കാരും ഒരു യുക്രെയ്ന്‍ പൗരനുമാണ് കപ്പലിലുള്ളത്