തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ഔപചാരികമായി കടന്നിരിക്കുന്നു. ആരു ജയിക്കും, ആരു ഭരിക്കും എന്ന സ്വാഭാവിക ചോദ്യത്തിന്റെ ഉത്തരം ഏപ്രില്‍ 13-ന് കേരളം നല്‍കും. പക്ഷേ ഒരു മാസം കാത്തിരിക്കണം ഫലമറിയാന്‍. സാരമില്ല. ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അനുഭവിക്കുന്ന ജനതയ്ക്ക് അതിന്റെ ഏറ്റവും പ്രധാനമായ ഒരു നോവ് അനുഭവിക്കുന്നതിനു മടിയില്ലെന്നു മുമ്പും തെളിയിച്ചിട്ടുണ്ടല്ലോ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുതന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 2009 ഏപ്രില്‍ 16-നു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ നമ്മള്‍ മെയ് 16 വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴത്തെപ്പോലെ കൃത്യം ഒരുമാസം.
മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ കെ.എ.റഊഫ് നടത്തിയ വെളിപ്പെടുത്തലുകളില്‍ തുടങ്ങി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ വരെ നീളുന്നു അത്. അനായാസ വിജയം എന്ന പ്രതീക്ഷയില്‍ നിന്ന് , വീണ്ടുമൊരു അഞ്ചു വര്‍ഷം പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടി വരുമെന്ന പ്രതിരോധത്തിലേയ്ക്ക് യുഡിഎഫ് പോകുന്നതാണ് ആദ്യം കണ്ടത്. ഇടതുമുന്നണിക്ക് ഇത് ആത്മവിശ്വാസവും വര്‍ധിപ്പിച്ചു. അഴിമതിക്കേസില്‍ ആര്‍.ബാലകൃഷ്ണ പിള്ള ജയിലിലായത്, സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതു കണ്ടെന്ന കെ.സുധാകരന്‍ എംപിയുടെ വിവാദ വെളിപ്പെടുത്തല്‍, പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെക്കൂടി കുരുക്കാന്‍ കളമൊരുക്കുന്ന മട്ടില്‍ ടി.എച്ച്.മുസ്തഫ കോടതിയില്‍ നല്‍കിയ ഹര്‍ജി അങ്ങനെ പലതുമുണ്ടായി. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതു വേഗത്തിലാണ്. സംസ്ഥാന സര്‍ക്കാരിനെയും ഭരണമുന്നണിയെയും വെട്ടിലാക്കുന്ന സ്വാഭാവിക ആരോപണങ്ങളല്ല തിരിച്ചടിയായി വന്നുവീണത്. മറിച്ച് ,കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി വി.എസ്.അച്യുതാനന്ദന്‍ നിലനിര്‍ത്തിയിരുന്ന രാഷ്ട്രീയ സത്യസന്ധതയ്ക്കു നേരെയാണു വിരല്‍ ചൂണ്ടപ്പെട്ടത്. മകന്‍ അരുണ്‍കുമാറിന്റെ ഇടപാടുകളും ഇടപെടലുകളും ഏതെല്ലാം തലത്തിലേയ്ക്കു നീളുന്നുവെന്ന് അറിയാന്‍ വയ്യാതെ പതറി നില്‍ക്കുന്ന സ്ഥിതി. അഛന്‍ ഇടതുമുന്നണി കണ്‍വീനറായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോഴും മകന്‍ ആ തണലില്‍ പല കച്ചവടങ്ങളും നടത്തിയത്രേ. കണ്ണൂര്‍ പവര്‍ പ്രോജക്ട് നടക്കണമെങ്കില്‍ 75 കോടി വേണമെന്ന് കെപിപി നമ്പ്യാരോട് ആവശ്യപ്പെട്ടത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ഒടുവില്‍ ലോട്ടറിക്കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ അരുണ്‍കുമാര്‍ ഇടപെട്ടെന്ന ആരോപണം. ഇതിനെല്ലാം വി.എസ് മാത്രമല്ല, പാര്‍ട്ടിയും കൂടി മറുപടി പറയേണ്ടി വന്നിരിക്കുന്നു. വി.എസിനോടും മകനോടും പാര്‍ട്ടിയിസലെ ഔദ്യോഗിക വിഭാഗത്തിനു പ്രത്യേകിച്ച് മമതയൊന്നുമില്ല. എന്നാല്‍ തെരഞ്ഞെടുപ്പുവന്ന് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക് വി.എസിനെ പരസ്യമായി തള്ളിപ്പറയാന്‍ കഴിയില്ല. ഇപ്പോഴും കേരളത്തില്‍ വി.എസിന്റെ സത്യസന്ധമായ രാഷ്ട്രീയ ജീവിതത്തെ ആദരവോടെ കാണുന്നവര്‍ ഏറെയുണ്ടെന്നതും ഇതിന് ഒരു കാരണമാണ്. എന്നാല്‍ ഈ മാസം നാലു മുതല്‍ ആറു വരെ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അവര്‍ ചിലത് ഉറപ്പിച്ചാണ് എത്തുക. മകനെയും മകന്റെ പേരില്‍ പ്രതിരോധത്തിലായ അഛനെയും പാര്‍ട്ടി പിന്തുണക്കണമെങ്കില്‍ ചില വ്യവസ്ഥകളുണ്ട്. അതില്‍ പ്രധാനം വി.എസ് മല്‍സരിക്കാന്‍ ശാഠ്യം പിടിക്കരുത് എന്നതു തന്നെയാണെന്നു സൂചനകളുണ്ട്.മറുവശത്ത് നിയമസഭാ സ്പീക്കറുടെ ഫോട്ടോ സെഷന്‍ ബഹിഷ്‌കരിച്ചും മുഖ്യമന്ത്രിക്കെതിരേ സോഗവര്‍ണര്‍ക്ക് പരാതികൊടുത്തും മറ്റും കാറ്റ് അനുകൂലമാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഹൈക്കമാന്‍ഡ് പറഞ്ഞിരിക്കുന്നു: യുവാക്കളെ ഇറക്കി തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കൂ. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനം പുതുമുഖങ്ങളും യുവാക്കളുമായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സ്ത്രീകളെ നിര്‍ത്തി ആരെയും വിജയിപ്പിക്കാന്‍ കഴിയാതിരുന്ന യുഡിഎഫ് ഇക്കുറി സ്ത്രീകള്‍ക്ക് ഷുവര്‍സീറ്റുകളും കൊടുക്കും.
തന്ത്രങ്ങളും അടവുകളും ഇനി മാറിവരും. മെയ് 13-ന് ആരാകും കസേരയിലെരുക ?
