Wednesday, March 16, 2011

വി.എസ് മത്സരിക്കില്ലെന്ന് സൂചന

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചന. ഇന്ന് നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എല്ലാം പറയേണ്ടവര്‍ പറയും' എന്ന ഉത്തരമാണ് നല്‍കിയത്. 

സെക്രട്ടേറിയേറ്റ് യോഗത്തിലുണ്ടായ തീരുമാനം മൂന്ന് മണിയ്ക്ക് നടക്കുന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും
വി.എസ്. അച്യുതാനന്ദനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തതിലൂടെ സര്‍ക്കാരിന്റെ പരാജയമാണ് വ്യക്തമാകുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണം പരാജയമായിരുന്നു എന്നതിന്റെ തെളിവാണിതെന്നും വി.എസിനെ ഒഴിവാക്കാന്‍ കാരണം ഇതാണെന്നും ചെന്നിത്തല പറഞ്ഞു. 

സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നമാണ് ഇതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. അച്യുതാനന്ദന്‍ മല്‍സരിക്കാത്തതും മല്‍സരിക്കുന്നതും യു.ഡി.എഫിന് പ്രശ്‌നമേയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പ്രതികരിച്ചു. അച്യുതാനന്ദനെ മത്സരിപ്പിക്കാത്തത് ഇടതുമുന്നണിക്ക് ദോഷം ചെയ്യുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രതികരിച്ചു.