* ജപ്പാന്‍ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പം
* ഒനാഗവ ആണവനിലയത്തില്‍ തീപ്പിടിത്തം
* ഭൂകമ്പ ബാധിത മേഖലകളിലെ ആണവനിലയങ്ങള്‍ അടച്ചു; ജനങ്ങളെ ഒഴിപ്പിച്ചു
* നൂറോളംപേരുള്ള കപ്പല്‍ ഒഴുകിപ്പോയി
* സുനാമി അടിച്ചത് ടോക്കിയോയ്ക്കടുത്ത് മിയാഗി, ഫുകുഷിമ ജില്ലകളില്‍
* ലക്ഷങ്ങള്‍ ഭൂകമ്പക്കെടുതിയില്‍
* ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശമന്ത്രാലയം
ടോക്യോ: അതിശക്തമായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ കൂറ്റന്‍ സുനാമിത്തിരമാലകള്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മരണതാണ്ഡവമാടി. മുന്നൂറിലേറെപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. നാന്നൂറോളംപേരെ കാണാതായിട്ടുണ്ട്.
വന്‍നാശം വിതച്ച് പത്തുമീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകളില്‍ കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയി. കപ്പലുകളും ബോട്ടുകളും കരയിലെത്തി. നൂറോളം പേരുള്ള ഒരു കപ്പല്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് ഒരു ആണവനിലയത്തില്‍ വന്‍അഗ്‌നിബാധയുണ്ടായി. സെന്‍ഡായ് മേഖലയില്‍ ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ഒരു എണ്ണ ശുദ്ധീകരണശാലയിലും ഉരുക്കുനിര്‍മാണശാലയിലും തീപ്പിടിത്തമുണ്ടായി. സെന്‍ഡായ് നഗരത്തില്‍നിന്നു മാത്രം ഇരുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ലക്ഷക്കണക്കിന് വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളുള്‍പ്പെടെ ഒട്ടേറെപ്പേരെ കാണാതായതിനാല്‍ മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ പറഞ്ഞു.
ജപ്പാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ച മിയാഗി തീരത്തിനടുത്തുണ്ടായതെന്ന് കാലാവസ്ഥാപഠനകേന്ദ്രം അറിയിച്ചു. ഭൂകമ്പമാപിനിയിലത് 8.9 തീവ്രത രേഖപ്പെടുത്തി. തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് പ്രഭവകേന്ദ്രം.