തെക്കുകിഴക്കനേഷ്യന്‍ രാജ്യമായ മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. 111 പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു.
അയല്‍രാജ്യങ്ങളായ തായ്‌ലന്‍ഡ്, ചൈന, ലാവോസ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
വ്യാഴാഴ്ച വൈകിയാണ് ആദ്യം ഭൂകമ്പമുണ്ടായത്. വെള്ളിയാഴ്ചയും തുടര്‍ചലനങ്ങളുണ്ടായി. മ്യാന്‍മറിലെ താര്‍ലേയ്, മോങ്‌ലിന്‍ എന്നീ പട്ടണങ്ങളിലാണ് ഭുകമ്പം കനത്ത നാശം വിതച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ ചൈനീസ് വംശജരാണ്. നാലു ഗ്രാമങ്ങളിലായി 400 വീടുകള്‍ തകര്‍ന്നു. ഉള്‍ഗ്രാമങ്ങളിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പുര്‍ണവിവരങ്ങള്‍ ലഭ്യമായിട്ടില്ല. തായ്‌ലന്‍ഡില്‍ രണ്ടാമത്തെ വലിയ നഗരവും വിനോദസഞ്ചാരകേന്ദ്രവുമായ ചിയാങ്മായിലാണ് പ്രധാനമായും ചലനങ്ങളുണ്ടായത്. ഇതേത്തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് തെരുവിലേക്കിറങ്ങി. ചരിത്ര നഗരമായ ചിയാങ്‌സെയ്‌നില്‍ നാലു ബൗദ്ധ ആരാധനാലയങ്ങള്‍ക്ക് കേടുപാടുണ്ടായി.
ചൈനയില്‍ സിന്‍സുവാങ്ബാന അതിര്‍ത്തി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ ഭൂചലനത്തെത്തുടര്‍ന്ന് ആളുകള്‍ വീടു വിട്ടോടി. നാട്ടുകാര്‍ ഭയചകിതരാണെന്നും എന്നാല്‍, ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലാവോസില്‍ നേരിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കിഴക്കനേഷ്യന്‍ രാജ്യമായ ജപ്പാനില്‍ രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 27,000പേര്‍ മരിച്ചിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്പാണ് തെക്കുകിഴക്കനേഷ്യയിലും ഭൂകമ്പമുണ്ടായിരിക്കുന്നത്.