Saturday, March 26, 2011

പ്രചാരണ രംഗം ചൂടുപിടിക്കുന്നു; പത്രിക സമര്‍പ്പണം ഇന്നവസാനിക്കുന്നു


Leader of the Opposition Oommen Chandy inaugurating the foot
march in connection with the campaign of United Democratic Front
candidate A.P. Abdullakutty for the Kannur Assembly constituency in
Kannur on Tuesday. PHOTO: S.K. MOHAN

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ഒരുദിവസംമാത്രം ബാക്കിനില്‍ക്കേ ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും പത്രികകള്‍ നല്‍കി പ്രചാരണത്തില്‍ സജീവമായി. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള സീറ്റ്‌വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും നേരത്തെ പൂര്‍ത്തിയാക്കി മത്സരരംഗത്ത് ആദ്യമെത്തിയതുവഴി എല്‍.ഡി.എഫിന് പ്രചാരണരംഗത്ത് ലഭിച്ച മുന്‍തൂക്കം മറികടക്കാന്‍ യു.ഡി.എഫ്. തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച മേല്‍ക്കൈ ഏതാനും ദിവസത്തെ പ്രചാരണം കൊണ്ട് എല്‍.ഡി.എഫിന് മറികടക്കാനാവില്ലെന്ന ഉറച്ച വിശ്വാസവും യു.ഡി.എഫ്. പ്രകടിപ്പിക്കുന്നു.

സി.എം.പി., സോഷ്യലിസ്റ്റ്ജനത എന്നീ കക്ഷികള്‍ക്ക് നല്‍കുന്ന സീറ്റുകള്‍ ഏതൊക്കെയെന്നതിനെച്ചൊല്ലി നിലനിന്ന തര്‍ക്കം പറഞ്ഞുതീര്‍ത്തതോടെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണതോതില്‍ ചലിച്ചുതുടങ്ങിയിട്ടുണ്ട്.

ഇരുമുന്നണികളെക്കാളും വളരെ നേരത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അങ്കത്തട്ടിലെത്തിയ ബി.ജെ.പി.യും വലിയ പ്രതീക്ഷയിലാണ്. അഞ്ച് നിയോജകമണ്ഡലങ്ങളില്‍ അധികം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ നീക്കം ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ താപനിലയും ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ യു.ഡി.എഫിന് തലവേദന സൃഷ്ടിച്ചിരുന്ന റിബല്‍ശല്യം പതുക്കെ കെട്ടടങ്ങാന്‍ തുടങ്ങിയിട്ടുള്ളത് നേതൃത്വത്തിന് ആശ്വാസമായിട്ടുണ്ട്. റിബലുകളായി മത്സരരംഗത്ത് ഇറങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ച എ.വി. ഗോപിനാഥ്, ജോസഫ് എം. പുതുശ്ശേരി എം.എല്‍.എ., കെ.എസ്.ബി.എ. തങ്ങള്‍, എ.കെ. രാജന്‍ എന്നിവരെ പിന്മാറ്റാന്‍ യു.ഡി.എഫ്. നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സീറ്റ് വിഭജനപ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ 'സൗഹൃദ മത്സര'മെന്ന പേരില്‍ ഘടകകക്ഷിനേതൃത്വങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ റിബലുകള്‍ പ്രത്യക്ഷപ്പെടുന്നത് യു.ഡി.എഫില്‍ സാധാരണമായിരുന്നു. എന്നാല്‍ ഇത്തവണ ഘടകകക്ഷിറിബലുകള്‍ ഉണ്ടായില്ല. പകരം ചില പാര്‍ട്ടിറിബലുകള്‍ മാത്രമാണ് രംഗത്തുവന്നത്. അവരില്‍ ചെങ്ങന്നൂരില്‍ ശോഭനാജോര്‍ജ് മാത്രമാണ് ഇപ്പോള്‍ മത്സരരംഗത്ത് അവശേഷിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ നീങ്ങുന്നവരുടെ പേരില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ പരസ്യമായ വിമതനീക്കവും നിലച്ചിട്ടുണ്ട്.

യു.ഡി.എഫിനെപ്പോലെ റിബല്‍ ഭീഷണിയില്ലെങ്കിലും കാട്ടാക്കട, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ആദ്യം പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റേണ്ടിവന്നത് സി.പി.എമ്മിനും എല്‍.ഡി.എഫിനും തലവേദനയായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തില്‍ വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. ആ ആഘാതം മറികടക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്രകടനത്തില്‍ പങ്കെടുത്തവര്‍ പാര്‍ട്ടിവിരുദ്ധരാണെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പ്രഖ്യാപിച്ചത് സി.പി.എമ്മിലെ വി.എസ്. പക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. തനിക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ജനാഭിലാഷത്തിന്റെ പ്രതിഫലനമാണെന്ന വി.എസ്സിന്റെ അഭിപ്രായത്തെ തിരുത്തിയാണ് എസ്.ആര്‍.പി. പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.