അഹമദാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പകവീട്ടാന്‍ ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഗാന്ധിധാമില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് ഫേസ്ബുക്കില്‍ സ്വന്തം പേരിലുള്ള ഒന്നിലേറെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത്.
ഇവയില്‍ ഒട്ടേറെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുകയും യഥാര്‍ത്ഥ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുകയും ചെയ്തതായും കണ്ടെത്തിയപ്പോഴാണ് വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പത്തൊന്‍പതുകാരന്‍ അറസ്റ്റിലായത്. ഇവര്‍ രണ്ടുപേരും മുമ്പ് ഒന്നിച്ച് പഠിച്ചിട്ടുണ്ടത്രേ.
ഒന്നിച്ച് പഠിച്ചകാലത്ത് ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് രണ്ടുവഴിയ്ക്കായപ്പോള്‍ കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി, ഇതില്‍ യുവാവ് നിരാശനായിരുന്നു. വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി കുട്ടിയുടെ സുഹൃത്തുക്കള്‍ ആരാണെന്ന് കണ്ടെത്തകുയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഉത്തര്‍പ്രദേശുകാരനായ യുവാവ് ബിസിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്.