Thursday, October 6, 2011

ചേച്ചി പ്രണയം നിരസിച്ചതിന് അനിയത്തിയെ പീഡിപ്പിച്ചു

മുംബൈ: ചേച്ചി പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള പതീര്‍ക്കാന്‍ ഇരുപത്തിയഞ്ചുകാരന്‍ അനിയത്തിയെ മാനഭംഗപ്പെടുത്തി. മുംബൈയിലെ ചെമ്പൂരിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാരനായ മോനു സച്ച്‌ദേവ് ആണ് ഹീനകൃത്യം ചെയ്തത്. സംഭവം നടന്ന് 24മണിക്കൂറിനുള്ളില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.

ബാര്‍ഗേളായ നന്ദിനി(22)യോട് മോനുവിന് പ്രണയമായിരുന്നു. കഴിഞ്ഞകുറേക്കാലമായി ഇയാള്‍ ഇത് മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. ജയപൂര്‍ സ്വദേശിനിയായ ഈ യുവതി ജോലിയ്ക്കായി മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴാണ് മോനുവിനെ പരിചയപ്പെട്ടത്. ജോലിതേടി മുംബൈയ്ക്ക് വരുമ്പോള്‍ നന്ദിനി തന്റെ ഇളയ സഹോദരിമാരെയും കൂടെക്കൊണ്ടുവന്നിരുന്നു.

അടുത്തിടെയാണ് മോനും സ്വന്തം താല്‍പര്യം നന്ദിനിയെ അറിയിച്ചത്. എന്നാല്‍ മറ്റൊരു പ്രണയബന്ധമുള്ള നന്ദിനി പ്രേമാഭ്യര്‍ത്ഥന നിരസിച്ചു. ഇതില്‍ പകതോന്നിയ മോനു നന്ദിനിയുടെ പന്ത്രണ്ടുകാരിയായ അനിയത്തിയെ തട്ടിക്കൊണ്ടുപോയി ഒരു ഹോട്ടലില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

ഒക്ടോബര്‍ 3ന് തിങ്കളാഴ്ചയാണ് നന്ദിനിയും സഹോദരിമാരും താമസിക്കുന്ന സ്ഥലത്തെത്തിയ മോനു സഹോദരിയെ ഫോണില്‍ വിളിച്ചത്. നഗരത്തില്‍ കറങ്ങാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയത്. ഏറെനാളായി മോനുവിനെ അറിയാവുന്ന കുട്ടിയ്ക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നിയില്ല.

ജോലികഴിഞ്ഞ് ചൊവ്വാഴ്ച കാലത്ത് വീട്ടിലെത്തിയ രണ്ടാമത്തെ സഹോദരി ഇളയകുട്ടിയെ കാണാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആദ്യം മോനുവിനെതിരെ ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. എന്നാല്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്കെതിരെ തെളിവുലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് കെണിയൊരുക്കുകയായിരുന്നു. ഇയാളെ കോടതി ഒക്ടോബര്‍ 11വരെ റിമാന്റ് ചെയ്തിരിക്കുകയാണ്.