Sunday, September 25, 2011

ഇരയോട്‌ കില്ലര്‍ക്ക്‌ പ്രണയം തോന്നിയാല്‍ ?


ഒരു പ്രൊഫഷണല്‍ കില്ലര്‍ക്ക്‌ ഇരയോട്‌ പ്രണയം തോന്നാമോ? പറ്റില്ലെന്നാണ്‌ ആ 'പഴയ' പവനായി പറഞ്ഞിട്ടുള്ളത്‌. ഇതിലെ ശരിയും തെറ്റും പരിശോധിക്കുന്നതിനിടെ ഇരയെ പ്രണയിച്ച ഒരു ബ്രസീലിയന്‍ പ്രൊഫഷണല്‍ കില്ലറുടെ കഥ പുറത്തുവന്നിരിക്കുകയാണ്‌. കാര്‍ലോസ്‌ റോബര്‍ട്ടോ ഡി ജീസസ്‌ എന്ന പ്രൊഫഷണല്‍ കില്ലര്‍ക്കാണ്‌ ഇരയോടു പ്രണയം തോന്നിയതും അവളെ സ്വന്തമാക്കാന്‍ ഇതുവരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചതും. കിഴക്കന്‍ ബ്രസീലിലെ ബഹിയ സംസ്‌ഥാനത്തെ പിഡോണ്‍ബാകുവിലാണ്‌ സംഭവം.

ഇറാനില്‍ഡെസ്‌ അഗുയര്‍ അരായുജോ എന്ന പെണ്‍കുട്ടിയെ വധിക്കാന്‍ ഡി ജീസസ്‌ അച്ചാരം പറ്റിയത്‌ 345 പൗണ്ടാണ്‌ (ഏകദേശം 28,000 രൂപ). മരിയ നില്‍സ സിമോസ്‌ എന്ന വീട്ടമ്മയാണ്‌ തന്റെ ഭര്‍ത്താവും യുവതിയും തമ്മില്‍ പ്രണയമാണെന്ന സംശയത്തില്‍ 'ക്വട്ടേഷന്‍' നല്‍കിയത്‌. കിട്ടിയ കാശിന്‌ 'പണി' ചെയ്യാന്‍ ചെന്ന ഡി ജീസസാകട്ടെ പെണ്‍കുട്ടിയ കണ്ട്‌ 'കമിഴ്‌ന്നടിച്ചു' വീണു. പ്രണയപരവശനായ 'ക്വട്ടേഷന്‍ കാമുകന്‍' തന്റെ ആഗമനോദേശ്യം അവളോടു തുറന്നു പറയുകയും ചെയ്‌തു.

കിട്ടയ തുട്ട്‌ കളയേണ്ടെന്ന്‌ പെണ്‍കുട്ടി തന്നെയാണ്‌ ഡി ജീസസിനോട്‌ പറഞ്ഞത്‌. അവരെ പറ്റിക്കാന്‍ അല്‍പം പൊടിക്കൈ തന്നെ പ്രയോഗിക്കാമെന്ന്‌ അയാളും കരുതി. അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന്‌ രണ്ടു ബോട്ടില്‍ കെച്ചപ്പ്‌ വാങ്ങി വീട്ടിലെത്തിയ ഡി ജീസസ്‌ കാമുകിയുടെ വസ്‌ത്രം തുളച്ച്‌ കത്തി കക്ഷത്തിനു താഴെയായി കുത്തിയിറക്കിയ മാതൃകയില്‍ വച്ചു. അതിനു മുകളില്‍ കെച്ചപ്പ്‌ ഒഴിച്ചതോടെ പെണ്ണ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന ചേലായി. അല്‍പം കൂടുതല്‍ ഒറിജിനാലിറ്റി കിട്ടാന്‍ വേണ്ടി 'മൃതദേഹത്തിന്റെ' വായ മൂടിക്കെട്ടുകയും, കൈകള്‍ ബന്ധിക്കുകയും ചെയ്‌തു. വൃത്തിയായി 'അലങ്കരിച്ച' ബോഡിയുടെ ഫോട്ടേയെടുത്ത്‌ 'ക്വട്ടേഷന്‍' നല്‍കിയ സ്‌ത്രീക്ക്‌ അയച്ചു കൊടുത്തതോടെ സംഗതി ക്ലീന്‍.

പക്ഷേ, കള്ളത്തരത്തിന്‌ ആയുസ്‌ വെറും മൂന്നു നാള്‍ മാത്രമായിരുന്നു. താന്‍ ക്വട്ടേഷന്‍ കൊടുത്ത പെണ്‍കുട്ടിയെ കില്ലര്‍ പരസ്യമായി ചുംബിക്കുന്ന കാഴ്‌ച സിമോസ്‌ നേരില്‍ കണ്ടതോടെ കള്ളി വെളിച്ചത്തായി. ഇതോടെ അവര്‍ നേരേ പോലീസ്‌ സ്‌റ്റേഷനിലെത്തി ഡി ജീസസിനെതിരേ പരാതി നല്‍കി. അയാള്‍ തന്നെ 1000 ഡോളര്‍ മോഷ്‌ടിച്ചു എന്നാണ്‌ പരാതിയില്‍ ആരോപിച്ചിരുന്നത്‌. ഇതോടെ നില്‍ക്കക്കള്ളിയില്ലാതെ അന്വേഷണ സംഘത്തോട്‌ ഡി ജീസസ്‌ കഥ മുഴുവന്‍ വെളിപ്പെടുത്തി. പോലീസ്‌ മൂന്നു പേരേയും കയ്യോടെ അകത്താക്കി.

കില്ലറും കാമുകിയും ഇപ്പോള്‍ പിടിച്ചു പറിക്ക്‌ വിചാരണ നേരിടുകയാണ്‌. ക്വട്ടേഷന്‍ നല്‍കിയ സ്‌ത്രീയാകട്ടെ വധഭീഷണി മുഴക്കിയതിനും വിചാരണ നേരിടുകയാണ്‌. തന്റെ എട്ടു വര്‍ഷത്തെ പോലീസ്‌ ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു കഥ കേള്‍ക്കുന്നതെന്ന്‌ പോലീസ്‌ ചീഫ്‌ മാര്‍കോണി ലിമ പറയുന്നു. കക്ഷത്തിലാണ്‌ കത്തി കുത്തിയിറക്കിയിരിക്കുന്നതെന്ന്‌ സിമോസ്‌ കാണാതെ പോയതെന്തെന്നാണ്‌ മറ്റു ചിലരുടെ ചോദ്യം. എന്തായാലും പവനായി ഒടുവില്‍ ശവമായതു പോലെയാണ്‌ കാര്യങ്ങളുടെ പര്യവസാനം