Saturday, September 17, 2011

പാനൂരില്‍ ബോംബ്‌ സ്‌ഫോടനം: രണ്ടു കുട്ടികള്‍ക്ക്‌ പരുക്ക്‌‍‍‍‍

തലശേരി: പാനുരില്‍ ഇന്നു രാവിലെയുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക്‌ പരുക്കേറ്റു. പൊയ്യില്‍ അബൂബക്കറിന്റെ മകന്‍ അജ്നാസ്, പൊയ്യില്‍ അബ്ദുള്‍ ഖാദിന്റെ മകന്‍ സിനാന്‍‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ അജ്നാസിന്റെ നില ഗുരുതരമാണ്‌. തിരുവാള്‍ ദാജര്‍ ഹുദ്രാ മദ്രസയ്ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. മദ്രസ പഠനത്തിനു ശേഷം മടങ്ങിയ കുട്ടികള്‍ ലഭിച്ച ഐസ്ക്രീം ബോട്ടിലിലുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. കുട്ടികളെ ആദ്യം പാനൂര്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ നെഞ്ചിലും കൈകള്‍ക്കും കാലിനു പരുക്കേറ്റിട്ടുണ്ട്.

രാവിലെ 8.30 ഓടെ മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങവേ ഇടവഴിയില്‍ കിടന്ന ഐസ്ക്രീ ബോംബില്‍ കുട്ടികള്‍ ചവിട്ടുകയായിരുന്ന. എന്നാല്‍ ഓട്ടോറിക്ഷയില്‍ വന്നവര്‍ തങ്ങള്‍ക്കു നേരെ ബോംബെറിയുകയായിരുന്നുവെന്ന് കുട്ടികള്‍ ആരോപിച്ചു. കണ്ണൂര്‍ എസ്.പി അനൂപ് ​ജോണ്‍ കുരുവിള, തലശേരി ഡി.വൈ.എസ്.പി എ.പി ഷൗക്കത്തലി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കണ്ണൂരില്‍ നിന്നുള്ള ബോംബ്സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

അതിനിടെ, പാനൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിനു നേര്‍ക്ക് ബോംബേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഏലാംങ്കോട് തൈയ്യുള്ളതില്‍ ഷമീറിന്റെ വീടിനു നേര്‍ക്കാണ് പുലര്‍ച്ചെ ബോംബേറുണ്ടായത്. വീടിന്റെമുന്‍വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാനൂര്‍ ഏലാംങ്കോട് രണ്ടു വയസ്സുകാരനെ ദുരുഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ വീട്ടില്‍ ഹാരരീസിന്റെ മകന്‍ മുഹമ്മദ് അബിനാസ് ആണ് വീടുന പിന്നിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത. രാവിലെ കുട്ടിയെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണിറ്റില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവന്‍ നിയാസ് ഇതേ വീട്ടില്‍ നിന്ന് ഇന്നു പുലര്‍ച്ചെ ഗള്‍ഫിലേക്ക് പുറപ്പെടാനിരിക്കേയാണിത്. തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നിയാസ് വീട്ടിലേക്ക് തിരിച്ചുപോയി. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കി.

അതേസമയം, പാനൂരില്‍ ഇന്നു സന്ദര്‍ശനം നടത്താനിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വാഗതം അര്‍പ്പിച്ച് സ്ഥാപിച്ച കമാനങ്ങള്‍ അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും പാനൂരില്‍ പുതുതായി സ്ഥാപിച്ച ഒരു മുസ്ലീം പള്ളിയുടെ ഉദ്ഘാടനചടങ്ങിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഇന്ന് വൈകിട്ട് പാനൂരില്‍ എത്തുന്നത്. ഇന്നുണ്ടായിരിക്കുന്ന അനിഷ്ട സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാനൂരിന് നാലുകിലോമീറ്റര്‍ ചുറ്റളവിലാണ്.