തളിപ്പറമ്പ്: തളിപ്പറമ്പില്‍ പത്തുലക്ഷത്തിന്റെ കള്ളനോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍. പിലാത്തറ വടക്കേപുരയില്‍ പ്രദീപ്‌കുമാര്‍(42), കണ്ണൂര്‍ ചൊവ്വ എളയാവൂരിലെ പാറപ്പുറത്ത് എം.പി. ആഷിഷ്(35), കാസര്‍ഗോഡ് ഹോസ്‌ദുര്‍ഗ് സ്വദേശി അക്കരമ്മല്‍ ഉമര്‍കമാല്‍ ഹാജി(42) എന്നിവരാണു പിടിയിലായത്.
കണ്ണൂര്‍ എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കള്ളനോട്ടുമായി കണ്ണൂരില്‍നിന്ന് ഒരു സംഘം കാസര്‍ഗോട്ടേക്കു തിരിച്ചുവെന്നാണ് എസ്.പിക്കു ലഭിച്ച സന്ദേശം. തുടര്‍ന്നു പോലീസ് കുറ്റിക്കോല്‍ പാലത്തിനടുത്ത് രാവിലെ ഒമ്പതു മുതല്‍ വാഹനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. 11 മണിയോടെയാണ് കള്ളനോട്ടുമായി കെ.എല്‍. 14 ജെ. 1084 ഫോര്‍ഡ് ഐക്കണ്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ പാലത്തിനടുത്ത് പോലീസ് പിടികൂടിയത്.
ആയിരം രൂപയുടെ ഒമ്പതു നോട്ടുകെട്ടുകളാണ് ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്. മൂന്നുപേരുടെയും അരയില്‍ തോര്‍ത്തുമുണ്ടില്‍ കെട്ടിയ നിലയിലായിരുന്നു നോട്ടുകള്‍. 8എ.സി., 4ബി.സി., 4ഡി.വി. എന്നീ സീരിയല്‍ നമ്പറിലുള്ളതാണ് പിടികൂടിയ നോട്ടുകള്‍.
കമാലും ആഷിഷും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്. നോട്ടുകളുടെ ഉറവിടം കൂടുതല്‍ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നും പോലീസ് പറഞ്ഞു. പ്രതികളെ തളിപ്പറമ്പ് കോടതി ജഡ്‌ജി മുമ്പാകെ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്‌തു. തളിപ്പറമ്പ് സി.ഐ: കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്