
ഐസ്‌ക്രീം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് കെ.എ.റൗഫ്. ഇക്കാര്യത്തിനായി കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പടെയുള്ളവര്‍ തന്നെ വന്നുകണ്ടിരുന്നുവെന്ന് റൗഫ് പറഞ്ഞു.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ മധ്യസ്ഥനായി ആദ്യം വന്നത് ലീഗ് നേതാവ് സി.വി.എം വാണിമേല്‍ ആണ്. ഈ കൂടിക്കാഴ്ചയ്ക്ക് മനോരമ ന്യൂസ് ചാനലിലെ ഒരു ഉന്നതന്‍ സാക്ഷിയാണ്. രണ്ടാമത് തന്നെ വന്നുകണ്ടത് വി.കെ.ഇബ്രാഹിംകുഞ്ഞ് ആണ്. എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞ് തന്നെ കണ്ടത്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒരു സി.ഡി ഉയര്‍ത്തിക്കാണിച്ച് റൗഫ് പറഞ്ഞു.
മൂന്നാം തവണ തന്നെ വന്നുകണ്ടത് കുഞ്ഞാലിക്കുട്ടിയുമായി വളരെ അടുപ്പമുള്ള പ്രസാദ് മാസ്റ്റര്‍ ആണ്. പ്രസാദ് മാസ്റ്ററുമായി താന്‍ സംസാരിക്കുന്ന കാര്യം എ.ഡി.ജി.പി വിന്‍സന്‍.എം.പോളിനെ അറിയിച്ചിരുന്നു-റൗഫ് പറഞ്ഞു. ഈ പ്രസാദ് മാസ്റ്ററെക്കുറിച്ചാണ് ഇന്നത്തെ മനോരമ പത്രത്തിലും ചാനലിലും വന്ന റിപ്പോര്‍ട്ടിലുള്ളത്. താന്‍ വി.എസ്സിനെ തൃശ്ശൂര്‍ വെച്ച് കണ്ടതിന് ശേഷം പ്രസാദ് മാസ്റ്റര്‍ ഫോണില്‍ വിളിച്ച് വി.എസ്സുമായി എന്താണ് സംസാരിച്ചതെന്ന് അന്വേഷിച്ചിരുന്നു. സംഭാഷണം ടേപ്പ് ചെയ്യുന്നുണ്ടെന്നറിഞ്ഞുതന്നെയാണ് ലാഘവത്തോടെ സംസാരിച്ചത്. മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന ഈ ടേപ്പിലെ സംഭാഷണം തന്റേതുതന്നെയാണ്-റൗഫ് സമ്മതിച്ചു.
വി.എസ്സുമായി താന്‍ ഐസ്‌ക്രീം കേസിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞപ്പോള്‍ അക്കാര്യം രേഖാമൂലം എഴുതിത്തരാന്‍ വി.എസ് ആവശ്യപ്പെട്ടു. മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ സി.പി.എമ്മിലെ വിഭാഗീയതയെക്കുറിച്ച് താനും വി.എസ്സും ഒന്നും സംസാരിച്ചിട്ടില്ല. പ്രതിപക്ഷനേതാവെന്ന നിലയില്‍ ഈ നാട്ടിലെ ഏത് പൗരനും അദ്ദേഹത്തെ പോയി കാണാം-റൗഫ് പറഞ്ഞു. വി.എസ്സിനെ താന്‍ കാണുന്നതിനുമുമ്പ് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ച് പല മാര്‍ക്‌സിസ്റ്റ് നേതാക്കളെയും താന്‍ കണ്ടിട്ടുണ്ട്.
കാസര്‍ക്കോട് കലാപം അന്വേഷിച്ച ജസ്റ്റിസ് നിസാറിനോട് കുഞ്ഞാലിക്കുട്ടിയ്ക്ക് പൂര്‍വവൈരാഗ്യമുണ്ട്. ഐസ്‌ക്രീം കേസ് ഒതുക്കാന്‍ ജസ്റ്റിസ് നിസാറിന്റെ സഹായം കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാണക്കാട് ശിഹാബ് തങ്ങളെ പോയിക്കാണാന്‍ കുഞ്ഞാലിക്കുട്ടി നിസാറിനോട് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗും സി.പി.എമ്മും ഒരുമിച്ച് നില്‍ക്കുന്നതാണ് നല്ലതെന്ന് തങ്ങളോട് പറയാന്‍ നിസാറിനോട് ആവശ്യപ്പെട്ടിരുന്നു. ഐസ്‌ക്രീം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ജസ്റ്റിസ് പത്മനാഭനെ സ്വാധീനിക്കാന്‍ ജസ്റ്റിസ് നിസാറിന്റെ സഹായം കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചിരുന്നു. സുഗതകുമാരിയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാനും ജസ്റ്റിസ് നിസാറിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു-റൗഫ് പറഞ്ഞു.
മാറാട് കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം താന്‍ ബി.ജെ.പി നേതാവ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയെ പോയി കണ്ടിരുന്നതായും റൗഫ് വെളിപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചിട്ടുണ്ടെന്ന് താന്‍ കുരതുന്നില്ലെന്നും റൗഫ് പറഞ്ഞു.
ലീഗ് നേതാക്കള്‍ മാത്രമാണ് തന്നെ വന്നുകാണുന്നതെന്നും ഇതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ അന്വേഷിക്കണമെന്നും റൗഫ് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.