Sunday, August 21, 2011
ഓവല്‍ ടെസ്റ്റ്: ദ്രാവിഡിന് സെഞ്ച്വറി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയുടെ നാലാം ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിന് സെഞ്ച്വറി. 35-മത് സെഞ്ച്വറിയോടെ ദ്രാവിഡ് ഗവാസ്‌കറിന്റ റെക്കോര്‍ഡ് മറികടന്നു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ നാലാമത്തെ വ്യക്തിയാണിപ്പോള്‍ ദ്രാവിഡ്. 101 റണ്‍സോടെ ദ്രാവിഡും അമിത് മിശ്രയുമാണ് ഇപ്പോള്‍ ക്രീസില്‍.
തുടരെ മൂന്നു ടെസ്റ്റുകളിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ നാലാം ടെസ്റ്റിലും അതേ പാതയിലായിരുന്നു. മഴമൂലം ഒരു ദിവസത്തോളം സമയത്തെ കളി നഷ്ടപ്പെട്ടിട്ടും ആറു വിക്കറ്റിന് 591 റണ്‍സ് വാരി ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിനെതിരെ നാലാംദിവസമായ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലാണ്.
ദ്രാവിഡൊഴികെ ആര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. തകര്‍ച്ചയിലേക്ക് പോയ ഇന്ത്യയെ ദ്രാവിഡ് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. സെവാഗ്, ലക്ഷ്മണ്‍, തെണ്ടുല്‍ക്കര്‍, റെയ്‌ന, ഇശാന്ത് ശര്‍മ്മ, ധോണി എന്നിവരാണ് പുറത്തായത്. വമ്പന്‍ കൂട്ടുകെട്ടുകള്‍ ഉയര്‍ത്തുന്നതില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ കാട്ടുന്ന ആര്‍ജവവും ജോഡികളായി ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിഴുതെറുയുന്ന ആതിഥേയ ബൗളര്‍മാരുമാണ് ഇംഗ്ലണ്ടിനെ അജയ്യശക്തികളാക്കി മാറ്റിയത്.
എന്നാല്‍ കൂട്ടുകെട്ടുകളുയര്‍ത്തുന്നതില്‍ ബാറ്റ്‌സ്മാന്മാരും ജോഡികളായി ഒത്തൊരുമയോടെ ആക്രമിക്കുന്നതില്‍ ബൗളര്‍മാരും പരാജയപ്പെട്ടതാണ് ഇന്ത്യയെ ചരിത്രത്തിലെ തന്നെ വമ്പന്‍ പരമ്പരാ തോല്‍വിയിലേക്ക് തള്ളിയിട്ടത്. സ്വാന്‍ മൂന്നും ആന്‍ഡേഴ്‌സണ്‍ രണ്ടും ബ്രോഡ് ഒന്നും വിക്കറ്റ് നേടി. ഒരു ദിവസം കൂടി ബാക്കിനില്‍ക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സ് 300 റണ്‍സിന് അവസാനിച്ചു.