ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ചെന്നൈ കാട്ടുപാക്കത്തെ വസതിയില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന മനോഹരഗാനങ്ങള്‍ ഒരുക്കിയ ജോണ്‍സന്‍ 300 ലേറെ സിനിമകള്‍ക്ക് സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചു.
മലയാള സിനിമാസംഗീത ശാഖയില്‍ ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി എഴുപതുകളിലെത്തിയ ജോണ്‍സണ്‍ ആരവം, തകര, ചാമരം (മൂന്നു സിനിമകളും സംവിധാനം ചെയ്തത് ഭരതനാണ്) എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതം ഒരുക്കിയായിരുന്നു സിനിമയിലെത്തിയത്. ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 'ഇണയെ തേടി' എന്ന ചിത്രത്തിന് വേണ്ടിയാണ്.
1994-ല്‍ പൊന്തന്‍മാടയ്ക്കും 1995-ല്‍ സുകൃതത്തിലൂടെയും പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം നേടി. പശ്ചാത്തലസംഗീതത്തിന് ദേശീയ അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയാണ്. പശ്ചാത്തല സംഗീതത്തിന് രണ്ടുതവണ ദേശീയ അവാര്‍ഡ് നേടുന്ന ഏകമലയാളിയും അദ്ദേഹമാണ്. കൂടാതെ മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും (ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999)) രണ്ടു തവണ പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും (സദയം (1992), സല്ലാപം (1996)) അദ്ദേഹത്തിന് ലഭിച്ചു.
നാലുതവണ കേരള ഫിലിം ക്രിട്ടിക്‌സ് അവര്‍ഡും നേടി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അവര്‍ഡ്, രവീന്ദ്രന്‍ മാസ്റ്റര്‍ മെമ്മോറിയില്‍ അവാര്‍ഡ്, മുല്ലശ്ശേരി രാജു മ്യൂസിക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നരുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, ഞാന്‍ ഗന്ധര്‍വന്‍, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ മനോഹരഗാനങ്ങള്‍ ഒരുക്കി.
മലയാള സിനിമയുടെ വസന്തകാലത്ത് പത്മരാജന്റെയും ഭരതന്റെയും ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് ജോണ്‍സണായിരുന്നു. ഇടക്കാലത്ത് വിട്ടുനിന്ന ജോണ്‍സന്റെ തിരിച്ചുവരവ് ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെയായിരുന്നു. പത്മരാജന്റെ തുടര്‍ച്ചയായ 17 സിനിമകള്‍ക്ക് തികച്ചും വൈവിധ്യമേറുന്ന ഈണങ്ങള്‍ ചിട്ടപ്പെടുത്തി.
1953 മാര്‍ച്ച് 26ന് തൃശൂര്‍ നെല്ലിക്കുന്നിലാണ് ജനനം. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്വയറില്‍ പാട്ടുകാരനായിരുന്നു. കോളജ് പഠനകാലത്ത് തന്നെ ഗിത്താറിലും ഹാര്‍മോണിയത്തിലും പ്രാവീണ്യം നേടി. യുവജനോത്സവങ്ങളിലും സംഗീത പരിപാടികളിലും ഗായകനായും തിളങ്ങിയകാലമായിരുന്നു യൗവനം. ഇടയ്ക്ക് ഗാനമേളകളില്‍ സ്ത്രീശബ്ദത്തിലും പാടിയിരുന്നു. അക്കാലത്ത് 10 രൂപയായിരുന്നു പ്രതിഫലം.
1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'വോയ്‌സ് ഓഫ് തൃശൂര്‍' എന്ന പേരില്‍ ക്ലബ് രൂപവല്‍ക്കരിച്ചു. ഗിത്താര്‍, ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതില്‍ ജോണ്‍സണ് പ്രത്യേക കഴിവായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് തന്നെ അറിയപ്പെടുന്ന സംഗീത ട്രൂപ്പായി വോയ്‌സ് ഓഫ് തൃശൂര്‍ മാറിയതിന് പിന്നില്‍ ജോണ്‍സന്റെ സാന്നിധ്യമായിരുന്നു. ഗായകന്‍ ജയചന്ദ്രനാണ് ജോണ്‍സണെ ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തിയത്. ഈ കണ്ടുമുട്ടലാണ് ജോണ്‍സന്റെ സംഗീതജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1974 ല്‍ ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം ചെന്നൈയിലെത്തി.
ഭരതന്റെ 'ആരവ'ത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയാണ് സ്വതന്ത്രനായത്. തകരയിലും ചാമരത്തിലും തുടര്‍ച്ച. ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകന്‍ എന്ന മേല്‍വിലാസമായി. അതും ദേവരാജന്‍ മാസ്റ്റര്‍ തന്നെയാണ് ജോണ്‍സണെ സംവിധായകന് പരിചയപ്പെടുത്തിയത്.
പ്രേമഗീതങ്ങളിലെ സ്വപ്‌നം വെറുമൊരു സ്വപ്‌നം..., നീ നിറയു ജീവനില്‍..ഉള്‍പ്പടെ നാല് ഗാനങ്ങളും സൂപ്പര്‍ഹിറ്റായി. അതോടെ ജോണ്‍സണ്‍ സംഗീത സംവിധായകന്‍ എന്ന പട്ടം ഉറപ്പിച്ചു. ഭരതനൊപ്പം പാര്‍വതി എന്ന ചിത്രം മുതല്‍ ചുരം വരെ 10 സിനിമകളില്‍ ഒന്നിച്ചു. കാറ്റത്തെ കിളിക്കൂടിലെ ഗോപികേ.. എന്ന് തുടങ്ങുന്നഗാനം ആര്‍ക്കാണ് മറക്കാനാകുക. അതുപോലെ മാളൂട്ടിയിലെ മൗനത്തിന്‍ ഇടനാഴിയില്‍...മോഹനൊപ്പം സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, സിബിമലയിലിന്റെ കൂടെ ദശരഥം, കിരീടം(കണ്ണീര്‍പീവിന്റെ...., ചെങ്കോല്‍(മധുരം ജീവാമൃത ബിന്ദു...), ശ്രീനിവാസന്റെ കൂടെ വടക്കുനോക്കിയന്ത്രവും(മായാമയൂരം പീലിവിടര്‍ത്തി....), ചിന്താവിഷ്ടയായ ശ്യാമള(ആരോടും മിണ്ടാതെ...)അങ്ങനെ എത്രയെത്ര സുന്ദരഗാനങ്ങള്‍.
കൂടെവിടെയിലെ ആടിവാ കാറ്റേ....ഈ ചിത്രത്തിലൂടെ മലയാള സിനിമയിലെ അപൂര്‍വമായ ഒരു കൂട്ടുകെട്ടും തുടങ്ങുന്നത്. പത്മരാജനും-ജോണ്‍സണും കൈകോര്‍ക്കുന്നത് കൂടെവിടെ മുതല്‍ക്കാണ്. പത്മരാജന്റെ 'ഞാന്‍ ഗന്ധര്‍വന്‍' എന്ന അവസാന ചിത്രം വരെ ആ കൂട്ടുകെട്ട് പിരിയാതെ തുടര്‍ന്നു. പത്മരാജന്‍ ചിത്രങ്ങളുടെ തികവ് ജോണ്‍സന്റെ ഈണങ്ങളിലൂടെയായിരുന്നു.
പത്മരാജന് ശേഷം അങ്ങനെയൊരു കൂട്ടുകെട്ടുണ്ടായത് സത്യന്‍ അന്തിക്കാടുമായി ചേര്‍ന്നാണ്. സത്യന്‍ അന്തിക്കാടിന്റെ 25 സിനിമകള്‍ക്ക് ഈണങ്ങള്‍ ഒരുക്കി.
