
തന്നെ അറസ്റ്റു ചെയ്താന്‍ ജയിലിലും നിരാഹാര സമരം തുടരുമെന്നും താന്‍ അറസ്റ്റിലായാല്‍ തന്റെ അനുയായികള്‍ രാജ്യത്തെ ജയിലുകള്‍ നിറയ്ക്കുമെന്നും ഹസാരെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരടില്‍ വിശ്വാസമില്ലെന്നും മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണ് താന്‍ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങി അറസ്റ്റിലായ പ്രമുഖ ഗാന്ധിയന്‍ അന്ന ഹസാരെ ജയിലില്‍ നിന്ന് പുറത്തിങ്ങാന്‍ സമ്മതിച്ചു.ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ ഉപവാസ സമരം നടത്താന്‍ അനുമതി നല്‍കണമെന്നാണ് ഹസാരെയുടെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമെ താന്‍ ജയിലിന് പുറത്തിറങ്ങു എന്നാണ് ഹസാരെയുടെ നിലപാട്.
ഹസാരെയോടൊപ്പം അറസ്റ്റിലായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍, അരവിന്ദ് കജ്രിവാള്‍, കിരണ്‍ ബേദി എന്നിവരെ വൈകുന്നേരത്തോടെ മോചിപ്പിച്ചിരുന്നു.രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹസാരെയെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
രാവിലെ അറസ്റ്റിലായ ഹസാരെയെ ഏഴു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.
സെക്ഷന്‍ 144 ലംഘിക്കില്ലെന്ന് ഉറപ്പുനല്‍കാത്തതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ഇവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ നിരാഹാരം രാവിലെ തുടങ്ങാനിരിക്കെയാണ് ഹസാരെയെ മയൂര്‍ വിഹാറിലുള്ള താമസസ്ഥലത്തെത്തി രാവിലെ 7.30 ഓടെ അറസ്റ്റ് ചെയ്തത്.
അഡ്വ.പ്രശാന്ത് ഭൂഷന്റെ വസതിയിലാണ് രണ്ട് ദിവസമായി ഹസാരെ താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്. നിരോധനാജ്ഞ ലംഘിച്ച് നിരാഹാരം നടത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അതിന് മുമ്പേ വീട്ടിലെത്തി ഹസാരെയെ അറസ്റ്റ് ചെയ്തത് അപ്രതീക്ഷ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
മയൂര്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഡല്‍ഹിയ്ക്ക് പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അറസ്റ്റിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്ലിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച മുതല്‍ ഹസാരെയും അനുയായികളും നിരാഹാരം പ്രഖ്യാപിച്ചത്.
തുടര്‍ന്നാണ് ഡല്‍ഹി ഭരണകൂടം ജെ.പി.പാര്‍ക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ മയൂര്‍വിഹാറിലെ ഫ്ലാറ്റ് പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഇത് ഗതാഗത തടസ്സം സൃഷ്ടിച്ചു.
രാജ്യത്തെ മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കിരണ്‍ ബേദി അറസ്റ്റിനിടെ പ്രതികരിച്ചു. അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം ആരംഭിച്ചതായി പ്രശാന്ത് ഭൂഷന്‍ അറിയിച്ചു. വൈകീട്ട് പ്രഗതി മൈതാനത്ത് നിന്ന് ജെ.പി.പാര്‍ക്കിലേക്ക് പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.